ഡോ. എം.എസ്.സ്വാമിനാഥൻ അന്തരിച്ചു
ചെന്നൈ ∙ ഹരിതവിപ്ലവത്തിലൂടെ ഇന്ത്യയുടെ പട്ടിണിയകറ്റിയ ലോകപ്രശസ്ത കൃഷിശാസ്ത്രജ്ഞൻ ഡോ. എം.എസ്.സ്വാമിനാഥൻ (98) അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ ഇന്നലെ രാവിലെ 11.20ന് ആയിരുന്നു അന്ത്യം. ഇന്നു രാവിലെ 8.30 മുതൽ നാളെ രാവിലെ 10 വരെ തരമണിയിലെ എം.എസ്.സ്വാമിനാഥൻ റിസർച് ഫൗണ്ടേഷനിൽ പൊതുദർശനം. ഔദ്യോഗിക ബഹുമതികളോടെ നാളെ 11നു ബസന്റ് നഗർ ശ്മശാനത്തിൽ സംസ്കാരം.
സ്വാമിനാഥൻ ഇന്ത്യൻ അഗ്രികൾചർ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (ഐഎആർഐ) ഡയറക്ടറായിരുന്ന 1966–72 കാലത്താണ് കേന്ദ്രസർക്കാർ ഹരിതവിപ്ലവം നടപ്പാക്കിയത്. മെക്സിക്കൻ ഗോതമ്പ് ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ചു മാറ്റിയ സങ്കരവിത്തുകളിലൂടെ ഉൽപാദനം പതിന്മടങ്ങാക്കിയതോടെ ലോകത്തിന്റെ കണ്ണിൽ സ്വാമിനാഥൻ അദ്ഭുത മനുഷ്യനായി.
1925 ഓഗസ്റ്റ് ഏഴിനു തമിഴ്നാട്ടിലെ കുംഭകോണത്തായിരുന്നു ജനനം. മാതാപിതാക്കൾ: ആലപ്പുഴ മങ്കൊമ്പ് കൊട്ടാരത്തുമഠം ഡോ. എം.കെ.സാംബശിവൻ, പാർവതി തങ്കമ്മാൾ. കോയമ്പത്തൂർ കാർഷിക കോളജിൽനിന്ന് (ഇന്നത്തെ തമിഴ്നാട് കാർഷിക സർവകലാശാല) സ്വർണമെഡലോടെയായിരുന്നു കൃഷിശാസ്ത്ര ബിരുദം; തുടർന്ന് ന്യൂഡൽഹി ഐഎആർഐയിൽനിന്ന് അസോഷ്യേറ്റ്ഷിപ്.
1949ൽ ഐപിഎസ് ലഭിച്ചെങ്കിലും ഉപേക്ഷിച്ച് യുനെസ്കോ ഫെലോഷിപ്പോടെ നെതർലൻഡ്സിൽ ഗവേഷണത്തിനു പോയി. തുടർന്ന് കേംബ്രിജിലെത്തി 1952ൽ ഡോക്ടറേറ്റ് നേടി. യുഎസിലെ വിസ്കോൻസെൻ സർവകലാശാലയിലും ഉപരിപഠനം നടത്തിയശേഷം 1954ൽ കട്ടക്കിലെ കേന്ദ്ര നെല്ലുഗവേഷണകേന്ദ്രത്തിൽ ചേർന്നു. പിന്നീട് ഐഎആർഐയിലെത്തി ഡയറക്ടർ വരെയായി.
വിദ്യാഭ്യാസ വിദഗ്ധയും ജെൻഡർ നീതി പ്രവർത്തകയുമായിരുന്ന ഭാര്യ മീന 2022ൽ അന്തരിച്ചു. മക്കൾ: ഡോ. സൗമ്യ സ്വാമിനാഥൻ (എം.എസ്.സ്വാമിനാഥൻ റിസർച് ഫൗണ്ടേഷൻ അധ്യക്ഷയും ലോകാരോഗ്യ സംഘടന മുൻ ചീഫ് സയന്റിസ്റ്റും), ഡോ. മധുര സ്വാമിനാഥൻ (പ്രഫസർ, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ബെംഗളുരു), പ്രഫ.നിത്യ റാവു (പ്രഫസർ ഓഫ് ജെൻഡർ, യൂണിവേഴ്സിറ്റി ഓഫ് ഇൗസ്റ്റ് ആംഗ്ലിയ, യുകെ).
മരുമക്കൾ: ഡോ. അജിത് യാദവ് (ഗ്ലെൻഈഗിൾസ് ഗ്ലോബൽ ഹോസ്പിറ്റൽ, ചെന്നൈ), ഡോ. വി.കെ.രാമചന്ദ്രൻ (കേരള ആസൂത്രണ ബോർഡ് മുൻ ഉപാധ്യക്ഷൻ), സുധീർ റാവു (ടാറ്റാ ട്രസ്റ്റ് മുൻ ഉദ്യോഗസ്ഥൻ).
‘ടൈം’ പട്ടികയിലെ 3 ഇന്ത്യക്കാരിലൊരാൾ
ൈടം വാരിക 20–ാം നൂറ്റാണ്ടിൽ ലോകത്തെ ഏറ്റവും സ്വാധീനിച്ച 20 ഏഷ്യക്കാരെ തിരഞ്ഞെടുത്തപ്പോൾ 3 ഇന്ത്യക്കാരിലൊരാൾ സ്വാമിനാഥനായിരുന്നു. ഗാന്ധിജിയും രവീന്ദ്രനാഥ ടഗോറുമായിരുന്നു മറ്റു 2 പേർ. പത്മശ്രീ (1967), പത്മഭൂഷൺ (1972), പത്മവിഭൂഷൺ (1989) ബഹുമതികൾ ലഭിച്ച അദ്ദേഹം 2007–13 കാലത്ത് രാജ്യസഭാംഗമായിരുന്നു.
‘‘ഉള്ളവർക്ക് എത്ര
കൂടുതൽ കൊടുത്തു
എന്നതിലല്ല,
മറിച്ച് ഇല്ലാത്തവർക്ക്
എത്ര കൊടുക്കാൻ
കഴിഞ്ഞു എന്നതിന്റെ
അടിസ്ഥാനത്തിലാണ്
പുരോഗതി അളക്കേണ്ടത്.’’–∙ ഡോ. എം.എസ്.സ്വാമിനാഥൻ
English Summary:Dr M.S. Swaminathan Passes Away
Source link