കൃഷിയുടെ കാരണവർ
∙ഐശ്വര്യം കളിയാടുന്ന ശാന്തസുന്ദരമായ മുഖം. സൗമ്യമായ പെരുമാറ്റം. വസ്ത്രത്തിലും ആഹാരത്തിലുമെല്ലാം ലാളിത്യം ഇഷ്ടപ്പെട്ടിരുന്ന മിതഭാഷി. മനോരമയുടെ കർഷകശ്രീ പുരസ്കാര നിർണയ സമിതിയുടെ അധ്യക്ഷനെന്ന നിലയിൽ എം.എസ്.സ്വാമിനാഥനെ ആദ്യമായി കണ്ടത് 1992 ൽ ചെന്നൈയിൽവച്ചായിരുന്നു. പക്ഷേ ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലുള്ള അപൂർവമായ അടുപ്പം തലമുറകൾക്കു മുൻപേ തുടങ്ങിയതാണ്. മലയാള മനോരമയുടെ മുൻ പത്രാധിപരും എന്റെ മുത്തച്ഛനുമായ കെ.സി. മാമ്മൻമാപ്പിളയുടെ കാർഷികജീവിതത്തിനു വിത്തായത് സ്വാമിനാഥന്റെ മങ്കൊമ്പ് കൊട്ടാരം മഠം കുടുംബമായിരുന്നു. കുപ്പപ്പുറത്തെ പാടത്തു വിതയ്ക്കാനായി നല്ല വിളവു തരുന്ന വിത്തന്വേഷിച്ച കെ.സി.മാമ്മൻമാപ്പിളയ്ക്ക് മങ്കൊമ്പിലെ സ്വാമിയാണ് അത്തരം മികച്ച വിത്തുകൾ എത്തിച്ചുകൊടുത്തിരുന്നത്.
എം.എസ്.സ്വാമിനാഥന്റെ ബന്ധുവായിരുന്നു മങ്കൊമ്പിൽ സ്വാമി. 1920കളിലെ ഒരു വിളവെടുപ്പുകാലത്ത് മുത്തച്ഛൻ ഒരു കറാച്ചി പശുവിന്റെ കിടാവിനെ മങ്കൊമ്പിൽ സ്വാമിക്കു സമ്മാനമായി വളളത്തിൽ കൊടുത്തുവിടാൻ ഏൽപിച്ചത് അന്നു 10 വയസ്സുള്ള എന്റെ പിതൃസഹോദരൻ കെ.എം.ഫിലിപ്പിനെയായിരുന്നു. ഒപ്പം ഒരു കുടയും നൽകി. വിശിഷ്ട സമ്മാനമായ പശുക്കിടാവിനെ വെയിലുകൊള്ളാതെ കാക്കാനായിരുന്നു അത്. കുപ്പപ്പുറം മുതൽ മങ്കൊമ്പു വരെ ഏതാനും മണിക്കൂറുകൾ നീണ്ട യാത്രയിൽ ബാലനായ അദ്ദേഹം പശുക്കിടാവിനെ കുട ചൂടിച്ച് ഒപ്പം നിന്നു. രസകരമായ ഈ കഥ പറഞ്ഞ് ഡോ. സ്വാമിനാഥനും ഞാനും ചിരിച്ചിട്ടുണ്ട്.
ഉദാത്ത ലക്ഷ്യങ്ങൾ
ഹരിത വിപ്ലവത്തിന്റെ പിതാവായ ഡോ. സ്വാമിനാഥനും ധവളവിപ്ലവത്തിന്റെ പിതാവായ ഡോ. വർഗീസ് കുര്യനും ഉൾപ്പെട്ട പുരസ്കാര നിർണയ സമിതി യോഗങ്ങൾ ചെന്നൈയിൽ വച്ചായിരുന്നു. കാർഷികമേഖലയിൽ വലിയ അറിവും അനുഭവസമ്പത്തുമുള്ള ഡോ. സ്വാമിനാഥനെ സമിതി അധ്യക്ഷനാക്കി.
കർഷക സമൂഹത്തെ ആദരിക്കുകയും സമൂഹത്തിൽ അവരുടെ പദവി ഉയർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 1992ൽ ആണു മലയാള മനോരമയുടെ അന്നത്തെ പത്രാധിപർ കെ.എം.മാത്യു മുൻകയ്യെടുത്ത് കർഷകശ്രീ പുരസ്കാരം തുടങ്ങിയത്. 1992 മുതൽ, വിധിനിർണയത്തിന്റെ ഭാഗമാകാൻ ആരോഗ്യം അനുവദിച്ച 2020 വരെ ഡോ. സ്വാമിനാഥനായിരുന്നു സമിതി അധ്യക്ഷൻ. 1992 മുതൽ 2008 വരെയായിരുന്നു ഡോ. വർഗീസ് കുര്യൻ അംഗമായിരുന്നത്. പുരസ്കാര നിർണയത്തിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിലും ഏറ്റവും അർഹമായ കൈകളിൽതന്നെ പുരസ്കാരം എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിലും ഡോ. സ്വാമിനാഥൻ നിർണായക പങ്കാണു വഹിച്ചത്. കൃഷിയിൽനിന്നു വരുമാനമുണ്ടാക്കുന്നതിനൊപ്പം കർഷകന്റെ സാമൂഹിക പ്രതിബന്ധതയ്ക്കും അദ്ദേഹം പ്രത്യേക പരിഗണന നൽകി.
കൃഷി കുടുംബകാര്യം
കുടുംബപങ്കാളിത്തത്തിന്റെ പ്രാധാന്യം വ്യക്തമാക്കിയതും അദ്ദേഹമാണ്. 2008ൽ മലപ്പുറം വെട്ടത്തെ സി.എം.മുഹമ്മദിനെ പുരസ്കാരജേതാവായി തിരഞ്ഞെടുത്തപ്പോൾ, അദ്ദേഹത്തിന്റെ ഭാര്യ ഷക്കീല മുഹമ്മദിനു കൂടി പുരസ്കാരം പങ്കുവയ്ക്കണമെന്ന് ഡോ. സ്വാമിനാഥൻ നിർദേശിച്ചു. കാർഷികോൽപന്നങ്ങളുടെ മൂല്യവർധനയിലൂടെ അവർ ഭർത്താവിന്റെ സംരംഭത്തിനു പിന്തുണ നൽകുന്നതു കണക്കിലെടുത്തായിരുന്നു ഇത്. അസൗകര്യങ്ങളും തിരക്കുകളും മാറ്റിവച്ച് പത്തനംതിട്ടയിലെ ചടങ്ങിൽ മുഖ്യാതിഥിയായെത്തി. ചടങ്ങിനെത്തുന്ന കർഷകരെ കണ്ടു വിശദമായി സംസാരിക്കുന്നതും അദ്ദേഹത്തിന്റെ പതിവായിരുന്നു. പുരസ്കാരം എന്തുകൊണ്ടു നൽകുന്നു എന്നതിന്റെ വിശദീകരണമായി 2 പേജ് നീളുന്ന മനോഹരമായ കുറിപ്പും സ്കോർ ബോർഡും ഉണ്ടാകും. എന്നിരിക്കിലും എല്ലാ അംഗങ്ങളുടെയും അഭിപ്രായം മാനിച്ചു മാത്രമായിരുന്നു അന്തിമതീരുമാനം.
അസൗകര്യം പറയാതെ
2018 ലെ പുരസ്കാര നിർണയത്തിനു സമിതിയുടെ യോഗം നിശ്ചയിച്ചപ്പോൾ അദ്ദേഹം കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ചികിത്സയിലായിരുന്നെങ്കിലും അസൗകര്യം പറഞ്ഞില്ല. യോഗം അവിടെ ചേർന്നു. 2020ൽ ആരോഗ്യം അത്ര മെച്ചമല്ലാതിരുന്നിട്ടും അദ്ദേഹം സമിതി അധ്യക്ഷനായി തുടർന്നു. അക്കൊല്ലം എം.എസ്.സ്വാമിനാഥൻ ഫൗണ്ടേഷന്റെ ചെന്നൈ ആസ്ഥാനത്തുവച്ചായിരുന്നു യോഗം.
കർഷകശ്രീ പുരസ്കാരവും എം.എസ്.സ്വാമിനാഥനുമായുള്ള അഭേദ്യബന്ധത്തിനു തുടർച്ച നൽകാനായി അദ്ദേഹത്തിന്റെ മകൾ ഡോ. മധുര സ്വാമിനാഥനെ അടുത്ത പുരസ്കാരനിർണയ സമിതിയിലേക്കു ക്ഷണിച്ച് കത്തെഴുതിയിട്ട് ഒരാഴ്ചയേ ആയുള്ളൂ. ബെംഗളൂരുവിലെ പ്രമുഖ ധനതത്വശാസ്ത്ര അധ്യാപികയും കാർഷിക പഠന ഫൗണ്ടേഷന്റെ അധ്യക്ഷയുമാണു ഡോ. മധുര.
വിശപ്പകറ്റുന്ന ദർശനം
2000 കോടി രൂപയോളം വരുന്ന കുട്ടനാടു വികസന പദ്ധതി നടപ്പാക്കുന്നതിൽ കേരളത്തിലെ അധികാര വർഗത്തിനു വേണ്ടത്ര താൽപര്യം പോരെന്ന് അദ്ദേഹം പലവട്ടം സങ്കടപ്പെട്ടിട്ടുണ്ട്.
ഡോ. സ്വാമിനാഥന്റെ ജീവിതദർശനത്തെപ്പറ്റി ഞാൻ അദ്ദേഹത്തോടു ചോദിച്ചിട്ടുണ്ട്. ഇന്ത്യയിലെയും ലോകത്തെയും വിശപ്പു നിർമാർജനം ചെയ്യുകയാണു തന്റെ ലക്ഷ്യമെന്നാണ് അദ്ദേഹം പറഞ്ഞത്. പരിസ്ഥിതിക്കു യോജിച്ചതും അത്യുൽപാദന ശേഷിയുള്ളതുമായ വിത്തിനങ്ങൾ എല്ലാ കർഷകരിലേക്കും എത്തിക്കുന്നതിനും കൃഷിയിലേക്ക് യുവാക്കളെ ആകർഷിക്കാൻ സാഹചര്യം സൃഷ്ടിക്കുന്നതിനും അദ്ദേഹം മുൻഗണന നൽകി. എല്ലാ വിധത്തിലും നിത്യഹരിത വിപ്ലവമായിരുന്നു ഡോ. സ്വാമിനാഥൻ.
English Summary: Rememberig Dr. M.S Swaminathan
Source link