‘കോവിഡിനു പരിഹാരം, സർക്കാരിനു ചെയ്യാൻ സാധ്യമായ കാര്യങ്ങൾ മാത്രം മതി’; അതിശയിപ്പിച്ച ഉമ്മൻചാണ്ടിയുടെ വാക്കുകൾ: ഡോ.എസ്.എസ്.ലാൽ
പതിനഞ്ച് മണിക്കൂർ നീളമുള്ള ഒരു വിമാന യാത്രയിലാണ്. യാത്രയുടെ രണ്ടര മണിക്കൂർ മിച്ചമുള്ളപ്പോൾ ഉറക്കമുണർന്ന് നെറ്റ് കണക്ഷനെടുത്തപ്പോഴാണ് ഒസിയുടെ വിയോഗ വാർത്ത കണ്ടത്. ഒരാളോട് ഒന്ന് സംസാരിച്ച് വേദന പങ്കിടാൻ പോലും അവസരമില്ല.
പതിനഞ്ച് മണിക്കൂർ നീളമുള്ള ഒരു വിമാന യാത്രയിലാണ്. യാത്രയുടെ രണ്ടര മണിക്കൂർ മിച്ചമുള്ളപ്പോൾ ഉറക്കമുണർന്ന് നെറ്റ് കണക്ഷനെടുത്തപ്പോഴാണ് ഒസിയുടെ വിയോഗ വാർത്ത കണ്ടത്. ഒരാളോട് ഒന്ന് സംസാരിച്ച് വേദന പങ്കിടാൻ പോലും അവസരമില്ല.
കോളജിൽ പഠിക്കുന്ന കാലം മുതലുള്ള അടുപ്പമാണ്. രാഷ്ടീയത്തിൽ ഗുരുസ്ഥാനമായിരുന്നു അദ്ദേഹത്തിന്. പ്രവാസ ജീവിതത്തിന് മുമ്പ് കുറേ നാൾ ഞാൻ കുടുംബ ഡോക്ടറയായിരുന്നു. പ്രവാസകാലത്തും ഒരു ഫോൺ കോളിന്റെ അകലത്തിൽ മാത്രം.
വൃക്തികളുടെയോ പ്രസ്ഥാനങ്ങളുടെയോ പ്രശ്നങ്ങളുമായി ചെന്നാൽ എത്ര പെട്ടെന്നാണ് അദ്ദേഹം വിഷയം മനസിലാക്കുന്നതും നടപടിയെടുക്കുന്നതും. എന്റെ അച്ഛനുൾപ്പെടെ നിരവധി ഉദ്യോഗസ്ഥർ പറയുന്നത് കേട്ടിട്ടുണ്ട്. “മനുഷ്യരുടെ പ്രശ്നങ്ങൾ എഴുതി ഉമ്മൻ ചാണ്ടിയുടെ കൈയിൽ ഒരു കടലാസ് കൊടുത്താൽ അത് വായിച്ചിരിക്കും, അതിൽ നടപടിക്കായി എഴുതുന്ന വരികൾ കൃത്യമായിരിക്കും. ആർക്കും മനസിലാകും. നടപടിയുണ്ടാകും.” എന്റെയും അനുഭവം അതായിരുന്നു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലായിരുന്നു അദ്ദേഹത്തോടൊപ്പം അവസാനമായി കൂടുതൽ സമയം ചെലവഴിച്ചത്. എല്ലാ ദിവസവും അവസാനം പ്രവർത്തനം നിർത്തിയ കോൺഗ്രസുകാരൻ ഉമ്മൻ ചാണ്ടിയായിരുന്നു. പ്രായവും രോഗവും മറന്നുള്ള ആ പ്രവർത്തനം കണ്ടപ്പോൾ നമ്മളൊക്കെ സംഘടനയ്ക്ക് വേണ്ടി ഇനിയുമെത്ര ചെയ്യാനുണ്ടെന്ന തിരിച്ചറിവാണ് ഞാനുൾപ്പെടെ പലർക്കുമുണ്ടായത്.
ആരോഗ്യരംഗത്തെ വിഷയങ്ങൾ മനസിലാക്കാൻ മിക്കപ്പോഴും നേരിട്ട് വിളിക്കും. അങ്ങനെയും അദ്ദേഹത്തെപ്പറ്റി എനിക്കറിയാവുന്ന ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. എല്ലാം എഴുതണം. ഒരു കാര്യം മാത്രം ഇന്നെഴുതാം.
കേരളത്തിൽ കോവിഡ് തുടങ്ങിയ കാലം. ഞാനന്ന് അമേരിക്കയിലാണ്. ഒസി ആദ്യമായി പ്രതികരിക്കുന്നതിന് മുമ്പ് ഫോണിൽ എന്നെ വിളിച്ചു. നീണ്ടുനിന്ന സംഭാഷണം. കോവിഡിനെപ്പറ്റി ഞാനുൾപ്പെടെ ആരോഗ്യ രംഗത്ത് നിൽക്കുന്ന എല്ലാവർക്കും പരിമിതമായ അറിവ് മാത്രമുള്ള സമയം. എങ്കിലും ഓരോ കാര്യത്തിന്റെയും വിശദാംശങ്ങൾ അദ്ദേഹം ചോദിച്ചു. പ്രശ്നങ്ങളേക്കാൾ പരിഹാര മാർഗങ്ങൾ എന്തൊക്കെയാണ് എന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. സർക്കാരിന് നിർദ്ദേശമായി കൊടുക്കാൻ. ഞാൻ പരിഹാരങ്ങൾ പറയാൻ തുടങ്ങുന്നതിന് മുമ്പ് അദ്ദേഹം പറഞ്ഞ ഒരു വരി എന്നിൽ അദ്ദേഹത്തെക്കുറിച്ച് വീണ്ടും വലിയ മതിപ്പുണ്ടാക്കി. പ്രതിപക്ഷത്തിരിക്കുമ്പോൾ രാഷ്ടീയക്കാർ സാധാരണ പറയാത്ത ഒരു വരി. “ലാൽ, ലോകാരോഗ്യ സംഘടനയ്ക്കൊകെ ഒരുപാട് പരിഹാരങ്ങൾ നിർദ്ദേശിക്കാനുണ്ടാകും. എന്നാൽ സംസ്ഥാന സർക്കാരിനെക്കൊണ്ട് ചെയ്യാൻ സാധ്യമായ കാര്യങ്ങൾ മാത്രം നമ്മൾ നിർദ്ദേശിച്ചാൽ മതി.” രാഷ്ട്രീയത്തിൽ എത്ര പേർക്ക് അങ്ങനെ ചിന്തിക്കാൻ കഴിയും?
ഞാൻ കാര്യങ്ങൾ പറയുമ്പോൾ അദ്ദേഹം നോട്ട് കുറിക്കുന്നണ്ടായിരുന്നു. തയാറാക്കിയ കുറിപ്പ് എനിക്ക് അയച്ചു തന്ന് തെറ്റുകൾ ഇല്ലെന്ന് ഉറപ്പാക്കുകയും ചെയ്തു. അതാണ് കൃത്യത.
മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹം കാര്യങ്ങൾ കൃത്യമായി പഠിച്ച് നടപടിയെടുത്ത വിഷയങ്ങൾ പലരും വിശദമായി എഴുതിക്കാണുന്നു. മുഖ്യന്ത്രിയായിരുന്നപ്പോൾ മാത്രമല്ല ആ കൃത്യത. പ്രതിപക്ഷത്തിരിക്കുമ്പോഴും അങ്ങനെ തന്നെയായിരുന്നു.
മലയാളിയുടെ മനസിൽ മഹാനായ ഉമ്മൻ ചാണ്ടിക്ക് മരണമില്ല. കുടുംബത്തിന്റെയും പാർട്ടിയുടെയും കേരളത്തിലെ എല്ലാ നല്ല സഹോദരങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
Content Summary: Dr.S.S.Lal about Oommen Chandy
Source link