മുൻ ഫുട്ബോളർ തുളസിദാസ് അന്തരിച്ചു
കോൽക്കത്ത: 1962 ഏഷ്യൻ ഗെയിംസ് സ്വർണ ജേതാവായ ഇന്ത്യൻ മുൻ ഫുട്ബോളർ തുളസിദാസ് ബെലറാം (87) അന്തരിച്ചു. ഡിസംബർ മുതൽ മൂത്രാശയ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ത്യൻ ഫുട്ബോളിന്റെ സുവർണ കാലഘട്ടമായ 1950 കളിലെയും 60കളിലെയും പ്രതിനിധിയാണ് തുളസിദാസ്. ചുനി ഗോസ്വാമി, പി.കെ. ബാനർജി എന്നിവർക്കൊപ്പം തുളസിദാസിനെയും ചേർത്ത് “ഹോളി ട്രിനിറ്റി’’ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. 1960 റോം ഒളിന്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ നിർണായക സാന്നിധ്യമായിരുന്നു. ഇന്ത്യക്കായി 27 മത്സരങ്ങളിൽ 10 ഗോൾ സ്വന്തമാക്കി.
ഒളിന്പിക്സ് ഗോൾ ഒളിന്പിക്സിൽ ഇന്ത്യക്കായി ഗോൾ നേടിയ അവസാന കളിക്കാരനാണ് തുളസീദാസ്. 1960 റോം ഒളിന്പിക്സിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ പെറുവിനെതിരേയായിരുന്നു ആ ഗോൾ. 1960ൽ ആണ് ഇന്ത്യ അവസാനമായി ഒളിന്പിക് ഫുട്ബോളിൽ പങ്കെടുത്തത്. ഹംഗറി, ഫ്രാൻസ്, പെറു എന്നീ ടീമുകൾക്കൊപ്പം ഡെത്ത് ഗ്രൂപ്പ് എന്ന് വിശേഷിപ്പിക്കപ്പെട്ട ഡിയിൽ ആയിരുന്നു ഇന്ത്യ. ഹംഗറിക്കെതിരേയും (1-2) പെറുവിനെതിരേയും (1-3) ഇന്ത്യ പരാജയപ്പെട്ടെങ്കിലും തുളസിദാസ് രണ്ട് മത്സരങ്ങളിലും ഗോൾ നേടി.
Source link