ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിനരികെ, ചെന്നൈയിനെ 2-1 ന് പരാജയപ്പെടുത്തി
കൊച്ചി: പ്ലേഓഫ് സാധ്യതകള്‍ സജീവമാക്കി കേരള ബ്ലാസ്റ്റേേഴ്സിന്റെ തകര്‍പ്പന്‍ ജയം. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിൽ ഇന്നലെ നടന്ന മത്സരത്തില്‍ ചെന്നൈയിന് എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബ്ലാസ്റ്റേേഴ്സ് പ്ലേ ഓഫിലേക്ക് ഒരുപടികൂടി അടുത്തത്. ഒരു ഗോളിനു പിന്നില്‍നിന്ന ശേഷം രണ്ടു ഗോളുകള്‍ തിരിച്ചടിച്ചാണ് ബ്ലാസ്റ്റേഴ്സ് വിജയം പിടിച്ചെടുത്തത്. ബ്ലാസ്റ്റേഴ്സിനായി അഡ്രിയാന്‍ ലൂണ (38’), കെ.പി.രാഹുല്‍ (63’) എന്നിവർ ഗോള്‍ അടിച്ചപ്പോള്‍ രണ്ടാം മിനിറ്റില്‍ അബ്ദേനസര് എല്‍ ഖയാതിയാണ് ചെന്നൈയുടെ ഗോള്‍ നേടിയത്. കഴിഞ്ഞ കളിയില്‍ നിന്നു ചില മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് നിര്‍ണായക പോരിനിറങ്ങിയത്. അസുഖം മൂലം കഴിഞ്ഞ ചില മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്ന ഗോളി പ്രഭ്സുഖാന്‍ ഗില്ലും ഇവാന് കലിയൂഷ്നിയും ആദ്യ ഇലവനിലേക്കു മടങ്ങിയെത്തി. പനി ബാധിച്ച മുന്നേറ്റനിരതാരം ജിയാനുവിന് ഇന്നലെ അവസരം കിട്ടിയതുമില്ല.
മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് ചെന്നൈയിന് എഫ്സി ലീഡെടുത്തു. സൂപ്പര്‍ താരം അബ്ജെനാസര് എല്‍ ഖയാതിയാണ് വല കുലുക്കിയത്. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ താരം വിക്ടര്‍ മോംഗിലിന്റെ പിഴവ് മുതലെടുത്താണ് ഖയാതി ഗോളടിച്ചത്. 11-ാം മിനിട്ടിലാണ് ബ്ലാസ്റ്റേഴ്സ് ചെന്നൈയിന് പോസ്റ്റിലേക്ക് ആദ്യ പന്ത് പായിച്ചത്. കെ.പി. രാഹുലിന്റെ മികച്ച ഷോട്ടായിരുന്നെങ്കിലും ക്രോസ്ബാറില്‍ ഉരസി പന്ത് വെളിയിലേക്കു പറന്നു. 38-ാം മിനിട്ടില്‍ ചെന്നൈ പ്രതിരോധത്തെ മറികടന്ന് അഡ്രിയാന്‍ ലൂണ ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടി. അബ്ദുള്‍ സഹലിന്റെ ശ്രമത്തില്‍ നഷ്ടപ്പെട്ട പന്ത് ലൂണയുടെ കാലില്‍. ലൂണയുടെ അളന്നുമുറിച്ച ഷോട്ട് എതിരാളികളുടെ വല കുലുക്കി. 63-ാം മിനിറ്റില്‍ കെ.പി. രാഹുലിലൂടെ ലീഡ് പിടിച്ചു. നിഷുകുമാര്‍ നല്കിയ ത്രോ സ്വീകരിച്ച ലൂണ ബോക്സിലേക്കു നീട്ടി നല്കിയ അളന്നുമുറിച്ച ക്രോസില്‍ രാഹുലിന്റെ മനോഹരമായ ഫിനിഷിംഗ്.
Source link