ഗ്രാൻസ്ലാം വേദിയിൽനിന്ന് സാനിയ മിർസ പടിയിറങ്ങി
മെൽബണ്‍: തുടക്കം ഓസ്ട്രേലിയൻ ഓപ്പണിൽ, അവസാനിപ്പിച്ചതും ഓസ്ട്രേലിയൻ ഓപ്പണിൽത്തന്നെ… രണ്ട് പതിറ്റാണ്ട് നീണ്ട ടെന്നീസ് കരിയറിലെ ഗ്രാൻസ്ലാം വേദിയിൽനിന്ന് ഇന്ത്യൻ ഇതിഹാസം സാനിയ മിർസ പടിയിറങ്ങി. ടെന്നീസ് ലോകവും ഇന്ത്യയുടെ സാനിയയ്ക്ക് ഗ്രാൻഡായി സലാം പറഞ്ഞു. 2023 ഓസ്ട്രേലിയൻ ഓപ്പണ്‍ മിക്സഡ് ഡബിൾസ് ഫൈനലിൽ എത്തിയാണ് സാനിയ മിർസ ഗ്രാൻസ്ലാം വേദിയോട് രാജകീയമായി വിടപറഞ്ഞത്, അതും 36-ാം വയസിൽ. അടുത്ത മാസം നടക്കുന്ന ദുബായ് ഓപ്പണിൽ കളിച്ച്, ടെന്നീസ് കരിയറിനുതന്നെ സാനിയ വിരാമമിടും. ഇക്കാര്യം നേരത്തേ സാനിയ മിർസ അറിയിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ ഓപ്പണ്‍ ഡബിൾസ് ഫൈനലിൽ ഇന്ത്യയുടെ സാനിയ മിർസ-രോഹൻ ബൊപ്പണ്ണ സഖ്യം പൊരുതി കീഴടങ്ങുകയായിരുന്നു. ബ്രസീലിന്റെ ലൂയിസ സ്റ്റെഫാനി-റാഫേൽ മാറ്റോസ് കൂട്ടുകെട്ട് 7-6 (7-2), 6-2ന് ആയിരുന്നു സാനിയ-ബൊപ്പണ്ണ സഖ്യത്തെ ഫൈനലിൽ തോൽപ്പിച്ചത്. അച്ഛന്റെ ശിക്ഷണത്തിൽ ആറാം വയസിൽ ടെന്നീസ് റാക്കറ്റ് കൈയിലേന്തിയ സാനിയ മിർസ, 13-ാം വയസിൽ പ്രഫഷണൽ അരങ്ങേറ്റം നടത്തി. 2002ൽ സ്വന്തം നഗരമായ ഹൈദരാബാദിൽ അരങ്ങേറിയ ദേശീയ ഗെയിംസ് ടെന്നീസിൽ വനിതാ വിഭാഗം സ്വർണം നേടി, 16-ാം വയസിൽ ഇന്ത്യയിലെ മുൻനിര താരമായി. 2003 വിംബിൾഡണ്‍ പെണ്‍കുട്ടികളുടെ ഡബിൾസ് കിരീടം നേടി രാജ്യാന്തര വേദിയിൽ തന്റെ വരവറിയിച്ച സാനിയ, 2003 യുഎസ് ഓപ്പണ്‍ ഗേൾസ് ഫൈനലിലും പ്രവേശിച്ചു. 2005 ഓസ്ട്രേലിയൻ ഓപ്പണിലൂടെ ഗ്രാൻസ്ലാം വേദിയിൽ അരങ്ങേറി. അന്ന് മൂന്നാം റൗണ്ടിൽ സെറീന വില്യംസിനു മുന്നിൽ പരാജയപ്പെട്ട് പുറത്തായെങ്കിലും 2005 ടെന്നീസ് സീസണിൽ ഡബ്ല്യുടിഎ നവാഗത താരത്തിനുള്ള പുരസ്കാരം സാനിയയ്ക്കായിരുന്നു.
ഒഎ ലൗ സീസണിലെ ആദ്യ ഗ്രാൻസ്ലാം ആയ ഓസ്ട്രേലിയൻ ഓപ്പണ്‍ (ഒഎ) വേദിയോട് സാനിയ മിർസയ്ക്ക് പ്രത്യേക പ്രേമമുണ്ട്. കാരണം, ഓസ്ട്രേലിയൻ ഓപ്പണ്‍ ആണ് സാനിയയുടെ കരിയറിൽ ഏറ്റവും ഭാഗ്യവും അംഗീകരവും നൽകിയ ഗ്രാൻസ്ലാം വേദി. 2005 ഓസ്ട്രേലിയൻ ഓപ്പണിലൂടെ ഗ്രാൻസ്ലാം അരങ്ങേറ്റം നടത്തിയ സാനിയ, 2023 ഓസ്ട്രേലിയൻ ഓപ്പണ്‍ മിക്സഡ് ഡബിൾസിലൂടെ ഗ്രാൻസ്ലാം വേദിയോട് വിടപറഞ്ഞു. സാനിയ മിർസ അവസാനമായി നേടിയ ഗ്രാൻസ്ലാം (2016 വനിതാ ഡബിൾസ്) കിരീടവും ഓസ്ട്രേലിയൻ ഓപ്പണ്‍ ആണ്. ഓസ്ട്രേലിയൻ ഓപ്പണിൽ വനിതാ ഡബിൾസ്, മിക്സഡ് ഡബിൾസ് പോരാട്ടങ്ങളിലായി ആറ് തവണ സാനിയ മിർസ ഫൈനലിൽ കളിച്ചു. കരിയറിൽ ആറ് ഗ്രാൻസ്ലാം നേടിയ സാനിയയുടെ 12-ാം ഗ്രാൻസ്ലാം ഫൈനൽ ആയിരുന്നു ഇത്തവണ അരങ്ങേറിയത്. മിക്സഡ് ഡബിൾസിലും വനിതാ ഡബിൾസിലും മൂന്ന് വീതം ഗ്രാൻസ്ലാം ആണ് സാനിയ സ്വന്തമാക്കിയത്. 22 വർഷത്തെ കൂട്ടുകെട്ട്… ‘രോഹൻ (ബൊപ്പണ്ണ) ആയിരുന്നു എന്റെ ഏറ്റവും ആദ്യത്തെ മിക്സഡ് ഡബിൾസ് പാർട്ണർ. അന്ന് എനിക്ക് 14ഉം രോഹന് 20ഉം വയസ് ആയിരുന്നു. ഇപ്പോൾ എനിക്ക് 36ഉം അവന് 42ഉം, ഇപ്പോഴും ഞങ്ങൾ ഒന്നിച്ച് കളിച്ചു. ഞങ്ങൾ തമ്മിൽ ഗാഢമായ ആത്മബന്ധമുണ്ട് ’- ഓസ്ട്രേലിയൻ ഓപ്പണ്‍ ഫൈനലിൽ പ്രവേശിച്ചതിനു ശേഷം സാനിയ മിർസ പറഞ്ഞതാണിത്. 22 വർഷം മുന്‍പത്തെ കൂട്ടുകെട്ട് പൊടിതട്ടിയെടുത്താണ് സാനിയ ഗ്രാൻസ്ലാം വേദിയോട് വിടപറഞ്ഞത്. സാനിയ-ബൊപ്പണ്ണ സഖ്യത്തിന്റെ ആദ്യ ഗ്രാൻസ്ലാം ഫൈനലായിരുന്നു.
Source link