Site icon onlinekeralanews.com

വധശ്രമക്കേസ്: പ്രതിക്ക് തടവും പിഴയും ശിക്ഷ

കൊല്ലം: കൂർത്ത കമ്പികൊണ്ട് നെഞ്ചിൽ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയ്ക്ക് തടവും പിഴയും ശിക്ഷ. കൊട്ടാരക്കര മൈലം പള്ളിക്കൽ മുട്ടമ്പലം ഓംകാർ ഭവനത്തിൽ ആർ.സഞ്ജയ് കുമാർ പിള്ള(39)യെയാണ് കൊട്ടാരക്കര അസി.സെഷൻസ് ജഡ്ജ് എ.ഷാനവാസ് ശിക്ഷിച്ചത്. ഒരു വർഷം തടവും 30,000 രൂപ പിഴയുമാണ് ശിക്ഷ. 2021 മാർച്ച് 8ന് രാത്രി 9.45ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. പള്ളിക്കൽ മുട്ടമ്പലം ഷൈലജ മന്ദിരത്തിൽ ബോസ് ലാൽ(42)നെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. മുട്ടമ്പലം ജംഗ്ഷനിൽ നിന്നും പുലമൺ തോട്ടിലേക്ക് പോകുന്ന റോഡിൽ വച്ചായിരുന്നു ആക്രമണം. സഹോദരൻ ബിജുലാലിനെയും ആക്രമിച്ചു. കൊട്ടാരക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 10 സാക്ഷികളെ വിസ്തരിച്ചു, 9 രേഖകൾ തെളിവായി മാർക്ക് ചെയ്തു. 323, 324 വകുപ്പുകൾ പ്രകാരമാണ് തടവും പിഴയും വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി അഡ്വ.വെളിയം കെ.ഷാജി കോടതിയിൽ ഹാജരായി.


Source link
Exit mobile version