Site icon onlinekeralanews.com

യുക്രെയിൻ – റഷ്യ യുദ്ധത്തിന് 4 വയസ്

കീവ്: യുക്രെയിനിലെ റഷ്യൻ അധിനിവേശം ആരംഭിച്ചിട്ട് ഇന്നേക്ക് 4 വർഷം തികയുന്നു. യുദ്ധം അവസാനിപ്പിക്കാൻ യു.എസിന്റെ മദ്ധ്യസ്ഥതയിൽ കഴിഞ്ഞയാഴ്ച നടന്ന മൂന്നാം റൗണ്ട് സമാധാന ചർച്ചയും കാര്യമായ പുരോഗതിയില്ലാതെ പിരിയുകയായിരുന്നു.

യുക്രെയിനിൽ റഷ്യൻ വ്യോമാക്രമണം ശക്തമായി തുടരുന്നു. യുക്രെയിനും റഷ്യയിലെ ഊർജ്ജ, സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണങ്ങൾ തുടരുന്നു. യുക്രെയിനിലെ 20 ശതമാനം പ്രദേശം നിലവിൽ റഷ്യൻ നിയന്ത്രണത്തിലാണ്. ഇത് വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് റഷ്യ.

യുക്രെയിനാകട്ടെ, സ്വന്തം ഭൂമി വിട്ടുകൊടുക്കാനും ഒരുക്കല്ല. വിട്ടുവീഴ്ചയ്ക്ക് യുക്രെയിൻ തയ്യാറാകണമെന്ന യു.എസ് നിലപാടിൽ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ മൂന്നാം ലോക മഹായുദ്ധത്തിന് തുടക്കമിട്ടെന്നും അദ്ദേഹം ആരോപിച്ചു.


# ലക്ഷക്കണക്കിന് മരണം


 സംഘർഷം തുടങ്ങിയത് – 2022 ഫെബ്രുവരി 24

 ആക്രമണത്തെ റഷ്യ വിശേഷിപ്പിക്കുന്നത് ഡോൺബാസിലെ (കിഴക്കൻ യുക്രെയിൻ) ജനങ്ങളുടെ സുരക്ഷയ്ക്കായുള്ള ‘പ്രത്യേക സൈനിക നടപടി” എന്ന്. ഡോൺബാസിൽ 2014 മുതൽ റഷ്യൻ വിമതരും യുക്രെയിൻ സൈന്യവും ഏറ്റുമുട്ടൽ തുടരുന്നു

 നാറ്റോയുടെ ഭാഗമാകാനുള്ള യുക്രെയിന്റെ നീക്കവും പാശ്ചാത്യ അനുകൂല നിലപാടുകളും റഷ്യയെ പ്രകോപിപ്പിച്ചു

 ഇതുവരെ 55,000 സൈനികർ കൊല്ലപ്പെട്ടെന്നാണ് യുക്രെയിന്റെ കണക്ക്. എന്നാൽ യുക്രെയിനിൽ ഒന്നര ലക്ഷത്തോളവും റഷ്യയിൽ മൂന്ന് ലക്ഷത്തിലേറെയും സൈനികർ കൊല്ലപ്പെട്ടിരിക്കാമെന്നാണ് റിപ്പോർട്ട്. റഷ്യ ഔദ്യോഗിക കണക്ക് പുറത്തുവിട്ടിട്ടില്ല

 ഏകദേശം 15,000 സാധാരണക്കാർ യുക്രെയിനിൽ കൊല്ലപ്പെട്ടിരിക്കാമെന്ന് കരുതുന്നു


Source link
Exit mobile version