Site icon onlinekeralanews.com

സ്പോർട്സ് കൗൺസിലിൽ അവാർഡ് തർക്കം ” സാജൻ പ്രകാശിന് ഇനി ജി.വി രാജ അവാർഡ് വേണ്ട”

തിരുവനന്തപുരം : സംസ്ഥാന സ്പോർട്സ് കൗൺസിൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ജി.വി രാജ കായിക പുരസ്കാരങ്ങളെച്ചൊല്ലിയുള്ള വിവാദം അവസാനിക്കുന്നില്ല. അന്താരാഷ്ട്ര നീന്തൽ താരം സാജൻ പ്രകാശിനായി 2016 മുതൽ 2022വരെ നിരന്തരം സ്പോർട്സ് കൗൺസിലിൽ അപക്ഷേ നൽകിയെന്നും ഇനി അപേക്ഷിക്കില്ലെന്നും സാജന്റെ മാതാവും മുൻ അത്‌ലറ്റുമായ ഷാന്റിമോൾ പ്രതികരിച്ചു. 2022 മുതൽ 2025 വരെയുള്ള കാലയളവിലെ അവാർഡുകളാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇതിനായി സാജൻ അപേക്ഷിച്ചിട്ടില്ലന്നാണ് കൗൺസിൽ ഭാരവാഹികളുടെ വാദം.

ഒളിമ്പിക്സിൽ എ ക്വാളിഫിക്കേഷൻ യോഗ്യതാ മാർക്ക് മറികടന്ന ഏക ഇന്ത്യക്കാരനാണ് സാജൻ പ്രകാശ്. തുടർച്ചയായ രണ്ട് ഒളിമ്പിക്സുകളിൽ മത്സരിച്ച ഏക ഇന്ത്യൻ താരവും ഏഷ്യൻ ഇൻഡോർ മെഡൽ ജേതാവുമായ സാജൻ 2015 മുതലുള്ള ദേശീയ ഗെയിംസുകളിൽ നിന്ന് കേരളത്തിനായി വാരിക്കൂട്ടിയത് 30 ലധികം മെഡലുകളാണ്. എന്നിട്ടും കേരളത്തിന്റെ അംഗീകാരം ലഭിക്കാത്തതിൽ സങ്കടമുണ്ടെന്ന് ഷാന്റിമോൾ കേരള കൗമുദിയോട് പറഞ്ഞു. ” 2016 മുതൽ എല്ലാവർഷവും 2000ത്തോളം രൂപ ചെലവാക്കി സാജന്റെ അപേക്ഷയും ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുമൊക്കെയായി കൗൺസിലിൽ അപേക്ഷിക്കുന്നു. ഇതുവരെ പരിഗണിച്ചിട്ടില്ല. 2023ൽ ഗോവയിൽ ദേശീയഗെയിംസ് നടന്നപ്പോൾ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലിയേയും സ്റ്റാൻഡിംഗ് കമ്മറ്റി മെമ്പർ കെ.സി ലേഖയേയും നേരിട്ടുകണ്ട് പരാതി അറിയിച്ചു. അടുത്ത അവാർഡ് പ്രഖ്യാപനത്തിൽ സാജനെ പരിഗണിക്കുമെന്ന് അവർ ഇരുവരും ഉറപ്പുതന്നതുമാണ്. അതും പാഴായി. ഇനിയും ഞാൻ അപേക്ഷയുമായിപോകുന്നതിൽ എന്തർത്ഥം””- ഷാന്റിമോൾ പറയുന്നു.

ഉത്തേജകക്കേസിൽപ്പെട്ട താരത്തിന്

അവാർഡ് : പരാതിയുമായി ഒളിമ്പിക് അസോ.

ഉത്തേജക മരുന്നടിച്ചതിന് വിലക്കിൽ ക‌ഴിയുന്ന അത്‌ലറ്റ് ജി.വി രാജ അവാർഡ് പട്ടികയിൽ ഇടംപിടിച്ചതിനെതിരെ സ്പോർട്സ് കൗൺസിലിന് പരാതിനൽകി കേരള ഒളിമ്പിക് അസോസിയേഷൻ. പാർലമെന്റ് അടുത്തിടെ പാസാക്കിയ ഉത്തേജക വിരുദ്ധ നിയമപ്രകാരം ഒരിക്കൽ വിലക്കപ്പടുന്നവരെ സർക്കാർ പുരസ്കാരങ്ങൾക്ക് പരിഗണിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും ഇക്കാര്യം ഗൗരവത്തിലെടുത്തിട്ടുണ്ടെന്നാണ് അറിയുന്നത്. അതേസമയം സർക്കാർ ഉദ്യോഗസ്ഥന് സ്പോർട്സ് ലേഖകനുള്ള പുരസ്കാരം നൽകിയതിൽ സ്പോർട്സ് ജേർണലിസ്റ്റുകളുടെ സംഘടനയും പരാതി അറിയിച്ചിട്ടുണ്ട്.

മാനദണ്ഡങ്ങൾ പരിഷ്കരിക്കണം :

കെ.പി.സി.സി. കായിക വേദി

കൗൺസിലിന്റെ ജി.വി രാജ അവാർഡ് നിർണയത്തിൽ അപാകതകളുണ്ടെന്നും ഉത്തേജക ഉപയോഗത്തിന് അയോഗ്യയാക്കപ്പെട്ട താരത്തിന് പുരസ്കാരം നൽകിയതിൽ ദുരൂഹതയുണ്ടെന്നും കെ.പി.സി.സി. കായിക വേദി സംസ്ഥാന പ്രസിഡന്റ്‌ എസ്. നജുമുദീൻ ആരോപിച്ചു. അവാർഡിനുള്ള മാനദണ്ഡങ്ങൾ പരിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൗൺസിലിന് കീഴിലുള്ള കായിക ഹോസ്റ്റലുകളിലെ കുട്ടികൾ ഭക്ഷണവും സ്പോർട്സ് കിറ്റും കിട്ടാതെ കഷ്ടപ്പെടുമ്പോൾ മുൻ കൗൺസിലിൽ സെക്രട്ടറിമാർക്ക് ആജീവനാന്തപുരസ്കാരമായി ലക്ഷങ്ങൾ നൽകുന്നത് അപലപനീയമാണെന്നും ഇവർ അവാർഡ് തുക പട്ടിണി കിടക്കുന്ന സ്പോർട്സ് ഹോസ്റ്റൽ കായിക താരങ്ങൾക്കു നൽകി മാതൃക കാണിക്കണമെന്നും കായിക വേദി അവശ്യപ്പെട്ടു.


Source link
Exit mobile version