Site icon onlinekeralanews.com

പഞ്ചിന് കൂട്ട് പാവ മാത്രം

ടോക്കിയോ: വെറും ഏഴ് മാസം പ്രായമേയുള്ളു ‘പഞ്ചി”ന്. ജനിച്ചയുടൻ അമ്മ ഉപേക്ഷിച്ചു. ഒറ്റപ്പെടലിന് നടുവിൽ പിറന്നുവീണ അവൻ ഇന്ന് ലോകത്തിന് മുഴുവൻ പൊന്നോമനയാണ്. ജപ്പാനിലെ ചിബയിലുള്ള ഇചികാവാ സിറ്റി മൃഗശാലയിലെ കുഞ്ഞ് കുരങ്ങാണ് പഞ്ച്. 2025 ജൂലായ് 26നാണ് ജനിച്ചത്. അവനെ ആരും ഒപ്പം കൂട്ടിയില്ല. അവൻ ഒറ്റപ്പെട്ടുപോകാതിരിക്കാൻ മൃഗശാല ജീവനക്കാർ ഒരു സൂത്രം പ്രയോഗിച്ചു. ഒരു ഒറാംഗ് ഊട്ടാൻ പാവയെ അവന് നൽകി. ഇപ്പോൾ ഊണിലും ഉറക്കത്തിലും പഞ്ചിനൊപ്പം പാവയുണ്ട്. പേടിക്കുമ്പോൾ പാവയെ കെട്ടിപ്പിടിച്ച് കരയും. ഹൃദയസ്പർശിയായ ഈ കാഴ്ചകൾ അധികൃതർ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചതോടെ പഞ്ച് വൈറലായി. ഇപ്പോൾ പഞ്ചിനെ കാണാനായി മാത്രം മൃഗശാലയിലെത്തുന്നച് ആയിരങ്ങൾ. ഏറെ പരിചരണങ്ങൾക്ക് ശേഷം കഴിഞ്ഞ മാസമാണ് കുരങ്ങുകളുടെ കൂട്ടത്തിലേക്ക് പഞ്ചിനെയെത്തിച്ചത്. എന്നാൽ കുരങ്ങുകൾ പഞ്ചിനെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യം കഴിഞ്ഞ ദിവസം പുറത്തുവന്നത് ആരാധകരെ വേദനിപ്പിച്ചു. പാവം പഞ്ച് സന്തോഷത്തോടെ കഴിയണം എന്ന പ്രാർത്ഥനകളാണ് മൃഗശാലയുടെ സമൂഹ മാദ്ധ്യമ അക്കൗണ്ടുകളിൽ നിറയുന്നത്.


Source link
Exit mobile version