Site icon onlinekeralanews.com

ചുവടുമാറ്റം ശക്തം; മഹിളാ കോൺഗ്രസ് നേതാവ് ആർ രശ്‌മി ബിജെപിയിലേക്ക്? ഇന്ന് അംഗത്വം സ്വീകരിച്ചേക്കും

കൊല്ലം: മഹിളാ കോൺഗ്രസ് നേതാവ് ആർ രശ്‌മി ബിജെപിയിൽ ചേരുമെന്ന് സൂചന. ഇന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖറിൽ നിന്നും അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം. മാരാർജി ഭവനിൽ രാജീവ് ചന്ദ്രശേഖറിന്റെ വാർത്താ സമ്മേളനം ഇന്ന് 12 മണിക്ക് നടക്കുന്നുണ്ട്. അവിടെ വച്ചായിരിക്കാം രശ്മിയുടെ ബിജെപി പ്രവേശനവും നടക്കുക.

2021ൽ കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ യുഡിഫ് സ്ഥാനാർത്ഥിയായിരുന്നു രശ്‌മി. അയിഷാ പോറ്റി ഇടതുമുന്നണിയിൽ നിന്ന് കോൺഗ്രസിൽ ചേർന്നതുമുതൽ രശ്‌മി പാർട്ടി നേതൃത്വവുമായി അകൽച്ചയിലായിരുന്നു. രശ്മിയുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയെങ്കിലും വഴങ്ങിയില്ലെന്നും റിപ്പോർട്ടുകളുണ്ട്.

രശ്‌മി രണ്ട് ഉപാധികൾ കോൺഗ്രസിനുമുന്നിൽ വച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉണ്ടായ സാമ്പത്തിക ബാദ്ധ്യത പാർട്ടി തീർക്കണമെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങളിൽ ഏതെങ്കിലുമൊന്ന് നൽകണമെന്നുമായിരുന്നു ആവശ്യം. എന്നാൽ അനുകൂലമായ മറുപടി കോൺഗ്രസ് നേതാക്കൾ നൽകിയില്ലെന്നാണ് വിവരം. തുടർന്ന് പാർട്ടി വിടാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു രശ്മി.

മുൻ യൂത്ത് കോൺഗ്രസ് നേതാവും പാർട്ടി അനുഭാവിയും ആയിരുന്ന സംവിധായകൻ അഖിൽ മാരാർ കഴിഞ്ഞ ദിവസം എൻഡിഎയുടെ ഭാഗമായ ട്വന്റി20യിൽ ചേർന്നിരുന്നു. അഖിൽ യുഡിഎഫിൽ സീറ്റിനായി ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും നേതൃത്വം അനുകൂല നിലപാട് സ്വീകരിച്ചില്ല. തുടർന്നാണ് എൻഡിഎയിലേക്ക് ചുവടുമാറ്റം നടത്തിയതെന്നാണ് വിവരം.

അതേസമയം, കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ച പാലക്കാട്ടെ മുതിർന്ന സിപിഎം നേതാവ് പി കെ ശശി യുഡിഎഫിലേക്ക് എത്തിയേക്കാമെന്നും വിവരങ്ങളുണ്ട്. യുഡിഎഫ് നേതാക്കളുമായി ശശി കൂടിക്കാഴ്ച നടത്തിയെന്നാണ് കോൺഗ്രസ് പക്ഷത്ത് നിന്നും വരുന്ന റിപ്പോർട്ടുകൾ.


Source link
Exit mobile version