NEWS

 ദരിദ്ര മെഡി. വിദ്യാർത്ഥികൾ വെട്ടിൽ —ബി.പി.എൽ സ്കോളർഷിപ്പ് നിലച്ചു; കോർപസ് ഫണ്ടുമില്ല

 സ്വാശ്രയകോളേജിൽ നൽകിയിരുന്നത് ഫീസിന്റെ 90ശതമാനം

തിരുവനന്തപുരം: ബി.പി.എൽ സ്കോളർഷിപ്പ് കോടതി റദ്ദാക്കുകയും സ്കോളർഷിപ്പിനുള്ള കോർപസ് ഫണ്ട് കാലിയാവുകയും ചെയ്തതോടെ, സർക്കാരിന്റെ ഉറപ്പിൽ സ്വാശ്രയ കോളേജുകളിൽ എം.ബി.ബി.എസ് പ്രവേശനം നേടിയ കുട്ടികൾ ത്രിശങ്കുവിൽ. എൻ.ആർ.ഐ വിദ്യാർത്ഥികളിൽ നിന്നും അധിക ഫീസായി വാങ്ങുന്ന അഞ്ചു ലക്ഷം രൂപ കോർപ്പസ് ഫണ്ടായി നീക്കിവച്ചാണ് സ്കോളർഷിപ്പ് നൽകിയിരുന്നത്. ഇത് ഹൈക്കോടതി റദ്ദാക്കിയത് സുപ്രീംകോടതി ശരിവച്ചൂ.

2021-21 വരെ പ്രവേശനം നേടിയവർക്ക് 37കോടി അനുവദിച്ചതോടെയാണ് കോർപസ് ഫണ്ട് കാലിയായത്. അതിനു ശേഷമുള്ള കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകിയിട്ടില്ല. ഫീസടയ്ക്കാത്തതിനാൽ കുട്ടികളെ പുറത്താക്കുമെന്നാണ് മാനേജ്മെന്റുകളുടെ ഭീഷണി. പലേടത്തും ഹാജർ നൽകുന്നില്ല. ഫീസ് പൂർണമായി നൽകാമെന്ന് ബോണ്ട് വാങ്ങിയാണ് ഹൗസ്‌ സർജൻസി ചെയ്യുന്നവർക്ക് ക്ലിനിക്കൽ പരിശീലനം. പഠനം പൂർത്തിയാക്കിയവരുടെ സർട്ടിഫിക്കറ്റുകൾ നൽകുന്നില്ലെന്നും പരാതികളുണ്ട്. കോർപസ് ഫണ്ട് പാടില്ലെന്ന് കോടതി ഉത്തരവിട്ടെങ്കിലും കോളേജുകൾ എൻ.ആർ.ഐ വിദ്യാർത്ഥികളിൽ നിന്ന് 5ലക്ഷം അധികമായി വാങ്ങുന്നുണ്ട്. ഇത് സർക്കാരിലേക്ക് നൽകുന്നുമില്ല.

നീറ്റ് റാങ്കിൽ മുന്നിലെത്തിയ ദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്കാണ് ഫീസിന്റെ 90ശതമാനം സ്കോളർഷിപ്പായി നൽകുന്നത്. എൻ.ആർ.ഐ ഫീസിൽ 5ലക്ഷം അധികമീടാക്കിയുള്ള സ്കോളർഷിപ്പ് ക്രോസ്‌ സബ്സിഡിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ദരിദ്രരുടെ മക്കൾക്കുള്ള സ്കോളർഷിപ്പ് തുടരണമെന്നാണ് ഹൈക്കോടതിയിൽ സർക്കാർ നിലപാടെടുത്തത്.

കൂലിവേലക്കാർ, പരമ്പരാഗത തൊഴിലാളികൾ, ലോട്ടറി വില്പനക്കാർ, കർഷകതൊഴിലാളികൾ, തയ്യൽ, ബീഡി, തെങ്ങുകയറ്റ തൊഴിലാളികൾ, ബാർബർ, ഇരുമ്പുപണിക്കാർ, വഴിയോര കച്ചവടക്കാർ, കശുഅണ്ടി, നെയ്ത്ത്, തോട്ടം തൊഴിലാളികൾ തുടങ്ങിയവരുടെ മക്കൾക്കാണ് സ്കോളർഷിപ്പ്.

പോംവഴി നിയമ

നിർമ്മാണം

□സ്കോളർഷിപ്പിനായി നിയമ നിർമ്മാണം നടത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടും സർക്കാർ അനങ്ങിയിട്ടില്ല

□സ്കോളർഷിപ്പിനായി സർക്കാർ എക്സിക്യുട്ടീവ് ഉത്തരവിറക്കിയത് തിരിച്ചടിയായി

□സ്വാശ്രയത്തിലെ 85% സീറ്റിലും 6.61ലക്ഷം മുതൽ 7.65ലക്ഷം വരെയാണ് ഫീസ്

□കുട്ടികളെ ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്റി സംരക്ഷിക്കുമോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിനും സർക്കാർ മറുപടി നൽകിയിട്ടില്ല


Source link
NEWS

Back to top button