NEWS

വയനാട്ടിൽ ഒരാൾക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു; 38 പേർ ആശുപത്രിയിൽ ചികിത്സയിൽ


ബത്തേരി ∙ ഷിഗെല്ല രോഗ ലക്ഷണങ്ങളോടെ ബത്തേരി താലൂക്ക് ആശുപത്രിയിൽ കഴിയുന്ന കുട്ടികളിൽ ഒരാൾക്കു കൂടി ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. പരിശോധനയ്ക്ക് അയച്ച 21 സാംപിളുകളിലാണ് മൂന്നെണ്ണത്തിന്റെ ഫലം വന്നത്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച 413 പേരിൽ 38 പേർ മാത്രമാണ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്. ബത്തേരി താലൂക്ക് ആശുപത്രിയിൽ 12, വിനായക ആശുപത്രിയിൽ 5, അസംപ്ഷൻ ആശുപത്രിയിൽ 9, വിക്ടറി ആശുപത്രിയിൽ 1, എംഇഎസിൽ 1, അമ്പലവയൽ സെന്റ് മാർട്ടിനിൽ 9, മെറീനയിൽ ഒന്ന് എന്നിങ്ങനെയാണ് രോഗികളുള്ളത്. 14 പേർ ചൊവ്വാഴ്ച ആശുപത്രി വിട്ടു. അതേസമയം, സ്കൂളിലെ കുഴൽക്കിണറിൽ നിന്നുള്ള വെള്ളത്തിന്റെ പരിശോധനാ ഫലം നെഗറ്റീവാണ്. തുറന്ന കിണറ്റിൽ നിന്നുള്ള വെള്ളത്തിന്റെ പരിശോധനാ ഫലം ബുധനാഴ്ച വരുമെന്നാണ് വിവരം.∙ കിണറുകൾ ക്ലോറിനേറ്റ് ചെയ്യാൻ സ്‌പെഷൽ ഡ്രൈവ് പരിസര പ്രദേശങ്ങളിലെ കിണറുകൾ ക്ലോറിനേറ്റ് ചെയ്യാൻ ബുധനാഴ്ച സ്‌പെഷൽ ഡ്രൈവ് നടത്തുമെന്ന് കൃഷി മന്ത്രി ടി. സിദ്ദീഖ്. സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ ബത്തേരി ഗവ. ഗസ്റ്റ് ഹൗസിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ എല്ലാ സ്‌കൂളിലും പരിശോധനയും കിണറുകളിൽ ക്ലോറിനേഷനും നടത്തും. നെന്മേനി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ചൊവ്വാഴ്ച തന്നെ അവലോകന യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. ഷിഗെല്ല ബാധിതരായി ആശുപത്രിയിൽ ചികിത്സയിലുളള കുട്ടികളെ ആരോഗ്യ മന്ത്രി കെ.മുരളീധരൻ വൈകിട്ട് സന്ദർശിച്ചു. ആശുപത്രി അധികൃതരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി മന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി.ഡിസ്ചാർജ് നേടി വീടുകളിലേക്ക് മടങ്ങിയ ചില കുട്ടികൾ വീണ്ടും ആശുപത്രിയിലേക്ക് മടങ്ങിയെത്തിയ സാഹചര്യത്തിൽ ഡിസ്ചാർജ് ചെയ്യപ്പെട്ട കുട്ടികളുടെ നിരീക്ഷണത്തിന് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ആവശ്യമായ മരുന്നുകളും ചികിത്സാ സംവിധാനങ്ങളും നിലവിൽ സ്റ്റോക്കുണ്ട്. സ്‌കൂളുകളിലെ കിണറുകളിലെ വെള്ളം പരിശോധിച്ചതിൽ എന്തെങ്കിലും അപാകതകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് കണ്ടെത്തി തുടർ നടപടികൾ സ്വീകരിക്കുമെന്നും ലക്ഷണങ്ങൾ പ്രകടിപ്പിച്ച 35 ആദിവാസി വിദ്യാർഥികളുടെ ആരോഗ്യനിലയിൽ പ്രത്യേക നിരീക്ഷണം തുടരുകയാണെന്നും മന്ത്രി സിദ്ദീഖ് അറിയിച്ചു. എംഎൽഎ ഐ.സി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ, ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീ, സബ് കലക്ടർ അതുൽ സാഗർ, ഡിഎംഒ ഡോ.കെ.ടി.രേഖ, മറ്റ് ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.


Source link

Back to top button