NEWS
‘എന്തിനാണ് ഈ പരസ്യം?’; കേരള സർക്കാർ ആരോഗ്യ സൊസൈറ്റിയുടെ പരസ്യം തമിഴ് പത്രങ്ങളിൽ

കോട്ടയം ∙ ‘എന്തിനാണ് ഈ പരസ്യം?’. ആരോഗ്യവകുപ്പിന് കീഴിലുള്ള സൊസൈറ്റി തമിഴ് പത്രങ്ങളിൽ പരസ്യം നൽകിയതിനെപ്പറ്റി ഓഡിറ്റ് വകുപ്പ് ഫയലിൽ കുറിച്ചത് ഇതേ വാചകം തന്നെ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത്, കേരള ഹെൽത്ത് റിസർച് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ (കെഎച്ച്ആർഡബ്ല്യുഎസ്) സേവനങ്ങളും പ്രവർത്തനങ്ങളും സംബന്ധിച്ചു തമിഴ്നാട്ടിലെ പ്രചാരം കുറഞ്ഞ സായാഹ്ന പത്രങ്ങളിൽ വ്യാപകമായി പരസ്യം നൽകിയെന്നാണ് സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തൽ. ഇതിന്റെ ഗുണം എന്താണെന്നു മനസ്സിലാകുന്നില്ലെന്നും ഇത്തരത്തിൽ അനാവശ്യമായി ചെലവഴിച്ച 4.74 ലക്ഷം രൂപയുടെ ബിൽ അംഗീകരിക്കാനാവില്ലെന്നും ഓഡിറ്റ് റിപ്പോർട്ട്.ഇതുൾപ്പെടെ, കൃത്യമായ രേഖകളില്ലാതെ ചെലവഴിച്ച ഏകദേശം നാലരക്കോടി രൂപയും ഓഡിറ്റ് വിഭാഗം അംഗീകരിച്ചില്ല. 2022–23, 2023–24 വർഷങ്ങളിലെ ഓഡിറ്റിലാണു ക്രമക്കേടുകൾ. ഫയലുകൾ ഹാജരാക്കാത്തതിനാലും അന്വേഷണക്കുറിപ്പുകൾക്കു യഥാസമയം വിശദീകരണം നൽകാത്തതിനാലുമാണു തുക അംഗീകരിക്കാതിരുന്നത്. കരാർ ജീവനക്കാരുടെ നിയമനരേഖകൾ, തസ്തികകളുടെ സർക്കാർ അനുമതി തുടങ്ങിയ വിവരങ്ങൾ ഇല്ലാത്തതിനാൽ ശമ്പളയിനത്തിൽ ചെലവഴിച്ച 58 ലക്ഷം രൂപയും ഓഡിറ്റ് വിഭാഗം അംഗീകരിച്ചില്ല.
Source link


