NEWS

ആലപ്പുഴയിലെ ‘രക്ഷാപ്ര‌വർത്തനം’; അ‌‌ഞ്ച് പ്രതികൾക്കും മുൻകൂർ ജാമ്യം

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും മുൻകൂർ ജാമ്യം ലഭിച്ചു. കേസിൽ പ്രതികളായ അഞ്ചുപേർക്കാണ് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. അനിൽ കല്ലിയൂർ, സന്ദീപ് എസ്, വിപിൻ, അരുൺ, ഷൈജു എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.

2023 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽവച്ച് കരിങ്കൊടി കാണിച്ച കെഎസ്‌യു പ്രവർത്തകരെ ഗൺമാന്മാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്നാണ് ഗൺമാൻമാർ പ്രതിഷേധക്കാരെ ക്രൂരമായി മർദിച്ചത്.

മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഗൺമാൻമാർ ചെയ്തതെന്നും അത് ഒരു ‘രക്ഷാപ്രവർത്തന’മാണെന്നും പറഞ്ഞ് മുഖ്യമന്ത്രി സംഭവത്തെ ന്യായീകരിക്കുകയാണുണ്ടായത്. ഇതിൽ കോൺഗ്രസ് നേതാക്കൾ വലിയ പ്രതിഷേധമുയർത്തി. പൊലീസ് നടപടിയെടുക്കാതിരുന്നതിനെ തുടർന്ന് മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിച്ചു. തുടർന്ന് കോടതി നിർദേശപ്രകാരം ഗൺമാൻമാർക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.


Source link
NEWS

Back to top button