‘ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു’; വീണയുടെ ഇഡി സമൻസിൽ പ്രതികരിച്ച് കെ കെ ശൈലജ

കണ്ണൂർ: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് അയക്കുന്നതിൽ പ്രതികരിച്ച് സിപിഎം നേതാവ് കെ. കെ. ശൈലജ. സമൻസ് വരട്ടെ, വരുമ്പോൾ വീണ രേഖകൾ ഹാജരാക്കും. കാര്യമില്ലാത്ത കാര്യമെന്ന് കാണുമ്പോൾ അന്വേഷിച്ചത് തെറ്റാണെന്ന് ഉദ്യോഗസ്ഥർ പറയണമെന്ന് ശൈലജ മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘മകൾ ഒരു കമ്പനിയുണ്ടാക്കി. ആ കമ്പനി മറ്റുചില കമ്പനികളുമായി കരാറിലേർപ്പെട്ടു. അതിനുവേണ്ടിയാണല്ലോ കമ്പനികൾ ഉണ്ടാക്കുന്നത്. ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നുണ്ട്. അതിൽ എന്തെങ്കിലുമുണ്ടെങ്കിൽ മകളുമായി ബന്ധപ്പെടുന്ന കാര്യമാണ്. അതിൽ മകൾതന്നെ മറുപടി പറയും. അതിനവർ കൃത്യമായി മറുപടി പറഞ്ഞുകഴിഞ്ഞുവെന്നാണ് തോന്നുന്നത്. അതിൽ പ്രതിപക്ഷ നേതാവുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ല’- എന്നാണ് വിഷയത്തിൽ കെ.കെ. ശൈലജയുടെ പ്രതികരണം.
ജൂൺ 12ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകാനാണ് വീണയ്ക്ക് ഇ.ഡി സമൻസ് അയച്ചിരിക്കുന്നത്. വീണ അടക്കം ഒൻപത് പേർക്കാണ് ഇ.ഡി ഇന്ന് സമൻസ് അയക്കുന്നത്. സി.എം.ആർ.എൽ ഉദ്യോഗസ്ഥരടക്കം പട്ടികയിലുണ്ട്. സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്ത, ജോയിന്റ് മാനേജിംഗ് ഡയറക്ടർ ശരൺ. എസ് കർത്ത, ചീഫ് ജനറൽ മാനേജർ കെ. എസ് സുശേഷ് കുമാർ തുടങ്ങിയവർക്കാണ് സമൻസ് അയയ്ക്കുന്നത്. കർത്തയുടെ ഭാര്യയും മകനുമടക്കമുള്ള കുടുംബാംഗങ്ങൾ പട്ടികയിലുണ്ട്. വിവിധ കമ്പനികളുടെ ഡയറക്ടർമാരാണിവർ.
Source link
NEWS


