‘സമാധാനമായി ജീവിക്കാൻ അനുവദിക്കില്ല’: പൊലീസിനെ ഭീഷണിപ്പെടുത്തിയ അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കും

കൊച്ചി ∙ കോതമംഗലം എസ്എച്ച്ഒയെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ്. അർജുൻ ആയങ്കിക്ക് മുൻപ് അനുവദിച്ച ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്ന് കാട്ടി കോതമംഗലം പൊലീസ് മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. അടുത്ത ദിവസങ്ങളിൽ തന്നെ ഇതു സംബന്ധിച്ച കേസ് കോടതി പരിഗണിക്കുമെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. കോതമംഗലം സിഐയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അർജുൻ ആയങ്കിക്കെതിരെ ഐടി ആക്ട് പ്രകാരം പൊലീസ് നേരത്തെ പുതിയ കേസെടുത്തിരുന്നു.സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ അർജുൻ ആയങ്കി ഉൾപ്പെടെ ആറ് പേരെ കഴിഞ്ഞ മാസം കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വോട്ടെണ്ണലിനു തൊട്ടുതലേന്ന് മേയ് മൂന്നിനാണ് കണ്ണൂർ അഴീക്കൽ കോവലൊടി ആയങ്കി വീട്ടിൽ അർജുൻ ആയങ്കി (29), തിരുവനന്തപുരം ആറ്റിപ്ര കളത്തൂർ വിനായകം വീട്ടിൽ ആദർശ് (29), അഴീക്കൽ കോവലൊടി നെരിച്ചൽ വീട്ടിൽ പ്രണവ് (29), പള്ളുരുത്തി കുന്നത്ത് വീട്ടിൽ ധനീഷ് (39), ആലപ്പുഴ കഞ്ഞിക്കുഴി മാഴിത്തറ കൊച്ചുവെളി വീട്ടിൽ അരുൺ (ഡോൺ–38), പള്ളുരുത്തി വരിക്കാശേരി വീട്ടിൽ ടാൻസൺ (34) എന്നിവരെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ പുതിയ പദ്ധതി ആസൂത്രണം ചെയ്യാന്‍ ഒന്നിച്ചെന്ന് അന്വേഷണത്തിൽ വ്യക്തമായി എന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാൽ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തി ഡാൻസ് ചെയ്ത് ഇത് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുക മാത്രമാണ് തങ്ങൾ ചെയ്തത് എന്നായിരുന്നു അർജുൻ ആയങ്കി അടക്കമുള്ളവരുടെ വാദം.
Source link
