തൃശൂരിൽ മിന്നൽ ചുഴലി; സ്കൂളിന് സമീപം വൻമരങ്ങൾ കടപുഴകി വീണു, വാഹനങ്ങൾ തകർന്നു

തൃശൂർ: ഇന്ന് രാവിലെയുണ്ടായ മിന്നൽ ചുഴിയിൽ തൃശൂർ ജില്ലയിലെ വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം. വില്ലടം, വിൽവട്ടം, നടത്തറ, പൂച്ചട്ടി തുടങ്ങിയ പ്രദേശങ്ങളിലാണ് മുന്നൽ ചുഴലിയടിച്ചത്. അതിശക്തമായ കാറ്റിനെത്തുടർന്ന് മരങ്ങൾ കടപുഴകി വീണു. പൂച്ചെട്ടി ഭാരതീയ വിദ്യാഭവൻ സ്കൂളിന്റെ പാർക്കിംഗിൽ നാല് തേക്കുമരങ്ങൾ കടപുഴകി വീണു. വിദ്യാർത്ഥികൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. രാവിലെ ഒമ്പത് മണിക്കാണ് സ്കൂളിൽ ക്ലാസ് തുടങ്ങുന്നത്. എട്ടേമുക്കാലിനാണ് മിന്നൽച്ചുഴലിയടിച്ചത്. ക്ലാസ് തുടങ്ങുന്നതിന് മുമ്പ് ഓട്ടോറിക്ഷയിലും ബസിലുമെല്ലാം കുട്ടികൾ എത്തുന്ന സമയത്തായിരുന്നു അപകടം.
ഓട്ടോ ഡ്രൈവർമാരും അദ്ധ്യാപകരും ചേർന്ന് കുട്ടികളെ സമീപത്തുള്ള വീടുകളിലേക്ക് എത്തിച്ചതുകൊണ്ടാണ് അപകടം ഒഴിവായത്. മരം വീണ് എൽകെജി സ്കൂളിന്റെ മേൽക്കൂര പൂർണമായും ഇളകി. നാല് തേക്കും സ്കൂൾ മുറ്റത്തെ വലിയ മാവും കടപുഴകി വീണു. മരം വീണ് മൂന്ന് ഓട്ടോറിക്ഷകളും ഒരു കാറും സ്കൂ വാനുകളും തകർന്നു. മരങ്ങൾ റോഡിലേക്ക് വീണതോടെ പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായി. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മരങ്ങൾ മുറിച്ചുമാറ്റിയ ശേഷമാണ് പ്രദേശത്ത് ഗതാഗതം പുനഃസ്ഥാപിച്ചത്.
കനത്തമഴയെത്തുടർന്ന് സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. ഈ മൂന്ന് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.
Source link
NEWS


