വാട്‌സാപ്പ് ഉപയോഗിക്കാത്തവരുടെ എണ്ണം ഇന്ന് വളരെ കുറവാണ്. സ്വകാര്യതയും സുരക്ഷയും ഉറപ്പുപറയുന്നതിനാൽ മറ്റ് ആപ്പുകളെ അപേക്ഷിച്ച് വിശ്വസനീയനമായ രീതിയിൽ ഉപയോഗിക്കാം എന്നതാണ് വാട്‌സാപ്പിനെ കൂടുതൽ ജനപ്രിയമാക്കുന്നത്. എന്നാൽ, ഒരു ഫോണിൽ ഒന്നിലധികം വാട്‌സാപ്പ് ഉപയോഗിക്കണമെങ്കിൽ വാട്‌സാപ്പ് ബിസിനസ് ആപ്പ് ഡൗൺലോഡ് ചെയ്യണം. അല്ലെങ്കിൽ മറ്റൊരു ഫോൺ ഉപയോഗിക്കണം.
ഇതിന് പരിഹാരമായി അടുത്തിടെയാണ് ഐഫോൺ ഉപയോക്താക്കൾക്കായി പുതിയൊരു ഫീച്ചർ വാട്‌സാപ്പ് കൊണ്ടുവന്നത്. ഒരു ഐഫോണിൽ രണ്ട് വ്യത്യസ്‌ത വാട്‌സാപ്പ് അക്കൗണ്ട് ഉപയോഗിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിലൂടെ വ്യക്തിപരവും തൊഴിൽപരവുമായ ചാറ്റുകൾ വെവ്വേറെയായി ഇനി ഒരേ ഫോണിൽ കൈകാര്യം ചെയ്യാം.
വാട്‌സാപ്പ് ഫോർ ഐഒഎസ് പതിപ്പ് 26.22.76 വഴി ഈ സൗകര്യം ഇനിമുതൽ കൂടുതൽ ഉപയോക്താക്കൾക്ക് ലഭ്യമാകാൻ പോവുകയാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഈ ഫീച്ചർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതിന്റെ ലഭ്യത പരിമിതമായിരുന്നു. ഇനിമുതൽ കൂടുതൽ ഉപയോക്താക്കളിലേക്ക് ഇത് ലഭ്യമാക്കുന്നുവെന്നാണ് ഫീച്ചർ ട്രാക്കറായ വാബീറ്റ ഇൻഫോ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.
വാട്‌സാപ്പിന്റെ അക്കൗണ്ട് മാനേജ്‌മെന്റ് വിഭാഗത്തിലൂടെയാണ് രണ്ടാമത്തെ അക്കൗണ്ട് ചേർക്കാനാവുക. മറ്റൊരു മൊബൈൽ നമ്പർ ഉപയോഗിച്ചോ പുതിയ അക്കൗണ്ട് രജിസ്റ്റർ ചെയ്യാനോ ക്യൂആർ കോഡ് സ്‌കാൻ ചെയ്‌ത് ലിങ്ക്‌ഡ് ഡിവൈസായി ക്രമീകരിക്കാനോ ഉപയോക്താക്കൾക്ക് സാധിക്കും. ശേഷം അക്കൗണ്ടുകൾ മാറിമാറി ഉപയോഗിക്കാൻ വീണ്ടും ലോഗിൻ ചെയ്യേണ്ടതില്ല. ആപ്പിലെ ‘യു’ ടാബിൽ അൽപ്പസമയം അമർത്തുന്നതിലൂടെ അക്കൗണ്ടുകൾ വേഗത്തിൽ മാറ്റാനാകും. ചെറുതായി അമർത്തിയാൽ ആപ്പുമായി ബന്ധിപ്പിച്ചിരിക്കുന്ന എല്ലാ അക്കൗണ്ടുകളുടെയും പട്ടിക കാണാനാകും. നിലവിൽ രണ്ട് അക്കൗണ്ടുകൾ വരെ ഉപയോഗിക്കാം എന്നാണ് റിപ്പോർട്ട്.
Source link

