തിരുവനന്തപുരം: ധനകാര്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ പുതിയ ചീഫ് സെക്രട്ടറിയാകാൻ സാദ്ധ്യത. 15നകം തീരുമാനമുണ്ടായേക്കും. നിലവിലെ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് ഈ മാസം 30ന് വിരമിക്കുന്ന ഒഴിവിലാണിത്. ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെയും ഇൗ മാസം വിരമിക്കും.
നിലവിലുള്ള അഡിഷണൽ ചീഫ് സെക്രട്ടറിമാരിൽ 1989 ബാച്ചിലെ മനോജ് ജോഷിയാണ് സീനിയർ. അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. 1991 ബാച്ചിലെ രചന ഷായും കേന്ദ്രസർവീസിലാണ്. ഇവർ രണ്ടുപേരും കേരളത്തിലേക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് നിലവിലുള്ള ഉദ്യോഗസ്ഥരിൽ സീനിയറാണ് 1992 ബാച്ചുകാരനായ ബിശ്വനാഥ് സിൻഹ.
എന്നാൽ, എൽ.ഡി.എഫ് കാലത്ത് വനിതാ ഐ.എ.എസ് ഉദ്യോഗസ്ഥർ ഉന്നയിച്ച പരാതിയിൽ നടപടിയെടുക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നതിനാൽ സിൻഹ ചീഫ് സെക്രട്ടറിയാവാൻ സാദ്ധ്യതയില്ല. പകരം കെ.ആർ.ജ്യോതിലാലിനാണ് സാദ്ധ്യത കൂടുതൽ. ബീഹാർ സ്വദേശിയായ സിൻഹ 2028 സെപ്തംബറിലാണ് വിരമിക്കുന്നത്. ജ്യോതിലാലിന് 2029 മെയ് വരെ സർവീസുണ്ട്.
പിന്നീടുള്ളവരിൽ വൈദ്യുതി വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ, ഗവർണറുടെ അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. ദേവേന്ദ്രകുമാർ ധോദാവത് എന്നിവരാണ് സീനിയോറിറ്റിയിൽ മുന്നിലുള്ളത്. പാർലമെന്ററികാര്യ പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണ സ്വാമി 1991 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണെങ്കിലും ചീഫ് സെക്രട്ടറി റാങ്ക് നൽകിയിട്ടില്ല.
Source link
NEWS

