ഇടുക്കി: മക്കളെ സ്‌കൂളിൽ വിടാൻ പോയ തോട്ടംതൊഴിലാളിയായ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു. സിങ്കുകണ്ടം പൂജാഭവനിൽ പരേതനായ രാജയുടെ ഭാര്യ മാരിയമ്മാളാണ് (35) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇളയമകൻ രക്ഷനെ (11) ആന തുമ്പിക്കൈയ്‌ക്ക് തട്ടിയെറിഞ്ഞു. അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച രക്ഷനെ വിദഗ്ദ്ധചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൂത്തമകൾ രക്ഷണ ആക്രമണത്തിൽ നിന്ന് തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്.
ഇന്നലെ രാവിലെ ചിന്നക്കനാൽ സൂര്യനെല്ലിയിലായിരുന്നു സംഭവം. വീട്ടിൽ നിന്ന് പ്രധാന റോഡിലേക്ക് വരുന്നതിനിടയിലാണ് മൂവരും കാട്ടാനക്കൂട്ടത്തിന് മുന്നിൽപ്പെട്ടത്. മൂടൽ മഞ്ഞുണ്ടായിരുന്നതിനാൽ കാട്ടാനകൾ അടുത്തെത്തിയത് കാണാനായില്ല. മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് മാരിയമ്മാളിനെ കാട്ടാന ചവിട്ടിയത്. രക്ഷണ പത്താം ക്ലാസിലും രക്ഷൻ ഏഴാം ക്ലാസിലുമാണ്. ഇരുവരും ചിന്നക്കനാൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളാണ്.
മൃതദേഹം ഏറ്റുവാങ്ങാതെ പ്രതിഷേധം
വനംമന്ത്രിയും ഡി.എഫ്.ഒയും സ്ഥലത്തെത്തണമെന്നും മരിച്ച യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നുമാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധത്തിലാണ്. പ്രശനം പരിഹരിക്കാതെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റുമാേർട്ടത്തിനയച്ച മൃതദേഹം ഏറ്റുവാങ്ങില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. രാവിലെ സൂര്യനെല്ലി സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് മൃതദേഹം മാറ്റിയപ്പോൾ പോസ്റ്റുമോർട്ടത്തിന് വിട്ടുനൽകില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാർ. പ്രദേശത്ത് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന 47 മത്തെയാളാണ് മാരിയമ്മാളെന്ന് നാട്ടുകാർ പറഞ്ഞു. വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ (ആർ.ആർ.ടി) പ്രവർത്തനം കാര്യക്ഷമമല്ല. പലപ്പോഴും തങ്ങൾ പിരിവെടുത്താണ് ആനയെ തുരത്താനുള്ള പടക്കം പോലും വാങ്ങുന്നതെന്നും ഇവർ പറഞ്ഞു.
Source link
NEWS

