പ്രായം വെറും നമ്പർ മാത്രമെന്ന് വീണ്ടും തെളിയിച്ച് തെന്നിന്ത്യൻ താരം ജ്യോതിക. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘സിസ്റ്റം’ എന്ന സിനിമയുടെ പ്രൊമോഷൻ ഫോട്ടോ ഷൂട്ടിൽ അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്. തൂവെള്ള നിറത്തിലുള്ള ബ്രൈഡൽ സ്റ്റൈൽ ഗൗൺ ധരിച്ചുള്ള ചിത്രങ്ങൾ ജ്യോതിക തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ചിത്രത്തിൽ ജ്യോതികയ്‌ക്കൊപ്പം സൊനാക്ഷി സിൻഹയുമുണ്ട്. ‘ചില കൂട്ടുകെട്ടുകൾ മുറികളും കോടതിമുറികളും ഒരുപോലെ കീഴടക്കുമെന്നതിന് തെളിവ്’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
ഫാഷൻ ഇൻസ്റ്റഗ്രാം പേജായ ‘ബോളിവുഡ് വുമൺ ക്ലോസറ്റ്’ ജ്യോതികയുടെ ലുക്കിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. പ്രശസ്ത ബ്രൈഡൽ ബ്രാൻഡായ ‘കാർലിയോ’ രൂപകൽപ്പന ചെയ്തതാണ് ജ്യോതിക ധരിച്ചിരിക്കുന്ന തൂവെള്ള വസ്ത്രം. സെലിബ്രിറ്റി സ്റ്റൈലിസ്റ്റുകളായ രാധിക മെഹ്റ, അങ്കിത ചൗഹാൻ എന്നിവർ ചേർന്നാണ് താരത്തെ അണിഞ്ഞൊരുക്കിയിരിക്കുന്നത്.
വസ്ത്രത്തിന്റെ പ്രധാന ആകർഷണം അവയുടെ മുകൾഭാഗത്തുള്ള ഐവറി കോർസെറ്റും താഴെയുള്ള സാറ്റിൻ സ്‌കർട്ടും തമ്മിലുള്ള കോമ്പിനേഷനാണ്. ലെയ്‌സ് വർക്കുകളും മുത്തുകളും കൊണ്ട് അലങ്കരിച്ചതാണ് കോർസെറ്റിന്റെ നെക്ക്‌ലൈൻ. സ്ട്രാപ്‌ലെസ് ഡിസൈനും മുൻവശത്തെ ബട്ടണുകളും വസ്ത്രത്തിന് മോഡേൺ ലുക്ക് നൽകുന്നുണ്ട്. ശരീരത്തോട് ചേർന്നുനിൽക്കുന്ന സാറ്റിൻ മെർമെയ്ഡ് സ്‌കർട്ടാണ് ജ്യോതിക അണിഞ്ഞിരിക്കുന്നത്. ഇതിന്റെ വാലറ്റം തറയിൽ മുട്ടി കിടക്കുന്ന രീതിയിലാണ് ഡിസൈൻ.
‘സോണി സഫയർ’, ‘ഔട്ട്ഹൗസ്’ എന്നീ ബ്രാൻഡുകളുടെ ആഭരണങ്ങളും ‘അക്വാസുറ’യുടെ ഷൂസുകളുമാണ് താരം ധരിച്ചത്. വസ്ത്രത്തിന് കൂടുതൽ ശ്രദ്ധ കിട്ടാനായി മുടി പിന്നിലേക്ക് ഒതുക്കിക്കെട്ടി വലിപ്പമുള്ള ഷാൻഡിലിയർ കമ്മലുകൾ താരം അണിഞ്ഞിട്ടുണ്ട്. തിളങ്ങുന്ന ഐഷാഡോയും ന്യൂഡ് ലിപ്സ്റ്റിക്കും ചേർന്ന ലളിതമായ മേക്കപ്പ് കൂടുതൽ തിളക്കം നൽകുന്നു.
ജ്യോതിക, സൊനാക്ഷി സിൻഹ, അശുതോഷ് റാണ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന കോർട്ട് ഡ്രാമയാണ് ‘സിസ്റ്റം’. അശ്വിനി അയ്യർ തിവാരി സംവിധാനം ചെയ്ത ചിത്രം അടുത്തിടെയാണ് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തത്. ‘ശ്രീകാന്ത്’ (2024), ‘ഡബ്ബാ കാർട്ടൽ’ (2025) എന്നീ ചിത്രങ്ങൾക്ക് ശേഷം ജ്യോതികയുടേതായി പുറത്തിറങ്ങുന്ന സിനിമയാണ് ‘സിസ്റ്റം’.
Source link

