Site icon onlinekeralanews.com

ശബരിമല സ്വർണക്കൊള്ളക്കേസ്; അന്തിമ റിപ്പോർട്ട് ഉടൻ, ഉത്തരവാദികളുടെ പങ്കിൽ കൃത്യമായ വിവരം

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്വേഷണം അവസാന ഘടത്തിലെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈകോടതിയെ അറിയിച്ചു. കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും എസ്‌ഐടി കോടതിയിൽ പറഞ്ഞു. 2025ൽ ദ്വാരപാലക ശിൽപങ്ങൾ മാറ്റിയതിൽ ഉത്തരവാദികളായവരുടെ പങ്കിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളടക്കം റിപ്പോർട്ടിനൊപ്പം സമർപ്പിക്കാനാകുമെന്നാണ് എസ്‌ഐടി വ്യക്തമാക്കിയത്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ജംഷഡ്‌പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ നിന്നും കഴിഞ്ഞ മാസം 29ന് ലഭിച്ച പരിശോധനാഫലം വിശകലനം ചെയ്‌ത് വരികയാണെന്നും എസ്‌ഐടി കോടതിയെ അറിയിച്ചു.

2019ൽ ചെന്നൈയിലെ സ്‌മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനം മുംബയിൽ നിന്നെത്തിച്ച പ്രത്യേക ‘സ്‌ട്രിപ് സാൾട്ട്’ ഉപയോഗിച്ചാണ് യഥാർത്ഥ പാളികളിൽ പൊതിഞ്ഞിരുന്ന സ്വർണം വേർതിരിച്ചെടുത്തത്. ഇക്കാര്യം അന്വേഷണത്തിൽ കണ്ടെത്തിയതായി എസ്‌ഐടി കോടതിയിൽ വ്യക്തമാക്കി.

അതേസമയം, വിഗ്രഹങ്ങൾക്ക് പിന്നിൽ സ്ഥാപിക്കുന്ന പ്രഭാമണ്ഡലത്തിൽ പരിശോധന നടത്താൻ കോടതി അനുമതി നൽകി. പ്രഭാമണ്ഡലത്തിലെയും വാതിലിലെയും സാമ്പിളുകൾ ശേഖരിക്കാൻ കോടതി അനുമതി നൽകി. നേരത്തെ കോടതി ഉത്തരവ് പ്രകാരം ശ്രീകോവിലിലെ ചില വസ്‌തുക്കളുടെ സാംപിളുകൾ ശേഖരിച്ചിരുന്നു. എന്നാൽ, വിവിധ കാരണങ്ങളാൽ പ്രഭാമണ്ഡലത്തിന്റെ പാളികളും മുകൾഭാഗത്തെ വാതിൽ ഫ്രെയിമിലെ പാളികളും പൊളിച്ചുമാറ്റി പരിശോധിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ, ഇവയുടെ യഥാർത്ഥ ഭാരവും സ്വർണത്തിന്റെ അളവും തിരിച്ചറിയാൻ വിദഗ്ദ്ധ സഹായത്തോടെ സാമ്പിളുകൾ അഴിച്ചെടുത്ത് പരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് എസ്‌ഐടി അറിയിച്ചതിനെ തുടർന്നാണ് കോടതി പരിശോധനയ്‌ക്ക് അനുമതി നൽകിയത്.


Source link
NEWS
Exit mobile version