Site icon onlinekeralanews.com

വയനാട്ടിൽ 2 കുട്ടികൾക്ക് ഷിഗെല്ല; 339 പേർക്ക് രോഗലക്ഷണം, ആരോഗ്യമന്ത്രി നാളെ ജില്ലയിലെത്തും


കൽപറ്റ ∙ വയനാട്ടിൽ ഒരു സ്കൂളിലെ രണ്ടു കുട്ടികൾക്ക് ഷിഗെല്ല സ്‌ഥിരീകരിച്ചു. നാലര വയസ്സുള്ള ഒരു ആൺകുട്ടിക്കും അഞ്ചു വയസ്സുള്ള പെൺകുട്ടിക്കുമാണ് രോഗം സ്‌ഥിരീകരിച്ചത്. 339 പേർക്ക് രോഗലക്ഷണങ്ങളുണ്ട്. ഇവരിൽ 21 പേർ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലും 38 പേർ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ല. ആകെ 21 സാംപിൾ പരിശോധനയ്ക്ക് അയച്ചതിൽ രണ്ടെണ്ണത്തിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 19 സാംപിളുകളുടെ ഫലം വരാനുണ്ട്.‌‌ ബത്തേരി കോളിയാടിയിലെ മാർ ബസേലിയോസ് എയുപി സ്കൂളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശാരീരിക അസ്വസ്ഥത നേരിട്ട കുട്ടികളിൽ 21 പേരാണ് രോഗബാധയുണ്ടെന്ന നിഗമനത്തിൽ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടികൾക്ക് കൂട്ടത്തോടെ പനി, ഛർദി, വയറിളക്കം, തലകറക്കം തുടങ്ങി ലക്ഷണങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയത്. ആദ്യം ഭക്ഷ്യവിഷബാധയെന്ന നിഗമനത്തിലായിരുന്നെങ്കിലും പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് ബാക്ടീരിയൽ ഇൻഫെ‌ക്‌ഷനാണെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച കുട്ടികൾ ബത്തേരി താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.രോഗബാധ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘം സ്കൂളിലും പരിസരപ്രദേശങ്ങളിലും എത്തി വിശദമായ പരിശോധന നടത്തിയിരുന്നു. ഇതിൽ ഒരു സംഘം ഡോക്ടർമാർ ബത്തേരി താലൂക്ക് ആശുപത്രിയിൽ ക്യാംപ് ചെയ്യുകയാണ്. രോഗബാധയുള്ള കുട്ടികൾ പഠിച്ച സ്കൂളിലെ കുടിവെള്ളത്തിന്റെ ഉറവിടമായ കുഴൽക്കിണറിലെ വെള്ളം, ഉച്ചഭക്ഷണം എന്നിവയുടെ സാംപിളുകൾ ജില്ലാ മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ ശേഖരിച്ച് തുടർപരിശോധനയ്ക്കായി കോഴിക്കോട്ടെ വൈറോളജി ലാബിലേക്ക് അയച്ചു. രോഗബാധ സ്ഥിരീകരിച്ച കുട്ടികളുടെ വീടുകളിലെ കിണറുകളിലും മറ്റും ക്ലോറിനേഷൻ നടപടികൾക്കും ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചു.


Source link
Exit mobile version