ശരീരഭാരം കുറയ്‌ക്കുന്നതിനായി വ്യായാമത്തിലും ഭക്ഷണശീലത്തിലും ശ്രദ്ധിക്കണമെന്ന് എത്രയൊക്കെ ആഗ്രഹിച്ചാലും അവ ജീവിതത്തിന്റെ ഭാഗമാക്കുന്നത് അത്ര എളുപ്പമല്ല. ശരീരഭാരം കുറയ്‌ക്കാനുള്ള തീരുമാനത്തിൽ നിരവധി ഘടകങ്ങൾ വെല്ലുവിളി സൃഷ്‌ടിക്കാറുണ്ട്. അത്തരം വെല്ലുവിളികളെ അനായാസമായി നേരിടാൻ കുറച്ച് മാർഗങ്ങൾ നിർദേശിക്കുകയാണ് ഷാവി എന്ന യുവതി. സോഷ്യൽ മീഡിയയിൽ കണ്ടന്റ് ക്രിയേറ്ററായ ഷാവി 12 മാസത്തിനുള്ളിൽ 35 കിലോയാണ് കുറച്ചത്. ഭാരം കുറയ്‌ക്കാനായി താൻ സ്വീകരിച്ച ചില നുറുക്കുവിദ്യകളാണ് ഷാവി പങ്കുവയ്‌ക്കുന്നത്.
1. കുടുംബത്തോടൊപ്പം അത്താഴം കഴിക്കുന്നത് ഒഴിവാക്കി
ഷാവിയുടെ അഭിപ്രായത്തിൽ, ഇത് ഒരു താൽക്കാലികമായ ഒരു ശീലമായിരുന്നു. താൻ നിയന്ത്രിതമായാണ് ഭക്ഷണം കഴിക്കുന്നതെന്നും തന്റെ ഭക്ഷണക്രമത്തിൽ പലപ്പോഴും കുടുംബാംഗങ്ങൾ അഭിപ്രായം പറയാറുണ്ടായിരുന്നെന്നും ഷാവി പറയുന്നു. മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കനുസരിച്ച് മനസ് മാറാതിരിക്കാനാണ് താൻ ഒറ്റയ്‌ക്ക് ഭക്ഷണം കഴിക്കാൻ തീരുമാനിച്ചതെന്ന് ഷാവി പറയുന്നു.
2. അത്താഴം കഴിഞ്ഞയുടൻ പല്ല് തേയ്‌ക്കുക
ഈ ശീലം ഒരു ദിവസത്തെ ഭക്ഷണം അവസാനിച്ചു എന്നതിന്റെ സൂചനയായി മാറി. ബ്രഷ് ചെയ്യുന്നതിലൂടെ ഇന്നത്തെ ഭക്ഷണം അവസാനിച്ചുവെന്ന് തന്റെ തലച്ചോറിന് നിർദേശം നൽകാൻ കഴിഞ്ഞതായി യുവതി പറയുന്നു. വീണ്ടും കഴിച്ചാൽ ബ്രഷ് ചെയ്യേണ്ടി വരുമെന്ന തോന്നലിൽ വിശപ്പില്ലെങ്കിലും ലഘുഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കി.
3. സ്‌ക്രീൻ ഉപയോഗിക്കുമ്പോൾ ലഘുഭക്ഷണം കഴിക്കുന്നത് അവസാനിപ്പിച്ചു
മൊബൈലിലോ ലാപ്‌ടോപ്പോ ഉപയോഗിക്കുമ്പോൾ പായ്‌ക്കറ്റ് ഫുഡ് കഴിക്കുന്ന ശീലം ഒഴിവാക്കി. അത്തരത്തിൽ കഴിക്കണമെന്ന് തോന്നുമ്പോൾ സ്‌ക്രീൻ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിച്ചു. ഇത് ക്രമേണ പായ്‌ക്കറ്റ് ഭക്ഷണം കഴിക്കുന്നതിൽ താൽപര്യം കുറച്ചു.
4.ഒഴിവാക്കുന്നതിന് പകരം വൈകിപ്പിക്കൽ
ഇനി ഒരിക്കലും ഒരു പ്രത്യേക ഭക്ഷണം കഴിക്കാൻ കഴിയില്ലെന്ന് ചിന്തിക്കുന്നതിനുപകരം അത് നാളെ കഴിക്കാം എന്ന് മനസിനെ വിശ്വസിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് യുവതി പറയുന്നു . ഇത് ഭക്ഷണത്തോടുള്ള ആസക്തികളെ നിയന്ത്രണാതീതമാക്കാൻ സഹായിക്കുമെന്നാണ് ഷാവി അഭിപ്രായപ്പെടുന്നത്.
5. പ്രോട്ടീൻ ഭക്ഷണങ്ങൾ കൈയെത്തും ദൂരത്ത്
ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ എല്ലായ്‌പോഴും ഏറ്റവും എളുപ്പത്തിൽ കാണാനാകുന്ന വിധത്തിൽ സൂക്ഷിച്ചു വയ്‌ക്കുന്നത് ലക്ഷ്യത്തെ ഓർമ്മിപ്പിക്കും.
6. സോഷ്യൽ മീഡിയയിൽ അൽഗോരിതം തയ്യാറാക്കി
അനാവശ്യമായി ഭക്ഷണം കഴിക്കരുതെന്ന് എത്രയൊക്കെ തീരുമാനിച്ചാലും അതിൽ നിന്നും മനസിനെ പിൻവലിപ്പിക്കുന്ന ഒരു ഘടകം സോഷ്യൽ മീഡിയയാണ്.
അതിനാൽ, ഭക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാതിരിക്കാനായി പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ഷാവിയുടെ ഉപദേശം . അത്തരത്തിൽ എന്തെങ്കിലും സ്‌ക്രീനിൽ കണ്ടാൽ താൽപര്യമില്ല എന്ന ഓപ്‌ഷൻ അടിച്ച് സോഷ്യൽ മീഡിയ ഫീഡിനെ രൂപപ്പെടുത്തിയെടുക്കണമെന്നും യുവതി പറയുന്നു.
Source link

