ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ 20-ാം വയസിൽ ആഗ്രഹിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തി കമൽഹാസൻ. ലോക സിനിമയിൽ തന്നെ അപൂർവ്വ റെക്കാഡ് കുറിച്ച സംവിധായകൻ സിംഗീതം ശ്രീനിവാസ റാവുവിനെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കുമ്പോഴാണ് താരം തന്റെ പ്രിയ സംവിധായകനെക്കുറിച്ച് വാചാലനായത്. ഹോളിവുഡ് ഇതിഹാസം ക്ലിന്റ് ഈസ്റ്റ് വുഡിന്റെ റെക്കാഡ് തകർത്താണ് 94-ാം വയസിൽ ശ്രീനിവാസ റാവു തന്റെ പുതിയ ചിത്രമായ ‘സിംഗ് ഗീതം’ തിയേറ്ററുകളിൽ എത്തിക്കുന്നത്. തനിക്ക് 20 വയസുള്ളപ്പോൾ കേട്ട തെലുങ്ക് ചിത്രത്തിന്റെ കഥ, ഇന്ന് തന്റെ 71-ാം വയസിൽ റിലീസിനൊരുങ്ങുമ്പോൾ ഉണ്ടാകുന്ന അനുഭവമാണ് കമൽ ഹാസൻ ചടങ്ങിൽ പങ്കിട്ടത്. ജൂൺ 11നാണ് മ്യൂസിക്കൽ ചിത്രമായ ‘സിംഗ് ഗീതം’ റിലീസ് ചെയ്യുന്നത്.
‘1957 ഏപ്രിൽ 12നാണ് ‘മായാബസാർ’ ചെന്നൈയിൽ റിലീസ് ചെയ്തതെന്ന് എനിക്ക് തോന്നുന്നു. ഇപ്പോഴിതാ ജൂൺ 11ന് അദ്ദേഹത്തിന്റെ പുതിയ ചിത്രം വരുന്നു. സിനിമ എപ്പോഴും അദ്ദേഹത്തോടൊപ്പമുണ്ട്. അതിൽ മാറ്റമൊന്നും വന്നിട്ടില്ല. എനിക്ക് 21 വയസുള്ളപ്പോഴാണ് അദ്ദേഹത്തോടൊപ്പം ആദ്യമായി പ്രവർത്തിക്കുന്നത്. അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായി മാറാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ സിനിമയുടെ നിർമ്മാതാവാകാൻ എനിക്ക് സാധിച്ചു.’ -കമൽ ഹാസൻ പറഞ്ഞു.
മുമ്പ് മുംബയിലെ താജ് ഹോട്ടലിൽ നടന്ന ഫിലിംഫെയർ അവാർഡ് ചടങ്ങിനിടയിലാണ് തങ്ങൾ രണ്ട് സിനിമകൾ ചെയ്യാൻ തീരുമാനിച്ചതെന്നും കമൽ ഹാസൻ വെളിപ്പെടുത്തി. അതിലൊന്നാണ് ‘അദ്വൈത’ എന്ന ചിത്രം, ആ സിനിമ പിന്നീട് യാഥാർത്ഥ്യമായി. എന്നാൽ രണ്ടാമത്തെ കഥയാണ് നീണ്ട 45 വർഷങ്ങൾക്ക് ശേഷം ഇപ്പോൾ ‘സിംഗ് ഗീതം’ എന്ന പേരിൽ പുറത്തിറങ്ങുന്നതെന്നും കമൽഹാസൻ പറഞ്ഞു. അന്ന് കമൽ ഹാസൻ അഭിനയിക്കേണ്ടിയിരുന്ന ചിത്രത്തിൽ ഇപ്പോൾ അഹില്യ ബംറൂ, അയാൻ കെ, ശാലിനി കൊണ്ടെപൂടി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചില ആശയങ്ങൾക്ക് പ്രായമില്ല, അതുകൊണ്ടാണ് അദ്ദേഹം ഇപ്പോഴും പുതിയ ആശയങ്ങളുമായി ജീവിക്കുന്നതെന്നും പ്രായം അദ്ദേഹത്തിന് വെറും സംഖ്യ മാത്രമാണെന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു.
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സംവിധായകൻ എന്ന റെക്കാഡിലേക്കാണ് ശ്രീനിവാസ റാവു നടന്നു കയറിയത്. 93-ാം വയസിൽ ‘ജൂറർ’ (2024) എന്ന ചിത്രം സംവിധാനം ചെയ്ത ഹോളിവുഡ് ഇതിഹാസം ക്ലിന്റ് ഈസ്റ്റ് വുഡിന്റെ റെക്കാഡാണ് ശ്രീനിവാസ റാവു തന്റെ 61-ാമത്തെ ചിത്രത്തിലൂടെ തകർത്തത്. എന്നാൽ 99 വയസുള്ള ഹോളിവുഡ് സംവിധായകൻ മെൽ ബ്രൂക്സ് തന്റെ പുതിയ ചിത്രം ‘സപേസ്ബൗൾസ്: ദി ന്യു വൺ’ റിലീസ് ചെയ്യുന്നതോടെ റെക്കാഡിൽ വീണ്ടും മാറ്റം വരും. ലോകസിനിമയിൽ ഏറ്റവും കൂടുതൽ പ്രായം വരെ സിനിമ സംവിധാനം ചെയ്ത റെക്കാഡ് പോർച്ചുഗീസ് സംവിധായകൻ മാനുവൽ ഡി ഒലിവേരയുടെ പേരിലാണ്. 104ാം വയസിലും സിനിമ ചെയ്ത അദ്ദേഹം 2015ൽ 105-ാം വയസിലാണ് അന്തരിച്ചത്.
Source link

