Site icon onlinekeralanews.com

‘ഉത്തരവാദികളായവരുടെ പങ്കിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ’; ശബരിമല സ്വർണക്കൊള്ളയിലെ അന്തിമ റിപ്പോർട്ട് ഉടൻ


കൊച്ചി ∙ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അന്തിമ റിപ്പോർട്ട് ഉടനെന്ന് പ്രത്യേകാന്വേഷണ സംഘം (എസ്ഐടി) ഹൈക്കോടതിയിൽ. 2025ൽ ദ്വാരപാലക ശിൽപങ്ങൾ മാറ്റിയതുമായി ബന്ധപ്പെട്ട അന്വേഷണം അവസാനഘട്ടത്തിലാണെന്നും ഉത്തരവാദികളായവരുടെ പങ്കിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളടക്കം ഈ റിപ്പോർട്ടിൽ സമർപ്പിക്കാനാകുമെന്നും എസ്ഐടി കോടതിയിൽ വ്യക്തമാക്കി. 2019ൽ ചെന്നൈയിലെ ‘സ്മാർട്ട് ക്രിയേഷൻസ്’ എന്ന സ്ഥാപനം മുംബൈയിൽ നിന്ന് എത്തിച്ച പ്രത്യേക ‘സ്ട്രിപ്പിങ് സാൾട്ട്’ ഉപയോഗിച്ചാണ് വിഗ്രഹങ്ങളിൽ നിന്നും മറ്റും സ്വർണം വേർതിരിച്ചെടുത്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും എസ്ഐടി വ്യക്തമാക്കി. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ജംഷഡ്പൂരിലെ നാഷനൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ നിന്നുള്ള പരിശോധനാഫലം കഴിഞ്ഞ മാസം 29ന് ലഭിച്ചെന്നും ഇത് വിശകലനം ചെയ്തു വരികയാണെന്നും എസ്ഐടി വ്യക്തമാക്കി. സ്വർണം വേർതിരിച്ചെടുക്കാൻ സ്മാർട്ട് ക്രിയേഷൻസ് ഉപയോഗിച്ച സ്ട്രിപ്പിങ് സാള്‍ട്ടിന്റെ സാംപിൾ ശേഖരിച്ച് പരിശോധനയ്ക്കായി ജംഷഡ്പൂരിലേക്ക് അയച്ചിരിക്കുകയാണെന്നും എസ്ഐടി അറിയിച്ചു. ഈ ഉപ്പ് വിശകലനം ചെയ്യുന്നത് സ്മാർട്ട് ക്രിയേഷൻസ് സ്വീകരിച്ച ശാസ്ത്രീയ മാർഗം തെളിയിക്കാൻ അത്യന്തം അനിവാര്യമാണ്. അതിനൊപ്പം, 1998ൽ വാങ്ങിയ ചെമ്പ് തകിടുകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും ഇതിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി ചെന്നൈയിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രത്യേക സംഘം വ്യക്തമാക്കി.


Source link
Exit mobile version