നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാർഡ് പരിശോധനയിൽ പുനരന്വേഷണം: പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി

കൊച്ചി ∙ നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാർഡ് പരിശോധനയിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി. ഹൈക്കോടതിയിലെ ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനാണ് കേസ് കേൾക്കുന്നതിൽനിന്ന് പിന്മാറിയത്. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ മുമ്പ് ഹൈക്കോടതി ജുഡീഷ്യൽ റജിസ്ട്രാറായി പ്രവർത്തിച്ചിരുന്ന സമയത്ത് അതിജീവിതയുടെ പരാതി പരിഗണിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഹർജി കേൾക്കുന്നതിൽ നിന്ന് പിന്മാറിയത്. അതിജീവിതയുടെ ഹർജി ഇനി മറ്റൊരു ബെഞ്ച് പരിഗണിക്കും.മെമ്മറി കാർഡ് നിയമവിരുദ്ധമായി തുറന്നു പരിശോധിച്ചെന്ന വിഷയത്തിൽ എറണാകുളം ജില്ലാ സെഷൻസ് ജഡ്ജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് വസ്തുതാവിരുദ്ധവും നിയമപരമായി നിലനിൽക്കാത്തതുമാണെന്ന് ആരോപിച്ചാണ് അതിജീവിത പുനരന്വേഷണ ഹർജി നൽകിയത്. മുൻ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നും ഹൈക്കോടതി മേൽനോട്ടത്തിൽ സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ശാസ്ത്രീയമായ പുനരന്വേഷണം നടത്തണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ മുഖേനയാണ് അതിജീവിത വീണ്ടും ഹൈക്കോടതിെയ സമീപിച്ചത്.
Source link
