മാർച്ച് 6: ഇറാന് കീഴടങ്ങാതെ മാർഗമില്ല; ജൂൺ 8: ഇസ്രയേൽ കരാർ അംഗീകരിക്കണം; നിലപാടുമാറ്റം, കുടുങ്ങിയോ ട്രംപ്?

വാഷിങ്ടൻ ∙ ഇറാനുമായുള്ള സംഘർഷം തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടു മാറ്റം ചർച്ചയാകുന്നു. കീഴടങ്ങാതെ ഇറാന് മറ്റു മാർഗമില്ലെന്നായിരുന്നു മാർച്ച് ആറിന് ട്രംപ് പറഞ്ഞത്. പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖമനയിയുടെ പിൻഗാമിയെ അമേരിക്ക തിരഞ്ഞെടുക്കുമെന്നും പ്രഖ്യാപിച്ചു. എന്നാൽ, യുദ്ധം അവസാനിപ്പിക്കാൻ ഇറാനുമായി യുഎസ് ഉണ്ടാക്കുന്ന ഏതൊരു കരാറും അംഗീകരിക്കുകയല്ലാതെ ഇസ്രയേൽ പ്രധാനമന്ത്രിക്ക് വേറെ വഴിയില്ല എന്നാണ് ട്രംപ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.∙ നിലപാടു മാറ്റത്തിനു പിന്നിലെന്ത്? സുരക്ഷയ്ക്ക് ഭീഷണിയെന്ന പേരിൽ യുഎസും ഇസ്രയേലും സംയുക്തമായാണ് ഇറാനെ ആക്രമിച്ചത്. എന്നാൽ, ഹോർമുസ് കടലിടുക്കിൽ ഇറാൻ പിടിമുറുക്കിയതോടെ പ്രതിസന്ധി രൂക്ഷമായി. എണ്ണ വിതരണം തടസ്സപ്പെട്ടു. പശ്ചിമേഷ്യയിലെ യുഎസിന്റെ സഖ്യരാജ്യങ്ങളെ ഇറാൻ ആക്രമിച്ചതും തിരിച്ചടിയായി. യുദ്ധം അവസാനിപ്പിക്കാൻ സമ്മർദമേറിയതോടെ, സമാധാനക്കരാറിനായുള്ള ചർച്ചകൾക്കായി ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചു. ഇസ്രയേൽ ലബനനിൽ നടത്തുന്ന ആക്രമണങ്ങൾ ചർച്ചകൾക്ക് തടസ്സമായി. ആക്രമണം അവസാനിപ്പിക്കാൻ ഇസ്രയേലിനോട് യുഎസ് നിർദേശിച്ചെങ്കിലും അവർ മുഖവിലയ്ക്കെടുത്തില്ല. ഇതോടെ, ഇറാൻ ഇസ്രയേലിനെ വീണ്ടും ആക്രമിച്ചു. തിരിച്ചടിക്കരുതെന്ന യുഎസ് നിർദേശത്തെ അവഗണിച്ച് ഇസ്രയേലും ഇറാനെ ആക്രമിച്ചു. യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കുന്ന ട്രംപിന് ഇത് തിരിച്ചടിയായി. ഇതോടെയാണ് ട്രംപ് ഇസ്രയേലിനെതിരെ തിരിഞ്ഞത്.
Source link
