Site icon onlinekeralanews.com

പ്രവാസികൾക്കും ശബരിമല ഭക്തർക്കും ഏറെ ഗുണമുണ്ടാകും,1200 ഹെക്‌ടർ ഭൂമി വിമാനത്താവളത്തിന് ഏറ്റവും അനുയോജ്യം

പത്തനംതിട്ട: എരുമേലിയിലെ ചെറുവള്ളിയിൽ ശബരിമല വിമാനത്താവളം നിർമ്മിക്കാനുള്ള പദ്ധതി നിയമക്കുരുക്കിൽപ്പെട്ടതോടെ പദ്ധതി കൊടുമണ്ണിലേക്ക് മാറ്റാൻ സാദ്ധ്യതയേറി. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് വിമാനത്താവളം ചെറുവള്ളിയിൽ നിർമ്മിക്കാൻ ആലോചന നടന്നത്. തർക്കങ്ങളില്ലാത്തതും കുടിയൊഴിപ്പിക്കൽ വേണ്ടിവരാത്തതുമായ കൊടുമണ്ണിലെ പാട്ടക്കാലാവധി കഴിഞ്ഞ പ്ളാന്റേഷൻ കോർപ്പറേഷൻ ഭൂമി വിമാനത്താവളത്തിന് അനുയോജ്യമാണെന്ന പൊതുഅഭിപ്രായം സി.വി ശാന്തകുമാർ എം.എൽ.എ മുഖ്യമന്ത്രി വി.ഡി സതീശനെ അറിയിച്ചു.

സർക്കാർ ഉടമസ്ഥതിലുള്ള റവന്യു ഭൂമിയാണ് കൊടുമണ്ണിലേത്. 1200 ഹെക്ടറാണ് കൊടുമൺ എസ്റ്റേറ്റ്. ഇവിടെ വിമാനത്താവളം നിർമ്മിച്ചാൽ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാകുമെന്ന ആക്ഷേപങ്ങളുയർന്നിട്ടില്ല. കൊടുമണ്ണിൽ വിമാനത്താവളം നിർമ്മിക്കണമെന്ന് ശബരിമല വിമാനത്താവളം ആക്ഷൻ കമ്മറ്റിയും പ്രവാസി സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്.

കൊടുമണ്ണിൽ വിമാനത്താവളം നിർമ്മിച്ചാൽ ശബരിമല, മാരാമൺ കൺവെൻഷൻ എന്നിവിടങ്ങളിലേക്ക് യാത്രാ സൗകര്യം എളുപ്പമാകും. കൊടുമൺ-പത്തനംതിട്ട റോഡ്, കെ.പി റോഡ്, എം.സി റോഡ്, പി.എം റോഡ്, ടി.കെ റോഡ് എന്നിവ ഈ ഭാഗത്തൂകുടി കട
ന്നുപോകുന്നുണ്ട്. അതുകൊണ്ട് യാത്രാ സൗകര്യം ഉറപ്പാകും.

ബഡ്ജറ്റിൽ ഇടംപിടിക്കുമോ?

യു.ഡി.എഫ് സർക്കാർ ഈ മാസം അവതരിപ്പിക്കുന്ന പുതുക്കിയ ബഡ്ജറ്റിൽ പദ്ധതി ഇടംപിടിക്കുമോ എന്ന ആകാംക്ഷയേറി. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുചേർന്ന യു.ഡി.എഫ് നയരൂപീകരണ സമിതി യോഗത്തിലും ശബരിമല വിമാനത്താവളം കൊടുമണ്ണിൽ നിർമ്മിക്കുന്നതിനെപ്പറ്റി ചർച്ച നടന്നിരുന്നു.

ഹൈക്കോടതിയും ചോദിച്ചു

കൊടുമണ്ണിൽ വിമാനത്താവളത്തിനുള്ള സാദ്ധ്യതകൾ പരിശോധിച്ചുകൂടേയെന്ന് മുൻ സർക്കാരിനോട് ഹൈക്കോടതി ചോദ്യമുന്നയിച്ചിരുന്നു. പരിശോധിക്കാമെന്ന് സർക്കാർ അറിയിച്ചു. ചീഫ് സെക്രട്ടറി ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയിരുന്നു. എന്നാൽ, ജില്ലാ കളക്ടർ സ്ഥലം സന്ദർശിക്കുകയോ പഠനം നടത്തുകയോ ചെയ്തില്ല

കൊടുമൺ പമ്പ ദൂരം 78 കി.മീ
കൊടുമൺ മാരാമൺ 22കി.മീ

വിമാനത്താവളം നിർമ്മിക്കാൻ അനുയോജ്യമായ ഭൂമിയാണ് കൊടുമൺ എസ്റ്റേറ്റ് എന്ന പൊതുജനാഭിപ്രായം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. സർക്കാർ അനുകൂല നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷ.
സി.വി ശാന്തകുമാർ എം.എൽ.എ

പദ്ധതി പ്രദേശം വിമാനത്താവളത്തിന് പറ്റിയതോണോ എന്നു പരിശോധിക്കണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റീസ് മുൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ട് ഒരു നടപടിയുമുണ്ടായില്ല. പുതിയ സർക്കാർ പഠനം നടത്തി വിമാനത്താവളം നിർമ്മിക്കാൻ നടപടിയെടുക്കണം.

ഡോ. വർഗീസ് പേരയിൽ, ശബരിമല വിമാനത്താവളം ആക്ഷൻ കമ്മറ്റി പ്രസിഡന്റ്.


Source link
NEWS
Exit mobile version