Site icon onlinekeralanews.com

ഇന്ത്യാ സഖ്യത്തിന്റെ നിർണായക യോഗം തുടങ്ങി; രാഹുൽ ഗാന്ധിക്കെതിരെ പോസ്റ്ററുകൾ


ന്യൂഡൽഹി ∙ ഇന്ത്യാ സഖ്യത്തിന്റെ നിർണായക യോഗത്തിന് മുൻപായി ഡൽഹിയിൽ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ന്യൂഡൽഹിയിലെ പ്രമുഖ റോഡുകളിലും റൗണ്ട് എബൗട്ടുകളിലുമാണ് രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും ലക്ഷ്യമിട്ടുള്ള പോസ്റ്ററുകൾ ഉയർന്നത്. ഇന്ത്യാ മുന്നണിയിലെ തന്നെ പ്രമുഖ ഘടകകക്ഷി നേതാക്കൾ മുൻകാലങ്ങളിൽ രാഹുലിനും കോൺഗ്രസിനുമെതിരെ നടത്തിയ രൂക്ഷവിമർശനങ്ങളും പ്രസ്താവനകളുമാണ് പോസ്റ്ററുകളിൽ അച്ചടിച്ചിരിക്കുന്നത്.എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാർ, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി, ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ, എഎപി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ എന്നിവരുടെ പഴയ പ്രസ്താവനകളാണ് യോഗത്തിന് തൊട്ടുമുൻപ് പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാൻ ആയുധമാക്കിയിരിക്കുന്നത്. കേരള മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, എം.കെ.സ്റ്റാലിൻ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ അടക്കമുള്ളവരുടെ ചിത്രങ്ങളോടു കൂടിയുള്ള വിമർശന ബോർഡുകളും വിവിധയിടങ്ങളിലായുണ്ട്. ഫ്ലക്സ് ബോർഡുകളിൽ ‘ഇന്ത്യ’ മുന്നണി എന്നതിനു പകരം ‘ഇൻഡി’ അലയൻസ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബിജെപി കേന്ദ്രങ്ങൾ മാത്രമാണ് ‘ഇന്ത്യ’ മുന്നണിയെ ‘ഇൻഡി’ അലയൻസ് എന്ന് വിശേഷിപ്പിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുൻപ്, 2024 ജൂൺ 1ന് ആണ് ‘ഇന്ത്യ’ മുന്നണിയുടെ അവസാന ഔദ്യോഗിക യോഗം ഡൽഹിയിൽ ചേർന്നത്. അതിനുശേഷം നീണ്ട രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് സഖ്യകക്ഷികൾ വീണ്ടും ഒത്തുചേരുന്നത്. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്രാദേശിക കക്ഷികൾക്കുണ്ടായ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ, മുന്നണിയുടെ ഭാവി നിർണയിക്കാൻ 23 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ യോഗത്തിൽ പങ്കെടുക്കുമെന്നാണ് കോൺഗ്രസ് അറിയിക്കുന്നത്.


Source link
Exit mobile version