ആലപ്പുഴ: അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ രാഷ്ട്രീയ കോമാളിയായി മാറുകയാണെന്ന് സിപിഎം നേതാവ് എച്ച് സലാം. പിണറായി വിജയന്റെ ചെരുപ്പിന്റെ വാറഴിക്കാൻ യോഗ്യതയുണ്ടോയെന്നും താനൊഴികെ നാട്ടിൽ വേറെയാർക്കും ഒരു വിവരവും ഇല്ല എന്നാണ് അദ്ദേഹത്തിന്റെ വിചാരമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പത്ത് വർഷം കേരളത്തിന്റെ മുഖ്യമന്ത്രിയും ആയിരുന്ന പിണറായി വിജയനെ നനഞ്ഞകോഴിയെന്നും ധനകാര്യമന്ത്രിയായി പ്രവർത്തിച്ച കെഎൻ ബാലഗോപാലിന് സംസാരിക്കാൻ അറിയാത്തവൻ എന്നൊക്കെയാണ് ജി സുധാകരൻ അധിക്ഷേപിച്ചത്. പാർട്ടിയെയും നേതാക്കളെയും നിരന്തരം അധിക്ഷേപിക്കുമ്പോഴും ഞങ്ങൾ കാണിക്കുന്ന അവധാനത ദൗർബല്യമാണെന്ന് കരുതരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പിണറായി വിജയന്റെ ചെരുപ്പിന്റെ വാറഴിക്കാൻ യോഗ്യതയുണ്ടോ?
അമ്പലപ്പുഴ എം എൽ എ ശ്രീ.ജി.സുധാകരൻ രാഷ്ട്രീയ കോമാളിയായി മാറുകയാണ്. കേരളത്തിലെ മുതിർന്ന പാർട്ടിനേതാവും പാർട്ടി പി.ബി അംഗവും പത്ത് വർഷം കേരളത്തിന്റെ മുഖ്യമന്ത്രിയും ആയിരുന്ന സ.പിണറായി വിജയനെ നനഞ്ഞകോഴി യെന്നും, പാർലമെന്റ് അംഗമായും ധനകാര്യമന്ത്രിയായും പ്രവർത്തിച്ച സ.കെ.എൻ. ബാലഗോപാലിന് സംസാരിക്കാൻ അറിയാത്തവൻ എന്നൊക്കെയാണ് ജി.സുധാകരൻ അധിക്ഷേപിച്ചത്.
താനൊഴികെ നാട്ടിൽ വേറെയാർക്കും ഒരു വിവരവും ഇല്ല എന്നാണ് അദ്ദേഹത്തിൻ്റെ വിചാരം.
പാർട്ടിയെയും നേതാക്കളെയും നിരന്തരം അതിക്ഷേപിക്കുമ്പോഴും ഞങ്ങൾ കാണിക്കുന്ന അവധാനത ദൗർബല്യമാണെന്ന് കരുതരുത്.
പിണറായി വിജയൻ എന്ന മനുഷ്യൻ്റെ കാരുണ്യം കൊണ്ടാണ് ജി.സുധാകരൻ്റെ അഴിമതിവിരുദ്ധ മുഖംമൂടി കീറിപോകാതിരുന്നത് എന്ന സത്യം ജി.സുധാകരൻ മറന്നു പോകരുത്.
2021 ൽ ഞാൻ മത്സരിച്ച നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി അല്ലാതിരുന്ന ജി.സുധാകരൻ എന്തിന് പണം പിരിച്ചു? അന്ന് താങ്കൾ പിരിച്ചെടുത്ത പണത്തിന്റെ കണക്ക് പരസ്യപ്പെടുത്താൻ തയ്യാറാകണം. ആരിൽ നിന്നൊക്കെ എത്ര ലക്ഷങ്ങൾ പിരിച്ചുവെന്ന് വെളിപ്പെടുത്താൻ ജി. സുധാകരന് ധൈര്യമുണ്ടോ? മിസ്റ്റർ ജിസുധാകരൻ, താങ്കൾക്കും വീട്ടിൽ രണ്ട് മൂന്ന് പേർക്കും മാത്രമറിയുന്ന രഹസ്യങ്ങൾ പലതും ഇന്ന് പരസ്യമാണ് എന്നത് മറക്കണ്ട.പിണറായി വിജയൻ മന്ത്രിസ്ഥാനം ഉപേക്ഷിച്ച് പാർട്ടി സെക്രട്ടറിയാകുകയും പതിറ്റാണ്ടുകൾ പാർട്ടിയെ ധീരമായി നയിച്ച് തുടർഭരണത്തിലേയ്ക്ക് വരെ എൽ ഡി എഫിനെ നയിക്കുകയും ചെയ്ത നേതാവാണ്. അനാവശ്യം കാണിച്ചിട്ടും താങ്കൾക്ക് അർഹിക്കാത്ത പരിഗണന നൽകിയ പിണറായിവിജയൻ എന്ന കമ്മ്യൂണിസ്റ്റിൻ്റെ ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത ജി.സുധാകരനുണ്ടോ?
പാർലമെന്റ് അംഗമായും ധനകാര്യ മന്ത്രിയായും സംഘടനാ ചുമതലകളിലും സത്യസന്ധമായും മാതൃകാപരമായും പ്രവർത്തിച്ച വ്യക്തിത്വമാണ് കെ.എൻ.ബാലഗോപാലിന്റേത്. ആലപ്പുഴ നഗരസഭാ ചെയർപേഴ്സൺമാരായി മുൻകാലത്ത് പ്രവർത്തിച്ചത് CPIM) ഏരിയാകമ്മറ്റി അംഗങ്ങളായ രണ്ട് വനിതാ നേതാക്കളാണ്. അവരെ ജി.സുധാകരൻ അധിക്ഷേപിച്ച് വിളിച്ചത് ” ഒരുത്തി” എന്നാണ്.
ഇങ്ങനെ സ്ത്രീവിരുദ്ധ പ്രയോഗങ്ങൾ നടത്താനാണോ ജനങ്ങൾ താങ്കൾക്ക് വോട്ട് നൽകിയത് ? മുൻപ് ഷാനിമോൾ ഉസ്മാനെയും ഉഷാസാലിയെയും ഈ തെരഞ്ഞെടുപ്പ് വേളയിൽ സ.സി എസ് സുജാതയെയും സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തി അധിക്ഷേപിച്ചു. താങ്കൾ പ്രസംഗിക്കുമ്പോൾ ജി.സുധാകരൻ്റെ ഒപ്പം നിന്ന സ്ത്രീകളേയും വീട്ടിലും താങ്കൾ ‘ഒരുത്തി’ എന്നാണോ വിളിക്കുന്നത്.
കഴിഞ്ഞ ദിവസം കരൂർ സ്കൂൾ പ്രവേശനോത്സവം മനോഹരമായി സംഘടിപ്പിച്ച ഒരു ടെക്സ്റ്റൈൽ ഷോപ്പിലെ വണ്ടി ഓടിക്കുന്ന തൊഴിലാളിയായ PTA പ്രസിഡൻ്റിനെ കൊച്ചുകുട്ടികളുടെ മുന്നിൽ വെച്ച് മൈക്കിലൂടെ അസഭ്യം പറഞ്ഞു. അത് കേട്ട് അയാളുടെ മകൾ ആ സ്കൂളിൽ ഇനി ഞാൻ പോകുന്നില്ല എന്ന് പറഞ്ഞ് രണ്ട് ദിവസം ഭയന്നു കരയുകയായിരുന്നു. ഞാൻ അഞ്ച് വർഷം എംഎൽഎ ആയി പ്രവർത്തിക്കുമ്പോൾ ഏതെങ്കിലും ഒരു പൊതുവേദിയിൽ രാഷ്ട്രീയ എതിരാളികളെ മോശപ്പെടുത്തുന്ന ഒരു പ്രസംഗം നടത്തിയിട്ടുണ്ടോ?അഞ്ച് വർഷവും പൊതുചടങ്ങുകളുടെ മാന്യത സൂക്ഷിച്ചുണ്ട്. രാഷ്ട്രീയ വേദികളിൽ കൃത്യമായ രാഷ്ട്രീയവും പറഞ്ഞിട്ടുണ്ട്. ഇതല്ലേ ജനപ്രതിനിധികൾ പാലിക്കേണ്ടത്. മഹാനായ പാർട്ടിനേതാവ് സ.എൻ. എസ് കൊല്ലത്ത് നിന്ന് എന്ത് കാരണത്താലാണ് താങ്കളെ ആലപ്പുഴക്ക് കടത്തിയത് എന്നതൊന്നും ഞങ്ങളെക്കൊണ്ട് പറയിക്കരുത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ താങ്കൾ വിജയിച്ചുവെന്നത് നേരാണ്. അത് ഞങ്ങൾ അംഗീകരിക്കുന്നു.
സി പി ഐ (എം ) ന്റെ ഉന്നത നേതാക്കൾ മുതൽ പ്രദേശിക പ്രവർത്തകരെ വരെ ആരേയും അധിക്ഷേപിക്കുവാനുള്ള ലൈസൻസ് ആണ് വോട്ടർമാർ താങ്കൾക്ക് തന്നത് എന്ന് വിചാരിക്കരുത്. ഇത്തരം വിവരക്കേട് പറയുമ്പോൾ ഒരു പരിധിയൊക്കെ വെക്കുന്നത് നല്ലതാണ്. അത് കേൾക്കുമ്പോൾ കൂടെ നിൽക്കുന്നവർ കുലുങ്ങി ചിരിക്കുന്നുണ്ടാകും. പക്ഷേ ജനങ്ങളുടെ മുന്നിൽ താങ്കൾ ഒരു രാഷ്‌ട്രീയ കോമാളിയായി മാറുകയാണ്. പണ്ടൊക്കെ നാട്ടിൽ ഒരു കുപ്പികള്ള് വാങ്ങികൊടുത്താൽ ആരെയും തെറിവിളിക്കുന്ന ഒരാളെ കാണാൻ പറ്റുമായിരുന്നു, ഈ കോമാളിത്തരം കാണുമ്പോൾ ജനങ്ങൾക്ക് അതാണ് ഓർമ്മ വരുന്നത്..
Source link
NEWS

