Site icon onlinekeralanews.com

ഇനി 48 മണിക്കൂറുകൾ വരെ ഇൻസ്റ്റ സ്റ്റോറികൾ കാണാം, 299 രൂപയടച്ചാൽ ഇൻസ്റ്റഗ്രാം തരാൻ പോകുന്നത് ഗംഭീര ഫീച്ചറുകൾ

ജനപ്രിയ സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നവർക്ക് ഇനി ഒരു സന്തോഷവാർത്ത. മാതൃകമ്പനിയായ മെറ്റ ഇൻസ്റ്റഗ്രാം പ്‌ളസ് എന്ന പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ്. പെയ്‌ഡ് സബ്‌സ്‌ക്രിപ്‌ഷൻ ആണ് കൊണ്ടുവന്നിരിക്കുന്നത്. പ്രതിമാസം 299 രൂപ നിരക്കിൽ ആണ് ഇൻസ്റ്റഗ്രാം പ്ളസ് ലഭ്യമാകുക. സാധാരണ ഉപയോക്താക്കൾക്ക് ലഭിക്കാത്ത ടൂളുകളിലേക്കും കസ്റ്റമൈസേഷൻ ഓപ്‌ഷനുകളിലേക്കും പണമടച്ച്‌ സബ്‌സ്‌ക്രിപ്‌ഷൻ എടുത്തവർക്ക് ആക്‌സസ് ലഭിക്കും.

പ്രധാനമായും ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ഈ സബ്‌സ്‌ക്രിപ്‌ഷൻ വഴി ഗുണം ലഭിക്കുക. നിലവിൽ ഇൻസ്‌റ്റഗ്രാം സ്റ്റോറികളായി നൽകുന്ന ചിത്രങ്ങളോ വീഡിയോയോ 24 മണിക്കൂർ നേരം മാത്രമേ ദൃശ്യമാകൂ. എന്നാൽ ഇൻസ്‌റ്റഗ്രാം പ്‌ളസ് സബ്‌സ്‌‌ക്രൈബർക്ക് ഇത് 48 മണിക്കൂർ ദൃശ്യമാകും. കൂട്ടത്തിൽ ഒരു സ്റ്റോറി ഓരാഴ്‌ചയിൽ എപ്പോഴെങ്കിലും സ്‌പോട്‌ലൈറ്റായി അവതരിപ്പിക്കാനും കഴിയും. സ്റ്റോറി വ്യൂവർ ലിസ്റ്റ് തിരയാനും അതിന്റെ ഉള്ളടക്കം ആരിലെല്ലാം എത്തുന്നുവെന്നും മനസിലാക്കാൻ സാധിക്കുന്നു. ഇൻസ്‌റ്റഗ്രാം പ്‌ളസ് ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈലിലേക്കും ഹൈലൈറ്റിലേക്കും നേരിട്ട് പോസ്റ്റ് ചെയ്യാനും അവ അവരുടെ ഫോളോവേഴ്‌സിന്റെ ഫീഡിൽ വരാതിരിക്കാനും കഴിയും.

സാധാരണ യൂസേഴ്‌സിനില്ലാത്ത ചില കൂടുതൽ ഫീച്ചേഴ്‌സ് ഇൻസ്റ്റഗ്രാം പ്‌ളസ് യൂസേഴ്‌സിന് ലഭിക്കും. അനിമേറ്റഡ് സൂപ്പർ ഹാർട്ട് റിയാക്ഷനാണ് അതിലൊന്ന്. അവരുമായി സംസാരിക്കുമ്പോൾ മനോഹരമായ അനിമേറ്റഡ് ഹാർട്ടുകൾ സ്‌ക്രീനുകളിൽ കാണാം. പ്രത്യേക ഫോണ്ടുകളൊക്കെയുള്ള കസ്റ്റം ആപ്പ് ഐക്കണുകളും ഇവർക്ക് ലഭിക്കും. പ്രൊഫൈൽ പിന്നുകളാണ് മറ്റൊരു ഫീച്ചർ. യൂസർമാർക്ക് ആറ് പോസ്റ്റുകളോ ഹൈലൈറ്റുകളോ പ്രൊഫൈലിൽ പിൻ ചെയ്‌ത് വയ്‌ക്കാനാകും.

തങ്ങളുടെ ആപ്പിൽ സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനമായുള്ള ഫീച്ചറുകൾ വർദ്ധിപ്പിക്കാനാണ് ഇൻസ്റ്റയിൽ ഈ അപ്‌ഡേറ്റ്. ഇതോടെ ആവശ്യമുള്ള ഉപയോക്താക്കൾക്ക് കൂടുതൽ മികച്ച ഫീച്ചറുകൾ നൽകാൻ കമ്പനിക്കാകും എന്നാണ് അവർ പ്രതീക്ഷിക്കുന്നത്. ഇൻസ്റ്റഗ്രാം പ്‌ളസിൽ വരും മാസങ്ങളിൽ തങ്ങൾ കൂടുതൽ അപ്‌ഡേറ്റുകൾ വരുത്തുമെന്ന് മെറ്റ അറിയിക്കുന്നുണ്ട്. ഭാവിയിൽ നിറയെ ഫീച്ചറുകളുള്ള ഒരു ആപ്പാക്കി മാറ്റാൻ തന്നെയാകും കമ്പനി ശ്രമം.


Source link
Exit mobile version