Site icon onlinekeralanews.com

ഇത് നിങ്ങളെ ചിരിപ്പിച്ചുനേടിയ വീട്; പക്ഷേ…അന്ന് സലിംകുമാർ പറഞ്ഞത്; ഒടുവിൽ ചിരിനിലച്ച് ലാഫിങ് വില്ല


സിനിമ ഇഷ്ടപ്പെടുന്ന ശരാശരി മലയാളിയുടെ ഒരുദിവസത്തെ സംസാരത്തിൽ ഒരുതവണയെങ്കിലും സലിം കുമാർ ഏതെങ്കിലും സിനിമയിൽ പറഞ്ഞ ഹിറ്റ് ഡയലോഗ് വന്നുപോകുന്നുണ്ടാകും. അതിൽ ‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ’ മുതൽ ‘ഇനി ശരിക്കും ബിരിയാണി കൊടുക്കുണ്ടെങ്കിലോ’…വരെ കാണും. പ്രിയ നടൻ കുറച്ചുവർഷങ്ങൾക്കുമുൻപ് നൽകിയ അഭിമുഖം അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സംക്ഷിപ്തമായി പുനഃപ്രസിദ്ധീകരിക്കുന്നു.ഞാൻ ചിരിപ്പിച്ചു നേടിയ പണം കൊണ്ടുണ്ടാക്കിയതാണ് എന്റെ വീട്. അതുകൊണ്ടാണ് വീടിന് ‘ലാഫിങ് വില്ല’ എന്ന് പേരിട്ടത്. മാത്രമല്ല,  ഞാൻ ബുദ്ധന്റെ ഒരു ആരാധകനാണ്. എന്റെ വീട്ടിൽ ഒരു ബുദ്ധിസം കളിയാടുന്നുണ്ടെന്ന് വീട്ടിൽ കയറിവരുമ്പോൾത്തന്നെ മനസ്സിലാകും. വീടിന്റെ പലയിടത്തും ബുദ്ധന്റെ പ്രതിമ വച്ചിട്ടുണ്ട്. കുടുംബവീട് എനിക്കായിരുന്നു തന്നത്, ബാക്കി എല്ലാവരും മാറി താമസിച്ചിരുന്നു. തറവാട് നിൽക്കുന്ന സ്ഥലത്ത് വീട് പണിയണം എന്നായിരുന്നു ആഗ്രഹം. കുടുംബവീട് പൊളിച്ചിട്ടാണ് ഈ വീട് പണിയുന്നതിനെപ്പറ്റി ആലോചിച്ചത്. പക്ഷേ വീടിന്റെ സ്ഥാനം കാണാൻ വന്ന ആള് പറഞ്ഞു: ‘ഇത് വീടിനു പറ്റിയ സ്ഥലമല്ല ഇവിടെ മുഴുവൻ ചെളിയാണ്. നിങ്ങൾക്ക് വേറെ സ്ഥലം വല്ലതുമുണ്ടോ’…എന്ന്.  ഞാൻ പറഞ്ഞു: ‘എനിക്ക് ഇവിടെയാണ് വീട് വേണ്ടത്, രണ്ടര കിലോമീറ്റർ അകലെ ഒരു സ്ഥലം വാങ്ങിയിട്ടിട്ടുണ്ട്. ഇവിടെ വീട് പണിയാൻ കൊള്ളില്ലെങ്കിൽ അവിടെ പോയി നോക്കാം. അങ്ങനെയാണ് ഇപ്പോൾ വീട് പണിത സ്ഥലം വന്നുകാണുന്നത്. ഈ പറമ്പിലേക്ക് കാലുകുത്തിയപ്പോൾ തന്നെ അദ്ദേഹം പറഞ്ഞു  ഇത് ഐശ്വര്യമുള്ള സ്ഥലമാണ് ഇവിടെ തന്നെ വീട് പണിയാം. തറവാട് പൊളിക്കുകയും ചെയ്തു, വീട് പണിയാനും പറ്റില്ല, പിന്നെ ഈ വീട് പണിയുന്ന സമയത്ത് ഞാൻ ഒരു വാടകവീട്ടിൽ താമസിച്ചുകൊണ്ടാണ് പണി നടത്തിയത്.  ആ വീട് പൊളിക്കണ്ടായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. ‘അബദ്ധ’ത്തിൽ വലുതായ വീട്…62 സെന്റിലാണ് വീടിരിക്കുന്നത്. വലിയ മുറ്റമുണ്ട്, വീടിനു പിന്നിൽ ഭാര്യയുടെ കുറച്ചു കൃഷിയുണ്ട്. അക്വാപോണിക്സ് ആണ് ചെയ്യുന്നത്, ഒപ്പം മീൻ വളർത്തലുമുണ്ട്. അതിൽ ഉണ്ടാകുന്ന മീനുകളെ കറി വയ്ക്കാറില്ല. സ്നേഹിച്ചു വളർത്തുന്ന മീനുകളാണ്. വീട്ടിലേക്ക് അത്യാവശ്യമുള്ള വെണ്ടയ്ക്ക വഴുതന, തക്കാളി, അമരപ്പയർ എല്ലാം കിട്ടും. ഉരുളക്കിഴങ്ങും സവാളയും മാത്രം വാങ്ങിയാൽ മതി. ഇതെല്ലാം  നോക്കി നടത്തുന്നത് ഭാര്യതന്നെയാണ്. വീട് വൃത്തിയാക്കി വയ്ക്കാൻ ഒരു പണിക്കാരനുണ്ട്. അല്ലാതെ നമുക്ക് ഒറ്റയ്ക്ക് പറ്റില്ല.  ഇത്രയും വലിയ വീട് വയ്ക്കാൻ പ്ലാൻ ഇല്ലായിരുന്നു. ഒരു അബദ്ധം പറ്റിയതാണ്. വീടിന്റെ പ്ലാൻ വരച്ചപ്പോൾ ഞാൻ ചോദിച്ചു: ‘എത്ര സ്‌ക്വയർ ഫീറ്റ് ഉണ്ട്’. 3000 സ്‌ക്വയർ ഫീറ്റ് ഉണ്ടെന്ന് പുള്ളി പറഞ്ഞു. പക്ഷേ പറഞ്ഞത് താഴത്തെ നിലയുടെ കാര്യം മാത്രം ആയിരുന്നു. അത് എനിക്ക് മനസിലായില്ല. അത്രയ്ക്കും വലുപ്പംതന്നെ മുകളിലും ഉണ്ട്. പണിതു തുടങ്ങിപ്പോയിരുന്നു പിന്നെ മാറ്റാനും പറ്റില്ല. ഞാൻ പിന്നെ വിചാരിച്ചു ജീവിതത്തിൽ ഒരിക്കലല്ലേ വീട് വയ്ക്കൂ, അത് നന്നായിത്തന്നെ ഇരിക്കട്ടെ.  ഞാൻ പ്ലാൻ ചെയ്തതിനേക്കാൾ ഒരുപാട് പണം ചെലവായി.  എന്റെ അദ്ധ്വാനത്തിന്റെ മുക്കാൽ ഭാഗവും വീടുപണിക്കായി ചെലവഴിച്ചു. വീടിന്റെ വലുപ്പത്തിനനുസരിച്ച് മറ്റു ചെലവുകളും വരുമല്ലോ. 


Source link

CINEMA

CINEMA
Exit mobile version