മേലേചൊവ്വയിലെ മേൽപാലത്തിന്റെ വിധിയെന്ത്? പദ്ധതി ഉപേക്ഷിക്കാനുള്ള ആലോചനയിൽ സർക്കാർ; പൊളിച്ചുമാറ്റിയത് നൂറോളം കെട്ടിടങ്ങൾ

കണ്ണൂർ ∙ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപ്പിലാക്കുന്ന പദ്ധതികൾ പാതിവഴിയിൽ ഉപേക്ഷിക്കുന്ന മേലെചൊവ്വയുടെ വിധിക്ക് മാറ്റമില്ല. സ്ഥലത്ത് നിർമാണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന മേൽപാലം പദ്ധതിയും ഉപേക്ഷിക്കാനുള്ള ആലോചനയിലാണ് സർക്കാർ. ദേശീയപാത കണ്ണൂർ റോഡിലെ ധർമസമാജം സ്കൂൾ മുതൽ തലശ്ശേരി റോഡിലെ ചൊവ്വ ശിവക്ഷേത്രം കിഴക്കേ നട റോഡ് വരെ നിർമിക്കാനുദ്ദേശിച്ചിരുന്ന മേൽപാലം പദ്ധതി അശാസ്ത്രീയമാണെന്ന് പറഞ്ഞാണ് ഉപേക്ഷിക്കാനുള്ള നീക്കം തുടങ്ങിയിട്ടുള്ളത്.കണ്ണൂർ–തലശ്ശേരി–മട്ടന്നൂർ റോഡുകൾ ചേരുന്ന മേലെചൊവ്വ ജംക്‌ഷനിൽ മുഴുവൻ സമയ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള ആദ്യത്തെ പദ്ധതി ട്രാഫിക് പൊലീസും ദേശീയപാത–പൊതുമരാമത്ത് വകുപ്പും ചേർന്ന് 10 വർഷം മുൻപ് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചതായിരുന്നു. ജംക്‌ഷനിൽ സ്ഥല പരിമിതിയുള്ളതിനാൽ തലശ്ശേരി റോഡിലും കണ്ണൂർ ഭാഗത്തേക്കും മട്ടന്നൂർ ഭാഗത്തേക്കും ഉള്ള റോഡുകളിൽ സ്ഥാപിച്ച സിഗ്നൽ ലൈറ്റുകൾ വാഹന ഡ്രൈവർമാർക്ക് കാണാൻ പറ്റുന്നില്ലെന്നും പദ്ധതി അശാസ്ത്രീയമാണെന്നും പറഞ്ഞാണ് ഈ സിഗ്നൽ പദ്ധതി ഉപേക്ഷിച്ചത്.പദ്ധതി വേണമെന്ന് ആവശ്യം ദേശീയപാതയായി മാറാൻ പോകുന്ന മേലെചൊവ്വ–മട്ടന്നൂർ റോഡ് കണ്ണൂർ നഗര ഭാഗത്ത് നിന്ന് എളുപ്പത്തിൽ മട്ടന്നൂർ വിമാനത്താവളത്തിലേക്ക് എത്താൻ പറ്റുന്ന പ്രധാന റോഡാണ്. മാത്രമല്ല മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് കണ്ണൂരിൽ നിന്നുള്ള പ്രധാന റോഡ് കൂടിയാണ് ഇത്. നാൾക്കുനാൾ ഗതാഗതത്തിരക്ക് വർധിച്ച് വരുന്ന മേലെചൊവ്വ–മട്ടന്നൂർ റോഡ് 4 വരിയാക്കാനുള്ള പദ്ധതിയും തീരുമാനിച്ചിട്ടുണ്ട്. പുതിയ ദേശീയപാതയിലൂടെ കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കണ്ണൂർ നഗരത്തിലേക്ക് വരാൻ ചാലയിൽ നിന്ന് സർവീസ് റോഡിലേക്കാണ് ഇറങ്ങേണ്ടി വരിക. ദേശീയപാതയിലേക്കുള്ള പ്രവേശനവും ചാലയിൽ നിന്ന് തന്നെയാണ്.
Source link
