Site icon onlinekeralanews.com

വിറകടുപ്പുകൾ വീണ്ടും ഹാജർ! സർക്കാർ നിർദേശത്തെ തുടർന്ന് സ്കൂളിന്റെ പടികടത്തിയ വിറകടുപ്പുകൾ തിരികെ വരുന്നു


പത്തനംതിട്ട ∙ സംസ്ഥാനത്തെ സ്കൂളുകളിൽ വീണ്ടും വിറകടുപ്പുകൾ പുകയുന്നു. മുൻപു സംസ്ഥാന സർക്കാർ നിർദേശത്തെ തുടർന്നു സ്കൂളിന്റെ പടി കടത്തിയ വിറകടുപ്പുകളാണ് പാചകവാതക ക്ഷാമത്തെ തുടർന്നു മറ്റു വഴികളില്ലാതെ വീണ്ടും സ്കൂളിൽ സജ്ജമാക്കേണ്ടി വരുന്നത്. പാചകവാതകം തീരുമ്പോൾ പുതിയ സിലിണ്ടർ ലഭിക്കുന്നതു വരെ വിറകടുപ്പ് ഉപയോഗിക്കാനാണു സ്കൂൾ പ്രധാനാധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പിൽ നിന്നു നൽകിയ നിർദേശം. അത്യാവശ്യ സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ വിറകും സംഭരിക്കാൻ നിർദേശമുണ്ട്. മഴക്കാലത്തു പാമ്പുകൾ സുരക്ഷിത ഇടമായി കണ്ടു വിറകിനിടയിൽ പതിയിരിക്കാനുള്ള സാധ്യതയും അപകടഭീഷണിയാകുന്നുണ്ട്.മുൻപു സ്കൂളുകളിൽ വിറകടുപ്പിലായിരുന്നു കഞ്ഞി ഉൾപ്പെടെ പാചകം ചെയ്തിരുന്നത്. എന്നാൽ വിറകിലും മറ്റും തട്ടി വീണും അടുപ്പിൽ നിന്നു വസ്ത്രത്തിലേക്കു തീ പടർന്നും തുടർച്ചയായി അപകടങ്ങൾ ഉണ്ടായതോടെയാണു സ്കൂളുകളിൽ അടുപ്പുകൾക്കു നിയന്ത്രണം ഏർപ്പെടുത്തിയത്. വിറകിൽ തട്ടി നിലത്തുവീണു തലയിടിച്ചു പാചകത്തൊഴിലാളികൾ മരിച്ച സംഭവങ്ങളുമുണ്ടായി. നിലവിൽ ഭൂരിഭാഗം സ്കൂളുകളിലും പാചക വാതക കണക്‌ഷനും എടുത്തിട്ടുണ്ട്. പാചകവാതകം ലഭ്യമാക്കുന്നതിനു സ്കൂളുകൾക്കു മുൻഗണന നൽകിയിട്ടുണ്ടെങ്കിലും ചിലപ്പോൾ ഏതാനും ദിവസങ്ങളോളം വൈകിയാണു പുതിയ സിലിണ്ടർ ലഭിക്കുന്നത്.


Source link
Exit mobile version