‘അമ്മയാണ് ഞാൻ; കുഞ്ഞിനെ തിരികെ വേണം’: അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച മകനെ തിരികെ ചോദിച്ച് അമ്മ കലക്ടറേറ്റിൽ

കോഴിക്കോട് ∙ ‘‘കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കുമ്പോൾ, അവനെങ്കിലും ജീവിക്കട്ടെ എന്നേ കരുതിയുള്ളൂ. മടങ്ങുമ്പോൾ ഇടയ്ക്കൊന്നു തിരിഞ്ഞു നോക്കി; അവന്റെ ഓമന മുഖം ഇരുട്ടിൽ ഒരു നോക്കു കണ്ടു. പിന്നെ ഉറങ്ങിയിട്ടില്ല. ഇനി വയ്യ; അവനെ തിരിച്ചു വേണം.’’ പ്രസവിച്ച് എട്ടാം നാൾ കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച ആ അമ്മയുടെ ആവശ്യം അതു മാത്രമാണ്. കുഞ്ഞിനെ തിരികെ വേണം. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിൽ കോഴിക്കോട് ബീച്ച് ഗവ. ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ ആൺകുഞ്ഞിനെ ഉപേക്ഷിച്ചു പോയ അമ്മയാണ് മകനു വേണ്ടി തിരിച്ചെത്തിയത്.കുടുംബമായി ജീവിക്കുന്നതിനിടയിൽ മറ്റൊരു സൗഹൃദമുണ്ടായി. പിന്നീട് ഇയാളിൽനിന്ന് അകന്നു. ജോലി പോലുമില്ലാതെ തനിച്ചായിപ്പോയ നാളുകൾ. ആത്മഹത്യയെപ്പറ്റി ചിന്തിച്ച കാലത്താണു മാർച്ച് 4ന് ഈ കുഞ്ഞിന് ജന്മം നൽകിയത്. എട്ടാം ദിനം വൈകിട്ട് ആശുപത്രിയിൽ നിന്ന് ഇറങ്ങി. മൂത്ത മകനോടൊപ്പം നഗരത്തിൽ ചുറ്റിക്കറങ്ങി കടലോരത്തെത്തി കുഞ്ഞിനു പാൽ നൽകി. ഒടുവിൽ കുഞ്ഞെങ്കിലും വളരട്ടെയെന്ന് കരുതി അമ്മത്തൊട്ടിലിൽ കൊണ്ടു വയ്ക്കുകയായിരുന്നു. ആരോഗ്യപ്രവർത്തകർ അവനെ കണ്ടെത്തി “ആരവ്” എന്ന് പേരിട്ടു.
Source link
