Site icon onlinekeralanews.com

സലിം കുമാറിന്റെ സ്വന്തം ‘ലാഫിംഗ് വില്ല; വീടിന് അങ്ങനെയൊരു പേരിട്ടതിന് കാരണമുണ്ട് 

കൊച്ചി: ഭക്ഷണപ്രി​യനും സത്കാരപ്രി​യനുമായ സലിംകുമാറിന്റെ ‘ലാഫിംഗ് വില്ലയിലെ” സ്വീകരണമുറിയിൽ മാത്രമല്ല അടുക്കളയിലും നിറയെ കൗതുകങ്ങൾ. നേരത്തേ പറഞ്ഞിട്ടുചെന്നാൽ ബിരിയാണി ഉറപ്പ്. നല്ലൊരു പാചകക്കാരൻ കൂടിയായ അദ്ദേഹമുണ്ടാക്കിയ ഹൽവയും കേക്കും കഴിക്കാം. അഞ്ച് അച്ചാറുകളെങ്കിലും ഉണ്ടാകും. ലെമൺ വൈനും രുചിക്കാം. ബിരിയാണിയിലും കേക്കിലും ചേർക്കുന്ന ഉണക്കമുന്തിരിക്കുമുണ്ട് പ്രത്യേകത. മുന്തിരി വാങ്ങി മഞ്ഞൾ,ഉപ്പ്,വിനാഗിരി എന്നിവ ചേർത്ത് അരമണിക്കൂർ വച്ചിട്ട് ആവികയറ്റി ഉണക്കിയെടുക്കും. ഒരെണ്ണം കഴിച്ചാൽ പിന്നെ പാത്രത്തിൽനിന്ന് പിടിവിടില്ലെന്ന് മൂപ്പരുടെ ഗ്യാരന്റി.

ദേശീയ-സംസ്ഥാന അവാർഡുകൾക്കു പുറമേ ഒട്ടേറെ ചിത്രങ്ങളും,ശില്പങ്ങളും വലിയൊരു നെറ്റിപ്പട്ടവുമുണ്ട്. സുഖമില്ലാതെ കിടന്നപ്പോഴാണ് നെറ്റിപ്പട്ടം നിർമ്മിക്കാൻ പഠിച്ചത്. കലാകാരന്റെ വീടാണെന്ന് ഓരോമുറിയും കാട്ടിത്തരുന്നു. നിറയെ കൊത്തുപണികൾ. വീടിന്റെ അകത്തെ ഡിസൈൻ മുഴുവൻ സ്വന്തം. എവിടെപ്പോയാലും കൗതുകമുള്ളവ വാങ്ങുന്നതായിരുന്നു ശീലം. അതെവിടെ, എങ്ങനെ വയ്ക്കണമെന്നും അറിയാമായിരുന്നു.

ഈ രണ്ടുനില വീടിന് ലാഫിംഗ് വില്ല എന്ന് പേരിട്ടതിനും കാരണമുണ്ട്. വയസുകാലത്ത് അടങ്ങിയൊതുങ്ങി ഇരിക്കാനുള്ളതാണ്. ഏതുമുറിയിൽ ഇരുന്നാലും സന്തോഷവും മനഃസമാധാനവും വേണം. ഈ വീട്ടിലിരുന്നാൽ വേറെ എവിടേക്കും പോകേണ്ടന്നുതോന്നും. വീടുപണിയാൻ എത്രരൂപയായെന്ന് ചോദിച്ചാൽ ”പണി കഴിഞ്ഞപ്പോൾ ഞാൻ ഒന്നൊന്നര ഞെട്ടുഞെട്ടി.വീണ്ടും ഞെട്ടാൻ താത്പര്യം ഇല്ലാത്തതിനാൽ വീടുപണിയെക്കുറിച്ച് ഇപ്പോൾ ഓർക്കാറില്ല “”എന്നായിരിന്നു മറുപടി.

വലിയൊരു വീട് വേണമെന്ന് ആഗ്രഹമായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് വളർന്നത്. പലയിടത്തും അവഗണിക്കപ്പെട്ടിട്ടുണ്ട്. കോട്ടയം റെയിൽവേ സ്റ്റേഷനിൽ യാത്രയ്ക്ക് പണമില്ലാത്തതിനാൽ ഒരാളോട് 20 രൂപ ചോദിച്ചു. വീട്ടിൽ ചെന്നിട്ട് അയച്ചുതരാമെന്നു പറ‌ഞ്ഞപ്പോൾ ”എടോ തന്നെ ഞാൻ അറിയും, സ്റ്റേജ് പരിപാടികൾ കണ്ടിട്ടുണ്ട്, പണം തിരികെ വേണ്ട””എന്നായിരുന്നു മറുപടി. അന്ന് ട്രെയിനിലിരുന്ന് പൊട്ടിക്കരഞ്ഞുപോയി. അതെല്ലാം ഓർക്കുമ്പോൾ ആ പഴയ സലിംകുമാർ തന്നെനോക്കി ചിരിക്കുമെന്ന് പറയുമായിരുന്നു.

വിശാലമായൊരു ലൈബ്രറിയുമുണ്ട്. അവിടെ വേദോപനിഷത്തുകളും മലയാളത്തിലെ മിക്കവാറും എഴുത്തുകാരുടെ പുസ്തകങ്ങളുമുണ്ട്. ഹോം തിയേറ്റർ,ചെറിയൊരു മീൻകുളം, പച്ചക്കറിത്തോട്ടം എന്നിവയുമുണ്ട്. എന്താണ് അവിടെയില്ലാത്തത് എന്നു ചോദിച്ചവരോട് സന്തോഷമടക്കം എല്ലാമുണ്ട് എന്നു പറയുമായിരുന്നു. ഗൃഹനാഥൻ പടിയിറങ്ങിയെങ്കിലും ലാഫിംഗ് വില്ലയിൽ ആ പൊട്ടിച്ചിരിയുടെ മുഴക്കമുണ്ട്.


Source link
NEWS
Exit mobile version