നാലുവർഷ ബിരുദം പഠിക്കാൻ സമിതി
കൊച്ചി: പുതുതലമുറയുടെ വിദേശത്തേക്കുള്ള ഒഴുക്ക് തടയാൻ അന്താരാഷ്ട്ര നിലവാരമുള്ള കോഴ്സുകൾ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. കൊച്ചി പ്രസ് ക്ലബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ മേഖലയിൽ രാഷ്ട്രീയ താത്പര്യങ്ങൾ കടത്തിവിടില്ല. അദ്ധ്യാപകർ മുതൽ വൈസ് ചാൻസലർമാരുടെ വരെ നിയമനത്തിൽ കർശന മാനദണ്ഡങ്ങൾ പാലിക്കും.
നാലുവർഷ ബിരുദ പ്രോഗ്രാം (എഫ്.ഐ.യു.ജി.പി) നടപ്പാക്കിയതിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും പ്രതിസന്ധി നേരിടുന്നുണ്ട്. ഇതിന്റെ പോരായ്മകൾ പഠിക്കാൻ വിദഗ്ദ്ധസമിതിയെ നിയോഗിക്കും. സമിതി ശുപാർശകളുടെ അടിസ്ഥാനത്തിൽ കോഴ്സുകൾ സമഗ്രമായി പരിഷ്കരിക്കും. തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അനുമതി നൽകും. കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതിയുടെ പ്രവർത്തനരൂപം വേഗത്തിൽ തയ്യാറാക്കും.
കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും വലിയ ആശങ്കയിലാണ്. സർക്കാർ എല്ലാ നടപടികളും പൂർത്തിയാക്കിയിട്ടും സി.ബി.എസ്.ഇ ഫലപ്രഖ്യാപനം വൈകുന്നത് പ്രതിഷേധാർഹമാണ്.
ഗവർണറുമായി
യുദ്ധത്തിനില്ല
സർവകലാശാലാ നിയമനങ്ങളുമായി ബന്ധപ്പെട്ട് ഗവർണറുമായി യുദ്ധത്തിനില്ല. ഇതൊരു ഗുസ്തിമത്സരമല്ല. എന്നാൽ സർക്കാരിന്റെ നയങ്ങളിലും നിലപാടുകളിലും വിട്ടുവീഴ്ചയുമുണ്ടാകില്ല. രാഷ്ട്രീയ താത്പര്യങ്ങൾ സർവകലാശാലകളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ പ്രതിരോധിക്കും. എം.ജി സർവകലാശാലാ സെനറ്റ് നിയമനത്തിൽ കൂടിയാലോചന നടന്നിട്ടില്ല. വരാനിരിക്കുന്ന സിൻഡിക്കേറ്റ് നിയമനങ്ങളിൽ സർക്കാരിന്റെ പരിധിയിൽവരുന്ന കാര്യങ്ങളിൽ വിട്ടുവീഴ്ചയുണ്ടാവില്ല.
Source link
NEWS

