കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: സിപിഎമ്മിന് തിരിച്ചടി; പ്രതികൾക്ക് കോടതി നോട്ടിസ്

കൊച്ചി ∙ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസിൽ സിപിഎമ്മിന് തിരിച്ചടി. കേസിൽ ഇ.ഡി സമർപ്പിച്ച അനുബന്ധ കുറ്റപത്രം സ്വീകരിച്ച് എറണാകുളം പിഎംഎൽഎ പ്രത്യേക കോടതി ഉത്തരവിട്ടു. കേസിൽ സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി ഉൾപ്പെടെ പുതുതായി ഉൾപ്പെടുത്തിയ 28 പ്രതികൾക്കും കോടതി സമൻസ് അയച്ചു. എ.സി.മൊയ്തീൻ എം.എൽ.എ (67ാം പ്രതി), കെ.രാധാകൃഷ്ണൻ എം.പി (70ാം പ്രതി) എന്നിവരെ വിചാരണ ചെയ്യാൻ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമില്ലെന്നും സ്പെഷൽ ജഡ്ജി ശബരീനാഥൻ പി. ഉത്തരവിട്ടു.ഈ കേസിൽ ചുമത്തിയിട്ടുള്ള കുറ്റകൃത്യങ്ങൾ ഇരുവരും തങ്ങളുടെ ഔദ്യോഗിക പദവികളുടെയോ ചുമതലകളുടെയോ ഭാഗമായി ചെയ്തതല്ലെന്ന് കോടതി നിരീക്ഷിച്ചു. നിയമസഭാംഗമെന്നോ പാർലമെന്റംഗമെന്നോ ഉള്ള നിലയിലുള്ള ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ പരിധിയിൽ വരുന്നതല്ല ഇത്തരം ആരോപണങ്ങൾ. അതിനാൽ ബിഎൻഎസ്എസ് സെക്‌ഷൻ 218 അല്ലെങ്കിൽ സിആർപിസി വകുപ്പ് 197 പ്രകാരമുള്ള ഭരണഘടനാപരമായ വിചാരണാനുമതി ഇവർക്ക് ബാധകമല്ലെന്ന് കോടതി പറഞ്ഞു. നിലവിൽ സമർപ്പിച്ചിട്ടുള്ള രേഖകളും സാക്ഷിമൊഴികളും പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം ചുമത്താൻ മതിയായതാണ് എന്നാണ് കോടതിയുടെ പ്രധാന കണ്ടെത്തൽ.കേസിൽ 55 പ്രതികൾക്കെതിരെ ഇ.ഡി ആദ്യ കുറ്റപത്രം നൽകിയിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് എ.സി.മൊയ്തീൻ, കെ.രാധാകൃഷ്ണൻ എന്നിങ്ങനെ 28 പേരുൾപ്പെട്ട രണ്ടാം കുറ്റപത്രം സമർപ്പിച്ചത്. പ്രതി ചേർക്കപ്പെട്ട മുഴുവൻ ആളുകളോടും ജൂലൈ നാലിന് നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
Source link
