സംസ്ഥാനത്ത് കാലവർഷം എത്തിയതിനാൽ റോഡപകടങ്ങളുടെ നിരക്കും വർദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ കാറും ബൈക്കുമടക്കം ഓടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണം. നിരത്തിലെ ചെറിയൊരു അശ്രദ്ധ പോലും വലിയ അപകടങ്ങളിലേക്ക് നയിക്കാം. മഴയത്ത് സുരക്ഷിതമായി വാഹനമോടിക്കാൻ സഹായിക്കുന്ന പ്രധാന നിർദ്ദേശങ്ങൾ താഴെ നൽകുന്നു:
വാഹനം മുൻകൂട്ടി പരിശോധിക്കുക
യാത്ര പുറപ്പെടുന്നതിന് മുൻപ് നിങ്ങളുടെ ബൈക്കോ കാറോ എന്ത് തന്നെയായാലും കൃത്യമായ കണ്ടീഷനിലാണോ എന്ന് ഉറപ്പുവരുത്തണം. കനത്ത മഴയിലും കാഴ്ച വ്യക്തമാക്കാൻ വൈപ്പറുകൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ടയറുകളുടെ ത്രെഡ് തേഞ്ഞുതീർന്നതല്ലെന്നും പ്രഷർ കൃത്യമാണെന്നും പരിശോധിക്കുക. തേയ്മാനം സംഭവിച്ച ടയറുകൾ വഴുക്കലുള്ള റോഡിൽ പെട്ടെന്ന് തെന്നി മാറാൻ കാരണമാകും. ഹെഡ്‌ലൈറ്റുകൾ, ബ്രേക്ക് ലൈറ്റുകൾ, ഇൻഡിക്കേറ്ററുകൾ എന്നിവ കൃത്യമായി പ്രവർത്തിക്കുന്നണ്ടോയെന്നും ഉറപ്പുവരുത്തണം.
വേഗത കുറച്ച് സുരക്ഷിത അകലം പാലിക്കുക
മഴ സമയങ്ങളിൽ റോഡിന് ഗ്രിപ്പ് കുറവായതിനാൽ വാഹനം പെട്ടെന്ന് നിർത്തിയാൽ വഴുതിപ്പോകാൻ സാദ്ധ്യതയുണ്ട്. അതിനാൽ സാധാരണ പോകുന്ന വേഗതയേക്കാൾ കുറഞ്ഞ വേഗതയിൽ മാത്രം വാഹനമോടിക്കാൻ ശ്രദ്ധിക്കണം. മുന്നിലുള്ള വാഹനവുമായി എപ്പോഴും കൃത്യമായ അകലം പാലിച്ചിരിക്കണം.
ലൈറ്റുകൾ ഓൺ ചെയ്യുക
പകൽ സമയത്താണെങ്കിൽ പോലും കനത്ത മഴയുള്ളപ്പോൾ ഹെഡ്‌ലൈറ്റുകൾ ഓൺ ചെയ്യുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ വാഹനം മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാൻ സഹായിക്കും. എന്നാൽ ഹൈ ബീം ലൈറ്റുകൾ ഒഴിവാക്കുക. ഇത് മഴത്തുള്ളികളിൽ തട്ടി പ്രതിഫലിച്ച് നിങ്ങളുടെ തന്നെ കാഴ്ച മങ്ങാൻ ഇടയാക്കും.
പെട്ടെന്ന് വാഹനം വെട്ടിതിരിക്കരുത്
മഴയത്ത് പെട്ടെന്ന് ബ്രേക്ക് ചെയ്യുകയോ, ആക്സിലറേഷൻ കൂട്ടുകയോ, പൊടുന്നനെ വളവുകൾ തിരിക്കുകയോ ചെയ്യരുത്. പെട്ടെന്നുള്ള ഇത്തരം നീക്കങ്ങൾ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തും. സുഗമമായി മാത്രം ബ്രേക്കും സ്റ്റിയറിംഗും കൈകാര്യം ചെയ്യുക.
ഹൈഡ്രോപ്ലാനിംഗ് എന്താണെന്ന് തിരിച്ചറിയുക
റോഡിലെ വെള്ളക്കെട്ടിലൂടെ വേഗത്തിൽ പോകുമ്പോൾ ടയറുകൾക്കും റോഡിനും ഇടയിൽ ഒരു ജലപാളി രൂപപ്പെടുകയും ടയറിന് റോഡുമായുള്ള സമ്പർക്കം നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത്. ഇത് ഒഴിവാക്കാൻ മുന്നിൽ പോകുന്ന വാഹനങ്ങളുടെ ടയറിന്റെ പാടുകളിലൂടെ വണ്ടി ഓടിക്കാൻ ശ്രമിക്കുക. മഴയത്ത് ക്രൂയിസ് കൺട്രോൾ സംവിധാനം പൂർണമായും ഒഴിവാക്കുക.
ശ്രദ്ധ റോഡിൽ മാത്രമായിരിക്കട്ടെ
മഴയത്ത് ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം, റേഡിയോ അഡ്ജസ്റ്റ് ചെയ്യൽ തുടങ്ങിയ ശ്രദ്ധ തിരിക്കുന്ന കാര്യങ്ങൾ പൂർണമായും ഒഴിവാക്കുക. രണ്ടു കൈകളും സ്റ്റിയറിംഗിൽ ഉറപ്പിച്ചു പിടിച്ച്, റോഡിലെ തടസങ്ങളും വെള്ളക്കെട്ടുകളും ശ്രദ്ധിച്ച് വേണം മന്നോട്ട് പോകാൻ.
വെള്ളക്കെട്ടുകളെ സൂക്ഷിക്കുക
റോഡിലെ ചെറിയ വെള്ളക്കെട്ടുകൾക്കടിയിൽ വലിയ കുഴികളോ മറ്റ് അപകടങ്ങളോ ഒളിഞ്ഞിരിപ്പുണ്ടാകാം. വെള്ളക്കെട്ടിലൂടെ പോകുമ്പോൾ വേഗത പരമാവധി കുറയ്ക്കുക. വഴിയിൽ നടക്കുന്ന കാൽനടയാത്രക്കാരുടെ മേൽ വെള്ളം തെറിക്കാതെ സൂക്ഷിക്കേണ്ടത് പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം വളരെ കൂടുതലാണെങ്കിൽ ആ വഴി ഒഴിവാക്കി മറ്റൊരു വഴി തിരഞ്ഞെടുത്ത് യാത്ര തുടരാവുന്നതാണ്.
ബ്രേക്കുകളുടെ കാര്യക്ഷമത
മഴക്കാലത്തിന് തൊട്ടുമുൻപ് തന്നെ വണ്ടിയുടെ ബ്രേക്കൊക്കെ പരിശോധിച്ച് മെക്കാനിക്കിനെ കാണിച്ച് ഉറപ്പുവരുത്തണം. നനഞ്ഞ റോഡുകളിൽ ബ്രേക്കിന്റെ കാര്യക്ഷമത കുറയാൻ സാദ്ധ്യതയുണ്ട്. ബ്രേക്കിൽ നിന്ന് വേറിട്ട ശബ്ദങ്ങൾ കേൾക്കുകയാണെങ്കിൽ ഉടൻ തന്നെ പരിശോധിക്കുക.
ഡിഫ്രോഗറും വെന്റിലേഷനും ഉപയോഗിക്കുക
മഴയത്ത് വാഹനത്തിനുള്ളിലെയും പുറത്തെയും താപനിലയിലെ വ്യത്യാസം കാരണം ഗ്ലാസുകളിൽ മൂടൽ വരാൻ സാദ്ധ്യതയുണ്ട്. കാഴ്ച മറയ്ക്കുന്ന ഈ പ്രതിഭാസം ഒഴിവാക്കാൻ കാറിലെ ഡിഫ്രോഗറും എയർ വെന്റിലേഷൻ സിസ്റ്റവും കൃത്യമായി ഉപയോഗിക്കുക.
മുൻകൂട്ടി പ്ലാൻ ചെയ്യുക
യാത്ര പുറപ്പെടുന്നതിന് മുൻപ് കാലാവസ്ഥയും പോകുന്ന റൂട്ടിലെ റോഡിന്റെ അവസ്ഥയും മനസിലാക്കുക. മഴയെ തുടർന്ന് റെഡ് അലർട്ട് ആണെങ്കിൽ യാത്രകൾ മാറ്റിവയ്ക്കുക. ദീർഘദൂര യാത്രകളിൽ വണ്ടിയിൽ എപ്പോഴും ഒരു എമർജൻസി കിറ്റ് (ടോർച്ച്, ബ്ലാങ്കറ്റ്, വെള്ളം, ഫസ്റ്റ് എയ്ഡ് കിറ്റ്) കരുതുക.
Source link
NEWS

