തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ കെ സുരേഷ് കുമാറിന്റെ ‘വിഎസിനൊപ്പം എന്റെ ദിനങ്ങൾ’ എന്ന പുസ്തകത്തിൽ പിണറായി വിജയനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ. 2011ൽ വി എസ് സർക്കാരിന് തുടർഭരണം ലഭിക്കാതിരിക്കാൻ അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ ശ്രമിച്ചെന്നാണ് പുസ്തകത്തിൽ പറയുന്നത്. അതിനായി 13 മണ്ഡലങ്ങളിൽ തോൽപിക്കണമെന്ന ഉദ്ദേശത്തോടെ സ്ഥാനാർത്ഥികളെ നിർത്തിയെന്നും സുരേഷ് കുമാർ പറയുന്നു. മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ വി എസ് നിയോഗിച്ച ദൗത്യസംഘത്തിൽ അംഗമായിരുന്നു സുരേഷ്. വി എസ് തന്നെ നേരിട്ട് ഇക്കാര്യങ്ങൾ തന്നോട് വെളിപ്പെടുത്തിയെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.
സിപിഐയുടെ നേതൃത്വത്തിൽ വൻ പണപ്പിരിവ് നടക്കുന്നുവെന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വി എസ് മൂന്നാർ തിരിച്ചുപിടിക്കാൻ ഇറങ്ങിയത്. കയ്യേറ്റം നിരീക്ഷിക്കാൻ അന്നത്തെ മന്ത്രിസഭയിലെ ബിനോയ് വിശ്വം, കെ പി രാജേന്ദ്രൻ എന്നിവരെ ചുമതലപ്പെടുത്തിയെങ്കിലും അവർ കൃത്യമായി ദൗത്യ നിർവഹണം നടത്തിയില്ല. മൂന്നാർ ടൂറിസ്റ്റ് ഹോം എന്ന ഹോട്ടലിന് മുമ്പിലെ സ്ലാബ് പൊളിക്കാൻ മണ്ണുമാന്തിയെത്തിയപ്പോൾ അത് സിപിഐ ഓഫീസാണെന്ന് പറഞ്ഞിരുന്നില്ല. ദൗത്യത്തിന്റെ ഒരുഘട്ടം കഴിഞ്ഞപ്പോൾ സിപിഎമ്മും സിപിഐയും വി എസിനെ വരിഞ്ഞുമുറുക്കിയെന്നും സുരേഷ് പുസ്തകത്തിൽ വെളിപ്പെടുത്തുന്നു.
സുരേഷ് ലോട്ടറി ഡയറക്ടറായിരിക്കെ എറണാകുളത്ത് അടച്ചുപൂട്ടിച്ച 25 ഓൺലൈൻ ലോട്ടറി ടെർമിനലുകൾ വി എസിന്റെ മകൻ അരുൺകുമാറിന്റെ ഭാര്യാ പിതാവിന്റേതായിരുന്നു. ഇക്കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടും ലോട്ടറിക്കെതിരെയുള്ള പോരാട്ടത്തിൽ വിഎസ് പിന്നോട്ട് പോയില്ലെന്ന് മാത്രവുമല്ല അദ്ദേഹം എല്ലാ പിന്തുണയും നൽകിയെന്നും സുരേഷ് പറയുന്നു. ലോട്ടറിക്കാരുടെ കോടികളുടെ വിൽപ്പന നികുതി വെട്ടിപ്പിനെതിരെ സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്ന കാര്യത്തിൽ അന്നത്തെ മന്ത്രിസഭയിലെ ധനകാര്യമന്ത്രി തോമസ് ഐസക് ബോധപൂർവമായ വീഴ്ച വരുത്തിയെന്ന് വി എസ് പറഞ്ഞിരുന്നു- സുരേഷ് കുമാർ പറയുന്നു.
Source link
NEWS

