പൊലീസിനെത്തേടി രഹസ്യവിവരങ്ങൾ, അതിർത്തികളിൽ പ്രത്യേക ക്യാമറ; 48 പേരെ ‘തൂക്കി’, തണ്ടറുമായി എക്സൈസും

കണ്ണൂർ ∙ ലഹരിമരുന്നിന്റെ വിൽപനയും ഉപയോഗവും തടയാൻ പൊലീസിന്റെ ‘തൂഫാനും’ എക്സൈസ് വകുപ്പിന്റെ ‘തണ്ടറും’ വൻ ഹിറ്റ്. തുടങ്ങി 4 ദിവസങ്ങൾക്കകം ‘തൂഫാൻ: ദ് നർകോ ഹണ്ട്’ൽ 41 കേസുകളിലായി 48 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സിറ്റി പൊലീസ് 23 കേസിൽ 29 പേരെയും റൂറൽ പൊലീസ് 18 കേസിൽ 19 പേരെയുമാണ് അറസ്റ്റ് ചെയ്തത്. പൊലീസിന്റെ തൂഫാനിൽ പൊലീസ് സ്റ്റേഷൻ, സബ് ഡിവിഷൻതലം എന്നിവിടങ്ങളിൽ പ്രത്യേക സംഘമാണു പരിശോധനയ്ക്കിറങ്ങിയത്. ഓരോ സ്റ്റേഷനിലും 6 പേർ വീതമുള്ള തൂഫാൻ സംഘമാണുള്ളത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പരിശോധന. തൂഫാൻ തുടങ്ങിയതു മുതൽ പൊലീസിന്റെ ഫോൺ നമ്പറിലേക്ക് ഒട്ടേറെ വിവരങ്ങളാണ് എത്തിയത്. ലഹരിസംഘങ്ങൾ സ്ഥിരമായെത്തുന്ന സ്ഥലങ്ങളിൽ പൊലീസ് പരിശോധന കർശനമാക്കിയിരുന്നു. ഇതിന്റെയെല്ലാം ഫലമാണ് ഇത്രയധികം അറസ്റ്റ് പെട്ടെന്നുണ്ടായത്. അതിർത്തികടന്ന് രാസലഹരി എംഡിഎംഎ, മെത്താഫിറ്റമിൻ, കഞ്ചാവ്, മെത്താംഫെറ്റമിൻ, കഞ്ചാവ് നിറച്ച സിഗരറ്റ്, ഹഷീഷ്, എൽഎസ്ഡി, ചരസ്, ഹൈബ്രിഡ് കഞ്ചാവ് തുടങ്ങിയവ ബെംഗളൂരു, മംഗളൂരു, ഗോവ എന്നിവിടങ്ങളിൽനിന്നാണ് ജില്ലയിലെത്തുന്നത്. വിദേശത്തുനിന്ന് കുറിയർ വഴിയാണ് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്നത്. കർണാടകയിൽനിന്ന് രാത്രി സർവീസ് നടത്തുന്ന ബസുകളിലാണ് ലഹരി കടത്ത് കൂടുതൽ. ബെംഗളൂരുവിൽനിന്ന് അമ്പതോളം ബസുകൾ കണ്ണൂരിലേക്കു സർവീസ് നടത്തുന്നുണ്ട്. അവയെല്ലാം പരിശോധിക്കാനുള്ള ആൾബലം പൊലീസിനും എക്സൈസിനുമില്ല.
Source link
