Site icon onlinekeralanews.com

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഉടൻ; ജോർജ് കുര്യനു പകരം കേരളത്തിൽ നിന്ന് മന്ത്രിയുണ്ടാകുമോ?


ന്യൂഡൽഹി ∙ കേന്ദ്രമന്ത്രിസഭാ പുനഃസംഘടന വൈകില്ലെന്ന് ഉറപ്പായി. സഹമന്ത്രിമാരായ ജോർജ് കുര്യൻ, രവ്നീത് സിങ് ബിട്ടു എന്നിവരുടെ രാജ്യസഭാംഗത്വ കാലാവധി രണ്ടാഴ്ചയ്ക്കകം അവസാനിക്കും. രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാർഥിപ്പട്ടികയിൽ ഇരുവരും ഉൾപ്പെട്ടിട്ടില്ല. അംഗത്വ കാലാവധി അവസാനിച്ചാലും 6 മാസം വരെ മന്ത്രിപദത്തിൽ തുടരാമെങ്കിലും പുനഃസംഘടന വരാനിരിക്കുന്ന സാഹചര്യത്തിൽ ഇരുവരും അടുത്ത ദിവസം രാജിവയ്ക്കും.കോർപറേറ്റ്കാര്യ മന്ത്രാലയത്തിന്റെയും ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെയും ചുമതലയുള്ള സഹമന്ത്രി ഹർഷ് മൽഹോത്രയെ ഒരാഴ്ച മുൻപു ബിജെപി ഡൽഹി ഘടകത്തിന്റെ അധ്യക്ഷനായി നിയമിച്ചിരുന്നു. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയെ ഡിസംബറിൽ ഉത്തർപ്രദേശിലെ ബിജെപി അധ്യക്ഷനായും നിയോഗിച്ചു. ഇരുവരും ഇപ്പോഴും സ്ഥാനമൊഴിഞ്ഞിട്ടില്ലെങ്കിലും 2 പദവികളും ഒന്നിച്ചു കൊണ്ടുപോകുക പ്രയാസമാണ്. ബിജെപിയുടെ പ്രഖ്യാപിത നയപ്രകാരവും ഇത് അസാധ്യമാണ്. മന്ത്രിസഭാ പുനഃസംഘടനയിൽ ഈ മന്ത്രാലയങ്ങളിലെല്ലാം പുതുമുഖങ്ങളെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ നേട്ടമുണ്ടാക്കാൻ കഴിയും വിധമായിരിക്കും പുതിയ മന്ത്രിമാരെ നിശ്ചയിക്കുക. ഉത്തർപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങൾക്കു മികച്ച പരിഗണന ഉറപ്പാണ്. ജോർജ് കുര്യനു പകരം കേരളത്തിൽ നിന്ന് ഉടൻ മന്ത്രിയുണ്ടാകാൻ സാധ്യത കുറവാണ്. ബിജെപിയും എൻഡിഎയും ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗം 10 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേരുന്നുണ്ട്. ഇതിനു ശേഷമായിരിക്കും പുനഃസംഘടനയ്ക്ക് അന്തിമ രൂപം നൽകുക.


Source link
Exit mobile version