Site icon onlinekeralanews.com

ലോട്ടറി ക്ഷേമനിധി തട്ടിപ്പ് 6 കോടിയുടെ നോട്ടുകൾ കത്തിച്ചെന്ന് പ്രതി തട്ടിച്ചെടുത്തത് 16 കോടി

തിരുവനന്തപുരം: ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോർഡിൽ നിന്ന് തട്ടിയെടുത്ത 16 കോടിയിൽ ആറ് കോടി രൂപയുടെ നോട്ടുകൾ കത്തിച്ചു കളഞ്ഞെന്ന് പ്രതിയുടെ മൊഴി. നോട്ട് നിരോധനത്തെ തുടർന്നാണ് ആയിരം, അഞ്ഞൂറ് രൂപയുടെ നോട്ടുകൾ കത്തിച്ചതെന്നാണ് കേസിലെ ഒന്നാംപ്രതിയും ക്ഷേമനിധി ബോർഡിലെ ക്ലാർക്കുമായ കെ.സംഗീത് വിജിലൻസിന് മൊഴി നൽകിയത്. 2017ൽ പോങ്ങുംമൂട്ടിലെ വീട്ടിലെ ഇൻസിനറേറ്ററിൽ ഇട്ടാണ് കത്തിച്ചതെന്നും വ്യക്തമാക്കി.

തട്ടിയെടുത്ത പണത്തിൽ പകുതിയോളം എന്തിന് ഉപയോഗിച്ചെന്ന് കണ്ടെത്താനാകാത്തതിനെ തുട‌ർന്ന് സംഗീതിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് രാത്രിസമയത്ത് നോട്ടുകൾ കത്തിച്ചെന്ന് വെളിപ്പെടുത്തിയത്. തുടർന്ന് വിജിലൻസ് സംഘം ഇയാളുടെ വീട്ടിലെത്തി ഫോറൻസിക് പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചു.

സംഗീതിന്റെ സുഹൃത്തും ഇടനിലക്കാരനുമായ അനിൽകുമാർ, സംഗീതിന്റെ സഹോദരൻ സമ്പത്ത് എന്നിവരും കേസിൽ പ്രതികളാണ്. ക്യാഷ് ബുക്ക്, ഓഫീസ് എക്സ്‌പെൻസസ് രജിസ്​റ്റർ,ചെക്ക് ബുക്കുകൾ എന്നിവ ദുരുപയോഗം ചെയ്തും വ്യാജരേഖകൾ ചമച്ചും 2012മുതൽ 2021വരെ 16 കോടി തട്ടിയെടുത്തെന്നാണ് വിജിലൻസ് കണ്ടെത്തിയത്. ഈ പണമുപയോഗിച്ച് വൻതോതിൽ സംഗീത് ഭൂമി വാങ്ങിക്കൂട്ടി.

റിയൽ എസ്​റ്റേ​റ്റ് ബിസിനസിൽ മുടക്കിയെന്നും വീട് നിർമ്മിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. അനിൽ ഈ പണമുപയോഗിച്ച് നിർമ്മാണക്കമ്പനി തുടങ്ങുകയും ബാങ്കിൽ സ്ഥിര നിക്ഷേപമിടുകയും ചെയ്‌തു. ബോർഡ് സി.ഇ.ഒമാരായ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പേരിലും വ്യാജരേഖകൾ നിർമ്മിച്ച് ബാങ്കിൽ നിന്ന് പണം പിൻവലിച്ചു. തട്ടിപ്പിലൂടെ സമ്പാദിച്ച 35ഇടത്തെ ഭൂമിയും അനിലിന്റെ ഫോർച്യൂണർ കാറും വിജിലൻസ് കണ്ടുകെട്ടിയിരുന്നു.


Source link
NEWS
Exit mobile version