മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: ‘കുടുംബങ്ങളെ പെരുവഴിയിലാക്കില്ല, ചർച്ചയിൽ പുരോഗതി’

കൊച്ചി∙ കിഴക്കമ്പലം മലയിടംതുരുത്ത് പര്യത്ത്കാവിലെ ദലിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നം സമവായത്തിലേക്ക് എത്താൻ സാധ്യതയേറി. നിലവിൽ ഇവിടുത്തെ 8 കുടുംബങ്ങൾ താമസിക്കുന്ന ഭൂമിയിൽ തന്നെ 5 സെന്റ് സ്ഥലം വീതം വീട്ടുകൊടുക്കാനുള്ള നിർദേശം സർക്കാർ മറുഭാഗത്തുള്ള ശങ്കരൻ നായരുടെ കുടുംബത്തിനു മുമ്പാകെ വച്ചു. ഈ ഭൂമിയിൽ സർക്കാർ മുൻകൈ എടുത്ത് കുടുംബങ്ങൾക്ക് വീടും വഴിയും ഉൾപ്പെടെയുള്ളവ നിർമിച്ചു നൽകുമെന്നു ചർച്ചകൾക്കു ശേഷം മന്ത്രി റോജി എം.ജോൺ വ്യക്തമാക്കി. ഇക്കാര്യത്തിൽ ഇരുകൂട്ടരും കൂടിയാലോചനകൾക്കു ശേഷം തിങ്കളാഴ്ച വീണ്ടും വിഷയം ചർച്ച ചെയ്യും. കുടുംബങ്ങളെ അവർ താമസിക്കുന്ന ഭൂമിയിൽ നിന്ന് ഇറക്കി വിടരുത് എന്നതായിരുന്നു തങ്ങൾ മുന്നോട്ടു വച്ച ആവശ്യമെന്നും ചർച്ച പൊസിറ്റീവായി തന്നെയാണ് മുന്നോട്ടു പോകുന്നതെന്നും സമരസമിതിയെ പ്രതിനിധീകരിച്ച് മുൻ എംഎൽഎ പി.വി.ശ്രീനിജിൻ വ്യക്തമാക്കി.‘‘മുഖ്യമന്ത്രി നിര്‍ദേശിച്ചതനുസരിച്ച് ഇരു കൂട്ടരുമായും വിഷയം ചർച്ച ചെയ്തു. കോടതി വിധി വളരെ വ്യക്തമാണ്. അതനുസരിച്ച് മുന്നോട്ടു പോകുമ്പോൾ കുടുംബങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചൊക്കെ സർക്കാരിന് പൂർണ ബോധ്യമുണ്ട്. അവരെ പെരുവഴിയിലാക്കില്ല എന്ന് മുഖ്യമന്ത്രി നിയമസഭയിൽ ഉൾപ്പെടെ പറഞ്ഞിട്ടുള്ള കാര്യമാണ്. അതുകൊണ്ട് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഈ പ്രശ്നം രമ്യമായി പരിഹരിക്കണം എന്നു തന്നെയാണ് സർക്കാരിന്റെ ആഗ്രഹം. ചർച്ചയിൽ പുരോഗതിയുണ്ട.് ചില നിർദേശങ്ങൾ രണ്ടുഭാഗത്തു നിന്നും വന്നിട്ടുണ്ട്. അത് സർക്കാരിന്റെ പരിഗണനയിലുണ്ട്. തങ്ങൾ താമസിക്കുന്ന സ്ഥലത്തു തന്നെ അവർക്ക് താമസിക്കണം എന്നാണ് അവിടെയുള്ളവർ ആവശ്യപ്പെട്ടത്. എന്നാൽ കോടതി വിധി അനുകൂലമായിട്ടുള്ള കക്ഷികൾ പറഞ്ഞിട്ടുള്ളത് സമീപത്ത് എവിടെയെങ്കിലും ഇവർക്ക് ആവശ്യമായ സ്ഥലം ലഭ്യമാക്കാം എന്നൊരു നിര്‍ദേശമാണ്. 2 നിർദേശങ്ങളും പരിഗണിച്ച് ചർച്ചയുടെ ഭാഗമായി ശങ്കരൻ നായരുടെ മുമ്പാകെ സർക്കാർ ഒരു നിർദേശം വച്ചിട്ടുണ്ട്. ഈ വസ്തുവിൽ തന്നെ അതിന്റെ ഒരു ഭാഗത്ത് ഈ കുടുംബങ്ങൾക്ക് 5 സെന്റ് സ്ഥലം വീതം ലഭ്യമാക്കണം എന്നാണ് ആ നിർദേശം. അത് ചർച്ച ചെയ്ത് അറിയിക്കാമെന്ന് അവർ പറഞ്ഞിട്ടുണ്ട്. അതുപോലെ അവിടെയുള്ള കുടുംബങ്ങൾക്കു മുമ്പാെകയും ഈ നിർദേശം വച്ചിട്ടുണ്ട്. ഇങ്ങനെ ലഭ്യമാകുന്ന സ്ഥലത്ത് സർക്കാർ തന്നെ മുൻകൈ എടുത്ത് അവർക്ക് വീട് വച്ചു കൊടുക്കും. ഇരു കൂട്ടരും ചർച്ച ചെയ്ത് അറിയിക്കാം എന്നാണ് പറഞ്ഞിട്ടുള്ളത്’’– ചർച്ചയ്ക്കു ശേഷം മന്ത്രി വ്യക്തമാക്കി.
Source link
