‘ട്രയോൻഡ’ പന്തിന്റെ ഔദ്യോഗിക ചെറുപതിപ്പുകൾ ആവേശമാവുന്നു; നാട്ടില്‍ കളറായി ഫുട്ബോൾ ആവേശം

കോഴിക്കോട് ∙ മൂന്നു രാജ്യങ്ങളിലായി ലോകകപ്പ് പന്തുരുളാൻ ഇനി മൂന്നുദിവസം മാത്രം. ഇത്തവണ ലോകകപ്പിനായി അഡിഡാസ് രൂപകൽപന ചെയ്ത ഔദ്യോഗിക പന്തിന് ‘ട്രയോൻഡ’ എന്നാണു പേര്. മൂന്നു രാജ്യങ്ങളിലെ മൂന്നു ആവേശത്തിരകൾ എന്ന അർഥത്തിലാണ് പേരിട്ടിരിക്കുന്നത്. അങ്ങ് അമേരിക്കൻ ഭൂഖണ്ഡത്തിൽ ‘ട്രയാൻഡ’ ആവേശമാവുമ്പോൾ ഇവിടെ കോഴിക്കോട്ടും ‘ട്രയോൻഡ’ തരംഗമാവുകയാണ്. ‘ട്രയോൻഡ’യുടെ അഡിഡാസ് പുറത്തിറക്കിയ യഥാർഥ മാതൃകയാണ് ജില്ലയിലെ ലോകകപ്പ് ആവേശത്തിനു മാറ്റുകൂട്ടാൻ കഴിഞ്ഞ ദിവസം എത്തിയതെന്നന്ന് നടക്കാവ് പ്ലേ വെൽ ജനറൽ മാനേജർ ടി.പി.ഗിരീഷ്ബാബു പറഞ്ഞു.ലോകകപ്പിൽ കളിക്കാനുപയോഗിക്കുന്നത് ചിപ്പുകൾ ഘടിപ്പിച്ച പന്താണ്. ഓരോ തവണ പന്തിൽ കാലു തട്ടുമ്പോഴും കണക്ക് കൃത്യമായി കിട്ടും. പന്തിന്റെ വേഗം, പാസുകളുടെ ദൂരം എന്നിവയും കൃത്യമായി അറിയാം. ഇന്ത്യയിലെ നിരക്കുകൾ പ്രകാരം ഒരു യഥാർഥ പന്തിന് ഏകദേശം പതിനാലായിരത്തിലധികം രൂപയാണ് വില. ഇത് കേരളത്തിൽ ആരും വാങ്ങി സൂക്ഷിക്കാൻ സാധ്യതയില്ല. അതുകൊണ്ടാണ് ട്രയോൻഡയുടെ ചെറുപതിപ്പുകൾ കമ്പനി പുറത്തിറക്കിയത്. ഇൻഡോനേഷ്യയിലെ അഡിഡാസ് പ്ലാന്റിൽ നിർമിച്ച ഈ പന്തിന് 2,800 രൂപയോളമാണ് കോഴിക്കോട്ടെ വില. ജില്ലയിലെ ഫുട്ബോൾ ആരാധകർ വിവിധ ഘോഷയാത്രകളിലും പരിപാടികളിലും പ്രദർശിപ്പിക്കുക ഈ ഔദ്യോഗിക പകർപ്പാണ്. ഞായറാഴ്ചയോടെ ജില്ലയിലെ ക്ലബ്ബുകളും ആരാധകകൂട്ടായ്മകളും ആഘോഷം തുടങ്ങാനിരിക്കെ പന്തു തേടി അനേകം പേർ എത്തുന്നതായും ഗിരീഷ് ബാബു പറഞ്ഞു.
Source link
