നിലവിളക്ക് കൊളുത്തിയ ഫാത്തിമ തഹ്‌ലിയയെ സമസ്ത തിരുത്തി; ‘വെളിച്ചം ലഭിക്കാനുളള ഉപാധിയെന്ന നിലയിൽ അനുവദനീയം’

കോഴിക്കോട് ∙ ഉദ്ഘാടന ചടങ്ങിൽ നിലവിളക്കു കൊളുത്തിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ പേരാമ്പ്രയിലെ എംഎൽഎ ഫാത്തിമ തഹ്‌ലിയയെ തിരുത്തി സമസ്ത. പേരാമ്പ്രയിലെ ഒരു ഫാമിലി റസ്റ്ററന്റ് നിലവിളക്കു കൊളുത്തി എംഎൽഎ ഉദ്ഘാടനം ചെയ്തതാണ് വിവാദമായത്. ഇസ്‌ലാമിൽ അടിസ്ഥാനമില്ലാത്തതും ഇതര മതസ്ഥർ അവരുടെ മതാചാരമായി നിർവഹിക്കുകയും ചെയ്യുന്ന ചടങ്ങുകളും ആചാരങ്ങളും മുസ്‌ലിംകൾ വർജിക്കണമെന്ന് കഴിഞ്ഞ ദിവസം പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്രമുശാവറ യോഗമാണ് അഭിപ്രായപ്പെട്ടത്. എന്നാൽ മറ്റു വിളക്കുകളെപ്പോലെ വെളിച്ചം ലഭിക്കാനുളള ഒരു ഉപാധി എന്ന നിലയിൽ നിലവിളക്ക് കത്തിച്ച് ഉപയോഗപ്പെടുത്തുകയാണെങ്കിൽ അത് അനുവദനീയമാണെന്നുമാണു യോഗം വിലയിരുത്തിയത്.ഇക്കഴിഞ്ഞ ബുധനാഴ്ച ചേർന്ന സമസ്ത മുശാവറ പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നതിങ്ങനെ: ‘‘പരിശുദ്ധ ഇസ്‌ലാമിൽ അടിസ്ഥാനമില്ലാത്തതും ഇതര മതക്കാർ അവരുടെ മതാചാരമായി നിർവഹിച്ചു വരുന്നതുമായ ചടങ്ങുകളും ആചാരങ്ങളും മുസ്‌ലിംകൾ വർജിക്കണമെന്ന് കോഴിക്കോട് ചേർന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്രമുശാവറ യോഗം ആഹ്വാനം ചെയ്തു. നിലവിൽ നടക്കുന്ന നിലവിളക്ക് വിവാദം സംബന്ധിച്ച ചർച്ചയിലാണു മുശാവറ യോഗം മേൽ തീരുമാനം കൈക്കൊണ്ടത്. പ്രത്യേക ആചാരങ്ങളിൽ നിലവിളക്ക് കത്തിക്കൽ ഒരു പ്രത്യേക മത ചടങ്ങായി കാലങ്ങളായി അമുസ്‌ലിംകൾ നിർവഹിച്ചു വരുന്ന കാര്യമാണ്. ഇസ്‌ലാം വിരുദ്ധ വിശ്വാസങ്ങൾ ഉൾക്കൊള്ളുകയും അടിസ്ഥാനമാക്കുകയും ചെയ്തു കൊണ്ട് ഒരു മുസ്‌ലിം അങ്ങനെ പ്രവർത്തിച്ചാൽ അത് ഇസ്‌ലാമിൽ നിന്ന് പുറത്തു പോകാൻ കാരണമാകുന്നതാണ്. മറിച്ച് അത്തരം വിശ്വാസങ്ങൾ ഉൾക്കൊള്ളാതെയും അടിസ്ഥാനമാക്കാതെയും അമുസ്‌ലിംകളോട് സാദൃശ്യം പുലർത്തുക എന്ന നിലയിലാണ് അത് ചെയ്തതെങ്കിൽ ആ പ്രവർത്തി നിഷിദ്ധവും കുറ്റകരവുമാണ്. എന്നാൽ, ഒരാൾ വെളിച്ചം മാത്രം ഉദ്ദേശിച്ച് മറ്റ് വിളക്കുകളെ പോലെ വെളിച്ചം ലഭിക്കാനുള്ള ഒരു ഉപാധി എന്ന നിലയിൽ നിലവിളക്ക് കത്തിച്ച് ഉപയോഗപ്പെടുത്തുകയാണെങ്കിൽ അത് അനുവദനീയവും ആണ്. നമ്മുടെ രാജ്യത്തിന്റെ ഐക്യവും സൗഹാർദ്ദവും നിലനിർത്തുന്നതോടൊപ്പം ഇത്തരം കാര്യങ്ങൾ ലാഘവത്തോടെ കാണാതെ എല്ലാവരും സൂക്ഷിക്കേണ്ടതാണെന്നും സമസ്ത മുശാവറ ഉപദേശിച്ചു.’’
Source link
