മുഴമൂക്കൻ കുഴിമണ്ഡലി: കാണുന്നത് വിരളം; മറ്റു വിഷപ്പാമ്പുകളെ അപേക്ഷിച്ച് വിഷം കുറവ്, പക്ഷേ…

മലപ്പുറം∙ മറ്റു പാമ്പുകളെ അപേക്ഷിച്ച് കാണുന്നത് വിരളമാണെങ്കിലും അൽപം സൂക്ഷിക്കേണ്ട ഒന്നാണ് മുഴമൂക്കൻ കുഴിമണ്ഡലി അഥവാ ഹംപ് നോസ്ഡ് പിറ്റ് വൈപർ. 35–40 സെന്റിമീറ്റർ മാത്രം വലിപ്പമുള്ള ചെറിയ പാമ്പുകളാണിവ. മറ്റു വിഷപ്പാമ്പുകളെ അപേക്ഷിച്ച് വിഷം കുറവുമാണ്. എന്നാൽ കുട്ടികൾ, ഗർഭിണികൾ എന്നിവരെ കടിച്ചാൽ ഗുരുതരമാകാറുണ്ട്. കടിയേറ്റവരുടെ വൃക്കയെ പെട്ടെന്ന് ബാധിക്കാമെന്നതിനാൽ ഡയാലിസിസ് വേണ്ടി വരാറുണ്ട്. നേരത്തേ കോഴിക്കോട് ജില്ലയിലും ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇലകൾക്കിടയിലൊക്കെ ഒളിച്ചിരിക്കാൻ പറ്റുന്ന ശരീരപ്രകൃതിയാണ് (കാമഫ്ലാജ്) ഇവയുടേത്. ദക്ഷിണേന്ത്യയിൽ കുറേയിടങ്ങളിൽ കാണാമെങ്കിലും കേരളത്തിൽ തോട്ടങ്ങളിലും കാടിനോടു ചേർന്നുള്ള പ്രദേശങ്ങളിലുമാണ് ഇവയുണ്ടാകാറുള്ളത്. മൂക്കിന്റെ അറ്റം അൽപം ഉയർന്നു നിൽക്കുന്നതു കൊണ്ടാണ് മുഴമൂക്കൻ എന്ന പേര് വന്നത്. മറ്റു പാമ്പുകളെ അപേക്ഷിച്ച് സഞ്ചാരം വളരെ കുറവാണ്. ചവിട്ടേൽക്കുമ്പോൾ മാത്രമാണ് കടിക്കാറുള്ളത്. പശ്ചിമ ഘട്ടത്തിന്റെ പടിഞ്ഞാറൻ മേഖലകളിൽ ഗോവ മുതൽ കേരളം വരെയുള്ള ഭാഗത്ത് ഈ പാമ്പുണ്ട്. പാമ്പിന്റെ തലയുടെ മുകളിൽ ചെറിയ മുഴയുണ്ട് (ഹംപ്). അതിനാലാണ് ഈ പേരു വന്നത്. പൊതുവേ ഈർപ്പമുള്ള സ്ഥലങ്ങളിൽ കാണും. കരിയിലയിൽ ചേർന്നു കിടന്നാൽ തിരിച്ചറിയാൻ എളുപ്പമല്ല. ഒരടി മുതൽ ഒന്നര അടി വരെ നീളം കാണും. ചാര നിറമോ തവിട്ടു നിറമോ ആയിരിക്കും.
Source link
