മുടിപിടിച്ച് വലിച്ചിഴച്ചു, 20 തവണ കുത്തി; മുൻ കാമുകിയെ കൊലപ്പെടുത്തി യുവാവ്, പിന്നാലെ ആത്മഹത്യാശ്രമം

അമൃത്‌സർ∙ പഞ്ചാബിൽ മുൻ കാമുകിയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്. മൊഹാലിയയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ഹർവീന്ദർ മാൻ (ഹാരി) ആണ് സഹപ്രവർത്തക കൂടിയായ ഡിംപിളിനെ കൊലപ്പെടുത്തിയത്. ഇരുപതിലേറെത്തവണ ഹർവീന്ദർ ഡിംപിളിനെ കുത്തി പരുക്കേൽപ്പിച്ചിരുന്നു. പിന്നാലെ സ്വന്തം കഴുത്തിൽ പലതവണ കുത്തി ഇയാൾ ജീവനൊടുക്കാനും ശ്രമിച്ചു. ക്രൂരതയുടെ ദൃശ്യങ്ങൾ സ്ഥാപനത്തിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. വ്യാഴാഴ്ച വൈകിട്ട് 7.40 ഓടെയാണ് ഹർവീന്ദർ ഓഫിസിലെത്തുന്നത്. തുടർന്ന് ഇയാൾ ഡിംപിൾ ഇരുന്ന സ്ഥലത്തെത്തിയ ശേഷം പിന്നിൽനിന്ന് യുവതിയെ ആക്രമിക്കുകയായിരുന്നു. സീറ്റിൽനിന്നെഴുന്നേറ്റ് ഡിംപിൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഹർവീന്ദർ പിന്നാലെ ചെന്ന് മുടിയിൽ പിടിച്ചു വലിച്ചിഴച്ച് വാതിലിനടുത്തെത്തിച്ച ശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം ഓഫിസിലുണ്ടായിരുന്ന മറ്റ് ജീവനക്കാർ ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. ഡിംപിളിന് ചലനമില്ലാതായതോടെ ഓഫിസിലെ ഒരു കസേരയിൽ ഇരുന്ന ഹർവീന്ദർ തുടർന്ന് സ്വന്തം കഴുത്തിൽ മുപ്പതോളം തവണ കുത്തുന്നത് ദൃശ്യങ്ങളിലുണ്ട്. ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഡിംപിളിനെ രക്ഷിക്കാനായില്ല. പ്രതിയുടെ നിലയും ഗുരുതരമായി തുടരുകയാണ്.
Source link
